പാലക്കാട്: ആര്‍എസ്എസ് തേനാരി മണ്ഡല് ബൗദ്ധിക് പ്രമുഖ് സഞ്ജിത്തിന്റെ നിഷ്ടൂരമായ കൊലയില്‍ പോലീസിന് വീഴ്ച പറ്റിയെന്ന് സുരേഷ്ഗോപി എംപി. കൊല നടന്ന ദിവസം സ്റ്റേഷനില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവരെല്ലാം ഇതിന് ഉത്തരം പറയേണ്ടിവരും. മരിച്ച വ്യക്തിയുടെ ജാതിയോ മതമോ രാഷ്ട്രീയമോ അല്ല പ്രശ്നം. മനുഷ്യന് എന്ന നിലയിലാണ് കാണേണ്ടത്. ഇതൊരു സാമൂഹിക അനീതിയാണ്. പ്രബുദ്ധമെന്ന് അവകാശപ്പെടുന്ന കേരളത്തില്‍ ഇത്തരം അധമ മനോഭാവത്തിന് വിളനിലമാകാന്‍ പാടില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
സഞ്ജിത്തിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സാന്ത്വനിപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നില്‍ രാഷ്ട്രീയ വിരോധമെന്ന് പോലീസ് എഫ്ഐആര്‍ പറയുന്നത്. എന്നാല്‍ കൊലപാതകത്തിലേക്ക് വഴിവെച്ച കാരണമെന്താണെന്ന് ഇതില്‍ വ്യക്തമാക്കിയിട്ടില്ല. കൊലപാതകം നടന്ന് ആറ് ദിവസത്തിന് ശേഷമാണ് എഫ്ഐആര്‍ പകര്‍പ്പ് പുറത്തുവരുന്നത്.
കണ്ടാല്‍ തിരിച്ചറിയാന്‍ സാധിക്കുന്ന അഞ്ച് പേരാണ് സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയതെന്നും ഇതില്‍ പറയുന്നുണ്ട്. എന്നാല്‍ പ്രതികളുടെ പേര് ഇതിലില്ല. തിങ്കളാഴ്ച രാവിലെ 8.45-ന് വെളുത്ത കാറിലെത്തിയവരാണ് കൊല ചെയ്തതെന്നും എഫ്ഐആര്‍ പറയുന്നു.
പ്രതികള്‍ സഞ്ചരിച്ച മാരുതി 800 വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. അതിനു പിന്നാലെയാണ് എഫ്ഐആറും പുറത്തുവന്നിരിക്കുന്നത്. ചില്ലുകളില്‍ കൂളിങ് ഗ്ലാസ് ഒട്ടിച്ച പഴയ വാഹനമാണ് അക്രമികള്‍ ഉപയോഗിച്ചത്.
പ്രതികള്‍ തമിഴ്നാട്ടിലേക്ക് കടന്നതായും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. കോയമ്പത്തൂരില്‍ പ്രവര്‍ത്തിക്കുന്ന എസ്ഡിപിഐയെ കേന്ദ്രീകരിച്ചും അന്വേഷിക്കുന്നുണ്ട്. അതേസമയം വ്യക്തമായ തെളിവുകള്‍ ഉള്‍പ്പടെയുള്ളവ ശേഖരിച്ച ശേഷം മാത്രമേ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങൂവെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. വിവാദങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കാനാണിത്.
പാലക്കാട് എസ്പി ആര്. വിശ്വനാഥിന്റെ മേല്‍നോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. പാലക്കാട്, ആലത്തൂര്‍ ഡിവൈഎസ്പിമാരും അന്വേഷണ സംഘത്തിന്റെ ഭാഗമാണ്. പാലക്കാട്, കസബ, മീനാക്ഷിപുരം, നെന്മാറ, കൊഴിഞ്ഞാമ്പാറ, ചെര്‍പ്പുളശ്ശേരി സിഐമാരും സംഘത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: