ഡോ. സുകുമാര്‍ കാനഡ
ശബരിമലയില്‍ താന്ത്രികചിട്ടയിലുള്ള ആചാരങ്ങള്‍ കൃത്യമായി പിന്തുടര്ന്നു വരുന്നു. അവിടെ അയ്യപ്പ വിഗ്രഹം നൈഷ്ഠിക ബ്രഹ്മചാരിയായ സംന്യാസിയുടെ ഭാവത്തിലാണ് കുടികൊള്ളുന്നത്. യോഗപീഠത്തില്‍ ചിന്മുദ്രാധരനായി, ധ്യാനനിമഗ്നനായി ഭഗവാന് വാണരുളുന്നു. തന്റെ ഭക്തര്‍ക്ക് ദര്‍ശനത്തിനായി വര്‍ഷത്തില്‍ കുറച്ചു ദിവസങ്ങള്‍ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. അയ്യപ്പന് ആ വനസങ്കേതത്തില്‍ ഉപവിഷ്ടനായതിന്റെ ലക്ഷ്യം തന്നെ ധ്യാനനിഷ്ഠയാണ്. ദര്ശനനം നടത്താന്‍ ഭക്തര്‍ക്കുളള കാലനിയന്ത്രണത്തിനു കാരണവുമിതാണ്. മുഴുവന്‍ സമയവും ധ്യാനത്തില്‍ ചെലവഴിക്കാനാണ് ഭഗവാന് ആ സവിധം തിരഞ്ഞെടുത്തത്. അങ്ങനെ വരുമ്പോള്‍, കാനനവാസനായി ധ്യാനത്തിലിരിക്കുന്ന സ്വാമിയുടെ ഭാവവും വാസവും തെറ്റാതെനോക്കേണ്ടത് സമൂഹത്തിന്റെ കടമയല്ലേ?
ബ്രഹ്മചര്യവും ആചാരങ്ങളും
എട്ടുവിധത്തില്‍ സാദ്ധ്യമാവുന്ന ബ്രഹ്മചര്യധ്വംസനങ്ങള് ഒഴിവാക്കുന്ന രീതിയിലാണ് അയ്യപ്പനവിടെ കുടിയിരിക്കുന്നത്. തന്നെ ദര്ശിക്കാനെത്തുന്നവരെയും ഇത്തരത്തില്‍ ബ്രഹ്മചര്യനിഷ്ഠയുള്ളവരായി കാണാനാണ് സ്വാമിക്കിഷ്ടം. ഇക്കാരണം കൊണ്ടാണ് യൗവനയുക്തകളായ സ്ത്രീകള്‍ ശബരിമല ദര്‍ശനത്തിന് എത്താത്തത്. 41 ദിവസത്തെ വ്രതമെടുത്ത് മനസ്സിലും ശരീരത്തിലും ബ്രഹ്മചര്യം പരിപാലിച്ചാണല്ലോ സാധകര്‍ മലയിലെത്തി ദര്‍ശനം നടത്തേണ്ടത്. യൗവനയുക്തകളായ സ്ത്രീകള്‍ക്ക് 41 ദിവസങ്ങളില്‍ താപസഭാവം ആര്‍ജ്ജിക്കാന്‍ മനസ്സുകൊണ്ട് സാധിച്ചാലും ശരീരം അതിന് അനുവദിക്കുന്നില്ല. സ്ത്രീകളുടെ ശരീരം പ്രത്യുല്‍പ്പാദന ക്ഷമമായി വര്‍ത്തിക്കുന്ന കുറേ ദിവസങ്ങള്‍ ഒരു മണ്ഡലകാലത്തിനുള്ളില്‍ ഉണ്ടാകും. പുരുഷനെ സംബന്ധിച്ചിടത്തോളം ശാരീരികമായ ബ്രഹ്മചര്യം അവന്റെ മനസ്സിനാല്‍ നിയന്ത്രിക്കാവുന്നതാണ്.
ശബരിമല ആചാരരഹിതമായാല്
ഇത്തരം സങ്കല്‍പ്പങ്ങളും ആചാരങ്ങളും ഇല്ലെങ്കില്‍ ശബരിമല അയ്യപ്പക്ഷേത്രത്തിന് ഇപ്പോള്‍ നാം കല്‍പ്പിക്കുന്ന പ്രത്യേകതകള്‍ ഒന്നുമില്ലാതെയാവും. ഓരോ ക്ഷേത്രവും നിലനില്‍ക്കുന്നത് അതത് ക്ഷേത്രത്തിന്റെ സവിശേഷതകള്‍ ഭക്തരെ ആകര്‍ഷിക്കുന്നതിനാലാണ്. ആചാരരഹിതമായ ശബരിമല വെറുമൊരു വിനോദയാത്രയ്ക്കുള്ള ഇടം മാത്രമായിത്തീരും. ചടങ്ങുകളില്‍ വരുന്ന മാറ്റം ക്ഷേത്രത്തിന്റെ പ്രചോദനപരമായ സാദ്ധ്യതകളെയാണ് ഇല്ലായ്മ ചെയ്യുന്നത്. അയ്യപ്പസ്വാമി എന്ന അവതാരമൂര്‍ത്തി പുരുഷന്മാരോട് പക്ഷപാതം കാണിക്കുന്ന ദേവതയാണോ എന്ന് ചിലര്‍ക്കെങ്കിലും സംശയം തോന്നിയേക്കാം. എന്നാല്‍ ഇതൊരു സാമൂഹികക്രമം മാത്രമാണെന്ന് ഇന്ത്യയിലെ വിവിധക്ഷേത്രങ്ങളെപ്പറ്റി പഠിച്ചാല്‍ മനസ്സിലാകും. സ്ത്രീകള്‍ പൂജിക്കുന്ന, സ്ത്രീകള്‍ക്കു മാത്രം ദര്‍ശനം അനുവദിക്കുന്ന എത്രയോ ക്ഷേത്രങ്ങള്‍ ഇന്ത്യയിലുണ്ട്. സ്ത്രീകളുടെ മാസമുറയെ ആഘോഷമായികൊണ്ടാടുന്ന ദേവീക്ഷേത്രങ്ങളുമുണ്ട്. മാത്രമല്ല, സ്വാമിഅയ്യപ്പനായി നിലകൊള്ളുന്ന, ശബരിമലയിലുള്ള, ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ മാത്രമേ ഇത്തരം കഠിന നിഷ്ഠകള്‍ നിലവിലുള്ളൂ. എല്ലാവര്ക്കും നിത്യവും സന്ദര്‍ശിക്കാവുന്ന ശ്രീധര്‍മ്മശാസ്താ ക്ഷേത്രങ്ങള്‍ തെക്കേഇന്ത്യയില്‍ ഉടനീളമുണ്ട്. അവിടെയെല്ലാം പ്രായഭേദമെന്യേ സ്ത്രീകള്‍ക്ക് ദര്‍ശനം നടത്താം.
അവതാര വൈവിധ്യങ്ങള്‍
കുളത്തൂപ്പുഴ ധര്‍മ്മശാസ്താക്ഷേത്രത്തില്‍ ഭഗവാന് ബ്രഹ്മചാരിയായ ബാലശാസ്താവാണ്. ആര്യന്കാവിലാകട്ടെ ഗൃഹസ്ഥനാണ്. പൂര്‍ണ്ണ, പുഷ്ക്കല എന്നീ ഭാര്യമാരോടൊപ്പം, സത്യകന് എന്ന പുത്രനുമൊത്താണ് ഭഗവാനെ അവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. അച്ചന്‍കോവിലില്‍ വാനപ്രസ്ഥഭാവത്തിലാണ്. എന്നാല്‍ ശബരിമലയില്‍ മനുഷ്യജീവിതത്തില്‍ കൈക്കൊള്ളേണ്ട നാലാംഘട്ടമായ സംന്യാസഭാവത്തിലാണ് അയ്യപ്പനുള്ളത്. നൈഷ്ഠികബ്രഹ്മചര്യം പാലിക്കുന്ന, അയ്യപ്പനെന്ന ധര്‍മ്മശാസ്താ അവതാരം ശബരിമലയില്‍ മാത്രമേയുള്ളു. അവിടെ മാത്രമേ യുവതികള്‍ക്ക് പ്രവേശനം നിഷേധിച്ചിട്ടുള്ളു. ഇതൊരിക്കലും വിവേചനമല്ല, മറിച്ച് ദേവതാവിശേഷമാണ്. ദേവതാസങ്കല്പ്പത്തിലും വിഗ്രഹ പൂജയിലും ശ്രദ്ധയുള്ളവര്‍ക്ക് ഭഗവാന്റെ ഒരനന്യഭാവമായി മാത്രമേ തോന്നുകയുള്ളു. നാനാത്വത്തില്‍ ഏകത്വം ദര്‍ശിക്കുന്ന ഭാരതത്തില്‍ ബഹുസ്വരമായ ആത്മീയചിന്താപദ്ധതികള് ആഘോഷിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: