ഡോ. ആര്. ഗോപിനാഥന്
ചരിത്രം ഇരുതല മൂര്‍ച്ചയുള്ള വാളാണ്. അത് സാഹിത്യ-സിനിമാ മേഖലകള്‍ പോലെ കൈകാര്യം ചെയ്യാനാകുന്നതല്ല. സാഹിത്യമോ സിനിമയോ കാലികമായ ആക്ഷേപങ്ങളിലൂടെ വര്‍ത്തമാനകാലത്ത് ചില വിക്ഷോഭങ്ങളുണ്ടാക്കി കടന്നുപോകുന്ന താല്‍ക്കാലികാസ്വാസ്ഥ്യങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നത് കുറച്ചുകാണുകയല്ല. ചരിത്രപഠനങ്ങളും ചരിത്രാന്വേഷണവും സൃഷ്ടിക്കാവുന്ന ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള കലാപങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സാഹിത്യ അക്കാദമിയോ അത്തരം സ്ഥാപനങ്ങളോ പോലെയല്ല ചരിത്ര പൈതൃക പഠനകേന്ദ്രം.
മാപ്പിള ലഹളയും പട്ടണം പുരാവസ്തു പഠനവും ആറ്റിങ്ങല്‍ കലാപവുമെല്ലാം ഇപ്പോള്‍ വലിയ രാഷ്ട്രീയ-സാമുദായിക പ്രശ്നങ്ങളായി വികസിച്ചിരിക്കുന്നത് ഇക്കാര്യമാണ് ഓര്‍മപ്പെടുത്തുന്നത്. അതിനാല്‍, തൃപ്പൂണിത്തുറ പൈതൃകപഠന കേന്ദ്രത്തില്‍ എം.ആര്. രാഘവ വാര്യരെ പുനര്‍നിയമിക്കാനുള്ള നീക്കം പേടിയോടെ കാണേണ്ടുന്ന കാര്യമാണ്. നാളെ പൊട്ടാനായി ഇന്ന് കുഴിബോംബുകള്‍ കുഴിച്ചിടാന്‍ കഴിയുന്ന സ്ഥാപനമാണിത്. ചരിത്രവും പൈതൃകവും ഒരായുധശാലയാണെന്ന് തിരിച്ചറിയണം. ബ്രിട്ടീഷുകാര്‍ അത്തരത്തില്‍ ചരിത്രംകൊണ്ട് വച്ച കെണിയുടെ ഫലമാണ് ഇന്ത്യയും പാക്കിസ്ഥാനുമെന്നത് മാത്രമല്ല, ഇന്നും ഇന്ത്യ നേരിടുന്ന മതതീവ്രവാദ ഭീഷണികളുമെന്ന വസ്തുത ഒരിക്കലും ഒരു യാദൃച്ഛികതയല്ല. രാഘവ വാര്യരെ വീണ്ടും തൃപ്പൂണിത്തുറ പൈതൃക പഠനകേന്ദ്രത്തിന്റെ തലവനാക്കുന്നത് വഴി ആ സ്ഥാപനത്തിന്റെ വിശ്വാസ്യത സംശയത്തിന്റെ കരിനിഴലിലാകുകയും ചരിത്രത്തിന്റെ അപകടകരമായ പ്രയോഗമെന്ന ഭീഷണി നേരിടേണ്ടിവരികയും ചെയ്യും.
എന്നുവച്ചാല്‍, വ്യാജമായി നിര്‍മിക്കപ്പെട്ട ഒരു ചെമ്പോല ഉപയോഗിച്ച് ശബരിമല ക്ഷേത്രത്തെ തകര്‍ക്കാനുള്ള ശ്രമത്തിന് കൂട്ടുനിന്ന ഒരാളുടെ പുനര്‍നിയമനത്തിലൂടെ പൈതൃക പഠന സ്ഥാപനത്തിന്റെ പ്രവര്‍ത്തന ലക്ഷ്യം തന്നെ റദ്ദാകുന്നുവെന്നര്‍ത്ഥം. ഒരു ചരിത്രകാരനെന്ന നിലയില്‍ രാഘവ വാര്യരുടെ പ്രവര്‍ത്തനങ്ങള്‍ സാമാന്യഗതിയില്‍ പ്രസക്തമല്ല. അതംഗീകരിക്കുന്നവര്‍ക്ക് അദ്ദേഹത്തെ ചരിത്രകാരനെന്ന് വാഴ്ത്തുകയോ, അല്ലാത്തവര്‍ക്ക് അവഗണിക്കുകയോ ചെയ്യാവുന്നതേയുള്ളൂ. സിപിഎമ്മിന്റെ കല്‍പ്പന കാത്തുനില്ക്കുന്ന അത്തരം ചരിത്രമെഴുത്തുകാരും സാഹിത്യമെഴുത്തുകാരും ധാരാളമുണ്ട്. എന്നാല്‍, സ്വയം സത്യസന്ധനല്ലെന്നോ അല്ലെങ്കില്‍ ചരിത്രപരമായ വിശകലനകാര്യത്തില്‍ തികച്ചും അജ്ഞനെന്നോ തെളിയിച്ചിട്ടുള്ള ഒരാളാണ് ഇദ്ദേഹമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയത്തിനും ഇടയില്ലല്ലോ.
തൊട്ടുമുന്‍പ് രാഘവവാര്യര് പൈതൃക പഠനകേന്ദ്രത്തിന്റെ ഭരണാധികാരിയായിരുന്നുവെന്നത് സിപിഎം സാധാരണ അനുവര്‍ത്തിച്ചുവരുന്ന പാര്‍ട്ടിത്തീരുമാനങ്ങളിലൊന്ന് എന്ന നിലയില്‍ മാത്രം കണ്ടാല്‍ മതിയായിരുന്നു. കാരണം, ഏതെങ്കിലുമൊരു രാഘവവാര്യരെന്നതിലപ്പുറം ആ സ്ഥാനത്തിരിക്കുവാനുള്ള യോഗ്യതയേയോ, ഏതെങ്കിലും സ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കപ്പെടുന്ന വ്യക്തിയുടെ ഗുണനിലവാരത്തെക്കുറിച്ചോ-മുഖ്യമന്ത്രിയോടുള്ള അന്ധമായ ഭക്തിക്കപ്പുറം-മറ്റൊന്നും ആരും പ്രതീക്ഷിക്കുകയില്ല. ഇപ്പോഴതല്ല സാഹചര്യം. 24 ന്യൂസ് ചാനലും മോന്സണ് മാവുങ്കലും രാഘവവാര്യരും ചേര്‍ന്നൊരു വ്യാജരേഖ നിര്‍മിക്കുകയും പൈതൃക പഠനകേന്ദ്രം ഡയറക്ടറെന്ന തന്റെ സ്ഥാനമുപയോഗിച്ച് അത് മൗലികരേഖയാണെന്ന് സാധൂകരിച്ച് ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത ഒരു കുറ്റവാളിയുടെ പരിവേഷവുമായി നില്‍ക്കുകയാണ് അദ്ദേഹമെന്നുള്ളത് നിസാര കാര്യമല്ല.
എന്തുകൊണ്ട് മോന്സണ് മാവുങ്കലിനൊപ്പം വ്യജരേഖയുടെ പ്രചാരണത്തില്‍ പങ്കാളിയായ രാഘവവാര്യരും മറ്റും നിയമനടപടിക്ക് വിധേയമാകുന്നില്ലെന്ന വസ്തുത ഉയര്‍ത്തുന്ന ഭീഷണിയുടെ ചൂണ്ടുവിരല്‍ നീളുന്നത് അദ്ദേഹത്തിന് വീണ്ടും കിട്ടിയേക്കാവുന്ന പദവിയിലേക്കാണ്. അദ്ദേഹത്തിന് എന്തെങ്കിലുമൊരു മാന്യതയുണ്ടായിരുന്നെങ്കില്‍ താനൊരു കുറ്റകൃത്യമോ തെറ്റോ ചെയ്യുമ്പോഴിരുന്ന കസേര വീണ്ടും ആഗ്രഹിക്കുമായിരുന്നില്ല. അല്ലെങ്കില്‍ സര്‍ക്കാരിന്റെ താല്‍പര്യമനുസരിച്ചായിരിക്കാം അദ്ദേഹം 24 ന്യൂസ് ചാനലിന്റെയും മോന്‍സണിന്റെയും വ്യാജരേഖ നിര്‍മാണത്തിന് കൂട്ടുനിന്നത്. ലിപിയും പ്രാചീന രേഖകളും പരിശോധിക്കുന്നതില്‍ നിഷ്ണാതരായ പലരും-അതില്‍ സിപിഎമ്മുകാരുമുണ്ട്-ഉണ്ടായിരിക്കേ 24 ചാനല്‍ എന്തുകൊണ്ടാണ് ഇദ്ദേഹത്തെ സമീപിച്ചത്? എന്തുകൊണ്ടാണ് അത് കേട്ടപാടേ സിപിഎമ്മും അവരുടെ മാധ്യമങ്ങളും ചാനലിനൊപ്പം ചേര്‍ന്ന് അതേറ്റെടുത്ത് ശബരിമല ക്ഷേത്രത്തിനെതിരെ പ്രയോഗിച്ചത്? മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണോ? സിപിഎമ്മിന്റെ ഏക നേതാവ് അഥവാ ഡിക്ടേറ്റര്‍ മുഖ്യമന്ത്രി മാത്രമായതിനാലാണ് സംശയത്തിന്റെ കുന്തമുന അദ്ദേഹത്തിലേക്കുതന്നെ നീളുന്നത്.
രാഘവാര്യര്‍ക്ക് ഒന്നുകില്‍ ചെമ്പോലയും ശിലാരേഖയും വട്ടെഴുത്തും ബ്രാഹ്മി ലിപിയുമൊന്നും തിരിച്ചറിയാന്‍ ശേഷിയില്ല. അല്ലെങ്കില്‍ ‘മോന്സണ് ചെമ്പോല’ വ്യാജമാണെന്നറിഞ്ഞുകൊണ്ട് കള്ളം പറഞ്ഞു. രണ്ടായാലും ചരിത്രത്തോടും പൈതൃകത്തോടും ആദരവോ ആത്മാര്‍ത്ഥമായ സമീപനമോ ഇല്ലാത്തയാളാണെന്ന് തെളിഞ്ഞുകഴിഞ്ഞു. ഇത് സഹകരണ ബാങ്കുകളില്‍ നിന്ന് പണമടിച്ചുമാറ്റുകയോ ദുരിതാശ്വാസ ഫണ്ടില്‍നിന്ന് കൈയിട്ടു വാരുകയോ സ്വര്‍ണക്കടത്തും മയക്കുമരുന്നു കടത്തും മാഫിയാവത്കരണവും നടത്തുകയോ ചെയ്യുന്നതുപോലെ കേവലം സാമ്പത്തിക-ക്രിമിനല്‍ കുറ്റകൃത്യങ്ങളുണ്ടാക്കുന്ന ഭവിഷ്യത്തല്ല ഉണ്ടാക്കുക. ഒരു സംസ്ഥാനത്തിന്റെ ഭൂതകാലത്തെയും ഭാവികാലത്തെയും വക്രീകരിക്കാനും അങ്ങനെ നിക്ഷിപ്ത താല്പര്യക്കാര്ക്ക് സംസ്ഥാനത്തെ അടിയറവയ്ക്കുവാനും മാത്രമല്ല വര്‍ത്തമാനകാലത്തെ സാമൂഹികവും സാമുദായികവുമായ കലാപങ്ങളിലേക്ക് നയിക്കുവാനും
കാരണമാകാവുന്ന ചതിക്കുഴികള്‍ നിര്‍മിക്കാനിടവരുത്തും. അതുകൊണ്ടാണ് ഇത് ഭാവിയെക്കൂടി തകര്‍ക്കുന്ന നിയമനമാകുന്നത്. മനഃസാക്ഷിയില്ലാത്ത ഏതൊരു വ്യക്തിയും ചരിത്രത്തില്‍ പല അപകടങ്ങളും വിതച്ചിട്ടുണ്ടെന്ന് മറക്കരുത്. കണ്ടാല്‍ പഠിച്ചില്ലെങ്കില്‍ ഭയാനകമായ അനുഭവങ്ങളായിരിക്കും നമ്മെ കാത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: