പൊന്‍കുന്നം: കാലം തെറ്റിയുള്ള കനത്ത മഴ റബ്ബര്‍ കര്‍ഷകരെ ദുരിതത്തിലാക്കുന്നു. എട്ട് വര്‍ഷത്തിനിടയില്‍ ഏറ്റവും ഉയര്‍ന്ന വിലയാണ് റബ്ബറിന് വിപണിയില്‍. റബ്ബര്‍ ബോര്‍ഡിന്റെ വിലവിവരം അനുസരിച്ച് 185 രൂപ വരെയെത്തി. പക്ഷെ മഴമൂലം ടാപ്പിങ് മുടങ്ങിയതോടെ ഉയര്‍ന്ന വിലയുടെ പ്രയോജനം ലഭിക്കാതെ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്.
മിക്ക റബ്ബര്‍ തോട്ടങ്ങളിലും മാര്‍ച്ചില്‍ ടാപ്പിങ് നിര്‍ത്തിയതാണ്. ടാപ്പിങ് നിര്‍ത്തുന്ന കാലയളവില്‍ റബ്ബറിന് വില കാര്യമായി ഉയര്‍ന്നിരുന്നില്ല. റെയിന്‍ ഗാര്‍ഡിങ് നടത്തിയാല്‍ നഷ്ടം ഭയന്ന് മിക്ക കര്‍ഷകരും ഇതില്‍ നിന്ന് പിന്മാറി. റബ്ബര്‍ ഉത്പാദന സീസണ്‍ സപ്തംബര്‍ മാസത്തോടെയാണ് ആരംഭിക്കുന്നത്. മഞ്ഞും തണുപ്പും ആരംഭിച്ച് സജീവമായി റബ്ബര്‍ ടാപ്പിങ് നടത്തേണ്ട സമയത്തും കാലവര്‍ഷവും തുലാവര്‍ഷവും ന്യൂനമര്‍ദവും മൂലം മഴ ശക്തമായിരുന്നു. ഇക്കുറി റെയിന്‍ ഗാര്‍ഡിങ് നടത്തിയ തോട്ടങ്ങളില്‍ പോലും ടാപ്പിങ് മുടങ്ങി. ഇത് ഉത്പാദനത്തിലെ ഇടിവിന് കാരണമായിട്ടുണ്ട്. റബ്ബറിന്റെ ലഭ്യതക്കുറവ് വില ഉയരുന്നതിന് കാരണമായിട്ടുണ്ട്.
വില വര്‍ധന തുടരുമെന്നാണ് ഈ മേഖലയിലുള്ളവര്‍ പറയുന്നത്. റബ്ബര്‍ ബോര്‍ഡ് ശനിയാഴ്ച നല്കിയ വിലവിവര പ്രകാരം ആര്‍എസ്എസ് – 4ന് കോട്ടയം വില 185 രൂപയിലെത്തി. എന്നാല്‍ അന്താരാഷ്‌ട്ര വിപണിയില്‍ ആര്‍എസ്എസ് -4ന് 143.59 രൂപയാണ്. ഒട്ടുപാല്‍ വില 116.50 ആണ്. റബ്ബര്‍ ഇറക്കുമതിയില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ ഫലം കാണുന്നതിന്റെ സൂചനയാണ് ഇപ്പോഴത്തെ വില വര്‍ധന.
ജൂണ്‍ മാസത്തോടെയാണ് റബ്ബര്‍ വിലയില്‍ കുതിപ്പ് അനുഭവപ്പെട്ട് തുടങ്ങിയത്. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ സാമ്പത്തിക രംഗത്ത് ഉണ്ടായ ഉണര്‍വ് റബ്ബര്‍ വിപണിക്ക് ഗുണകരമായി. ഇത് സ്വാഭാവിക റബ്ബറിന്റെ ഡിമാന്റ് വര്‍ധിപ്പിച്ചു. ക്രൂഡ് ഓയില്‍ വിലയില്‍ ഉണ്ടായിട്ടുള്ള വില വര്‍ധനയും റബ്ബര്‍ വിപണിയെ സ്വാധീനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: