കൊല്ലം: യുപിഎ ഭരണകാലത്ത് വാണിജ്യവകുപ്പ് മന്ത്രിയുടെയും സ്പൈസസ് ബോര്‍ഡ് ഉന്നതരുടെയും കെടുകാര്യസ്ഥതയുടെ ഫലമായി കൊച്ചിയിലെ സ്പൈസസ് ബോര്‍ഡ് വരുത്തിവച്ച നഷ്ടം അന്വേഷിച്ച് മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ചവറയിലെ എ-ടെക് എന്‍ജിനീയറിങ് ആന്‍ഡ് മാനേജ്മെന്റിനു വേണ്ടി ഉടമ പ്രൊഫ. ഡി. അരവിന്ദാക്ഷന് നല്കിയ ആര്ബിട്രേഷന് കേസിലാണിത്. റിട്ട. ജസ്റ്റിസ് എ. ഹരിപ്രസാദിനെ ആര്‍ബിട്രേറ്ററായി നിയമിച്ചാണ് ഉത്തരവ്.
കൊച്ചി സ്പൈസസ് ബോര്‍ഡിന്റെ അധീനതയില്‍ മധ്യപ്രദേശിലെ ചിന്ദ്വാഡയില്‍ ഉള്ള സ്പൈസസ് പാര്‍ക്ക് എന്ന സ്ഥാപനത്തിന്റെ നടത്തിപ്പിനുവേണ്ടി ടെന്‍ഡര്‍ പ്രകാരം 2013 നവംബറിലാണ് ചവറയിലെ എ-ടെക് എന്‍ജിനീയറിങ് ആന്റ് മാനേജ്മെന്റ് എന്ന സ്ഥാപനത്തെ തെരഞ്ഞെടുത്തത്. 2014 ഡിസംബര്‍ വരെ 13 മാസം പ്രൊഫ. ഡി. അരവിന്ദാക്ഷന്റെ നേതൃത്വത്തില്‍ കിണഞ്ഞ് പരിശ്രമിച്ചിട്ടും സ്ഥാപനം പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിഞ്ഞില്ല.
വാടകയും കറന്റ് ചാര്‍ജ്ജും, ജീവനക്കാരുടെ ശമ്പളവും അടക്കം രണ്ട് കോടി രൂപ ചെലവഴിച്ചു. മൂന്ന് ഫാക്ടറികളാണ് ചിന്ദ്വാഡ സ്പൈസസ് പാര്‍ക്കില്‍ ഉള്ളത്. ഇത്തരം 10 പാര്‍ക്കുകളാണ് സ്പൈസസ് ബോര്‍ഡ് രാജ്യത്ത് സ്ഥാപിച്ചത്. എന്നാല്‍ ഒരു പാര്‍ക്കും കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ല. ഉദ്യോഗസ്ഥതലത്തിലും ഭരണതലത്തിലുമുള്ള അഴിമതിയും കെടുകാര്യസ്ഥതയുമാണ് കാരണമായത്. സ്ഥാപനത്തിന്റെ നടത്തിപ്പിനായി മധ്യപ്രദേശ് സര്‍ക്കാരും കേന്ദ്ര ഹോര്‍ട്ടികള്‍ച്ചര്‍ മിഷനും നല്കുമായിരുന്ന ധനസഹായം സ്പൈസസ് ബോര്‍ഡിലെ ഉദ്യോഗസ്ഥരുടെ നിയമലംഘനങ്ങളും അനാസ്ഥയും അഴിമതിയും കാരണം നഷ്ടപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: