ന്യുദല്‍ഹി:ആവശ്യമായ പുതിയ ഇന്ത്യന്‍ സംവിധാനങ്ങള്‍ കൂടി ചേര്‍ത്ത് റഫാല്‍ ജെറ്റുകളുടെ നവീകരണം 2022 ജനവരി മുതല്‍ ആരംഭിക്കുമെന്ന് വ്യോമസേന അറിയിച്ചു. ഇന്ത്യയ്ക്കാവശ്യമായ പ്രത്യേക സൗകര്യങ്ങള്‍ കൂടി റഫാല്‍ ജെറ്റുകളില്‍ സ്ഥാപിക്കുകയാണ് ലക്ഷ്യം. ഇത് ഇപ്പോള്‍ ഇന്ത്യയിലെത്തിക്കഴിഞ്ഞ 30 റഫാല്‍ ജെറ്റുകളില്‍ ആദ്യം ഘടിപ്പിച്ച് ശക്തമാക്കും.
ഈ നവീകരണം കൂടി നടന്നാല്‍ ഇന്ത്യയിലെ റഫാല്‍ ജെറ്റുകള്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കും. അങ്ങേയറ്റം ശേഷിയുള്ള മിസ്സൈലുകള്‍, ഇലക്ട്രോണിക് യുദ്ധതന്ത്രങ്ങള്‍ ഉള്‍പ്പെടുത്തിയ ലോ ബാന്റ് ജാമേഴ്സ്, ഉപഗ്രഹ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ എന്നിവ കൂടിയാണ് റഫാല്‍ ജെറ്റുകളില്‍ പിടിപ്പിക്കാനുള്ളത്. ഈ നവീകരണ പ്രവര്‍ത്തനങ്ങള്‍ വ്യോമസേനയുടെ ഹരിയാനയിലെ അംബാല സ്റ്റേഷനിലാണ് നടക്കുക.
അവശേഷിക്കുന്ന ആറ് റഫാല്‍ ജെറ്റുകള്‍ കൂടി 2022 ഏപ്രിലിന് മുന്‍പായി എത്തുന്നതോടെ ഇന്ത്യ ഓര്‍ഡര്‍ ചെയ്ത 36 റഫാല്‍ ജെറ്റുകളും നല്‍കിക്കഴിയുമെന്ന് ഫ്രഞ്ച് അംബാസഡര്‍ ഇമ്മാനുവല്‍ ലെനെയ്ന്‍ പറഞ്ഞു. 30 റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇതിനോടകം ഇന്ത്യയ്ക്ക് കൈമാറിയിട്ടുണ്ട്.
അഞ്ച് വര്‍ഷം മുന്‍പ് ഒപ്പുവെച്ച കരാര്‍ അന്തര്‍-സര്‍ക്കാര്‍ കരാറുകള്‍ പ്രകാരം ഇതുവരെ 30 റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇവിടെ എത്തി. ഇനി അവശേഷിക്കുന്ന ആറ് റഫാല്‍ യുദ്ധവിമാനങ്ങള്‍ 2022 ഏപ്രിലില്‍ എത്തും. ഇന്ത്യന്‍ വ്യോമസേനയുടെ ഉന്നതോദ്യോഗസ്ഥ സംഘം ഇപ്പോള്‍ ഫ്രാന്‍സിലെ ഇസ്റ്റര്‍ എയര്‍ബേസില്‍ എത്തി ഇപ്പോള്‍ വരാനിരിക്കുന്ന റഫാല്‍ ജെറ്റുകളുടെ പ്രകടനം വിലയിരുത്തുകയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
36 റഫാല്‍ യുദ്ധവിമാനങ്ങള്‍ക്കായി ഓര്‍ഡര്‍ നല്‍കിയത് 2016ലാണ്. ഇതില്‍ ആദ്യ അഞ്ച് റഫാല്‍ ജെറ്റുകള്‍ ഇന്ത്യയില്‍ എത്തിയത് 2020 ജൂലായ് 29നാണ്.
പാകിസ്ഥാന് യുദ്ധവിമാനങ്ങളെ ദൂരെ നിന്നു തന്നെ നശിപ്പിക്കാന്‍ റഫാല്‍ ജെറ്റുകള്‍ക്ക് ശേഷിയുണ്ട്. ശത്രുരാജ്യത്തിന് തിരിച്ചറിയാന്‍ കഴിയാത്തവിധം അദൃശ്യമായി നിന്ന് ആക്രമിക്കാനുള്ള കഴിവാണ് റഫാല്‍ യുദ്ധ വിമാനങ്ങളുടെ പ്രത്യേകത. അതുപോലെ ആകാശത്ത് നിന്നും ഭൂമിയിലേക്ക് അയയ്ക്കാവുന്ന റഫാലില്‍ ഘടിപ്പിച്ചിട്ടുള്ള സ്കാല്‍പ് മിസൈലുകള്‍ക്ക് പാകിസ്ഥാനിലെ ഏത് ലക്ഷ്യസ്ഥാനത്തും അനായാസം ചെന്ന് പതിച്ച് നാശം വിതയ്ക്കാന്‍ കഴിയും. എന്തായാലും പാകിസ്ഥാന് മേല്‍ ഇന്ത്യയ്ക്ക് പ്രതിരോധരംഗത്ത് വലിയ കരുത്ത് പകരുന്നതാണ് റഫാല്‍ ജെറ്റുകളുടെ വരവ്. ഈ ജെറ്റുകള്‍ വൈദഗ്ധ്യത്തോടെ കൈകാര്യം ചെയ്യാനുള്ള പരിശീലനം ഇന്ത്യയിലെ പൈലറ്റുകള്‍ക്ക് നല്‍കിവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: