മക്കളേ,
ഈശ്വരന് മനുഷ്യനും മറ്റുജീവജാലങ്ങള്‍ക്കും കനിഞ്ഞനുഗ്രഹിച്ചുനല്‍കിയ അമൂല്യമായൊരു പൂങ്കാവനമണ് ഈ ഭൂമി. സകലജീവജാലങ്ങള്‍ക്കും സന്തോഷത്തോടും സമാധാനത്തോടും ആരോഗ്യത്തോടും ജീവിക്കാനുള്ള എല്ലാവിഭവങ്ങളും സമ്പത്തും ഈശ്വരന് ഇതില്‍ ഒരുക്കിയിട്ടുണ്ട്. അതെല്ലാം ആവോളം ആസ്വദിക്കാനും അനുഭവിക്കാനുമുള്ള അനുവാദവും അനുഗ്രഹവും നമുക്കു നല്കി. ഈ പൂങ്കാവനവും ഇതിലെ വിഭവങ്ങളും കോട്ടം വരാതെ ഭംഗിയായി സൂക്ഷിക്കാനുള്ള ഉത്തരവാദിത്തം ഈശ്വരന് മനുഷ്യരെ വിശ്വസിച്ചേല്പിച്ചു. എടുക്കുന്നതനുസരിച്ച് കൊടുക്കണം എന്നു മാത്രം കല്പിച്ചു. പക്ഷെ, ബുദ്ധിയും തിരിച്ചറിവുമുള്ള മനുഷ്യന് ഈശ്വരനോടുകൂറുകാട്ടിയില്ലെന്നു പറയേണ്ടിവരുന്ന അവസ്ഥ എത്തിച്ചേര്‍ന്നിരിക്കുന്നു. മനുഷ്യനോളംബുദ്ധിയില്ലാത്ത മറ്റുജീവജാലങ്ങള്‍ ഈശ്വരന്റെ കല്പന വരവണ്ണംതെറ്റിക്കാതെ അനുസരിക്കുന്നു. എന്നാല്‍ മനുഷ്യന് അവന്റെ സ്വാര്‍ത്ഥതയും അത്യാഗ്രഹവുംമൂലം എല്ലാ അതിരുകളെയും അതിക്രമിക്കുകയാണ്.
ഓരോ വര്‍ഷംചെല്ലുന്തോറും, ഭൂമിമാതാവിനോടു മനുഷ്യന്ചെയ്തുപോരുന്ന ദ്രോഹം ഏറിവരികയാണ്. ക്യാന്‍സറിന്റെ മൂന്നാം ഘട്ടത്തിലായതുപോലെയായിരിക്കുന്നുഭൂമിയിന്ന്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം തകരുകയും ഭൂമിയുടെ പൂര്‍ണ്ണാരോഗ്യം വീണ്ടെടുക്കല്‍ പ്രയാസമായിത്തീരുകയും ചെയ്തിരിക്കുന്നു. ഇങ്ങനെ നമുക്കെത്രകാലം മുന്നോട്ടുപോകാന്‍ കഴിയും.എന്നാല്‍ നമ്മളെല്ലാവരും ചേര്ന്നുപരിശ്രമിച്ചാല് ഒരു പരിധിവരെയെങ്കിലും ഭൂമിയുടെ സന്തുലിതാവസ്ഥ വീണ്ടെടുക്കുവരാന് നമുക്കു സാധിക്കും. പ്രകൃതിയെ പരിപാലിച്ചു സംരക്ഷിക്കുന്നത് ഓരോ വ്യക്തിയും ഒരു വ്രതമായി, തപസ്യയായി കാണണം.
സയന്‍സിനും സാങ്കേതികവിദ്യയ്ക്കും നല്കുന്ന അത്രതന്നെ ആദരവ് പ്രകൃതിയോടും സംസ്ക്കാരത്തോടും സഹജീവികളോടുമുണ്ടാകണം. ഈ ആദരവ് ഇല്ലെങ്കില്‍ സമൂഹം ഒറ്റക്കാലില്‍ നില്ക്കുന്ന കസേരപോലെയാകും. ഒറ്റനോട്ടത്തില്‍ ഒരു കുഴപ്പവുമില്ലെന്നു തോന്നും. പക്ഷെ അതില്‍ ഇരുന്നാല്‍ മറിഞ്ഞുവീഴും. അതുകൊണ്ട് മനുഷ്യനിര്‍മ്മിതമായ നിയമങ്ങള്‍ അനുസരിക്കുന്നതുപോലെ പ്രകൃതിയുടെ നിയമങ്ങളും നമ്മള് അനുസരിക്കേണ്ടത് അത്യാവശ്യമാണ്.
പ്രശസ്തനായ ഒരു ജ്യോത്സ്യനുണ്ടായിരുന്നു. അദ്ദേഹത്തിന്റെപ്രവചനങ്ങളെല്ലാംതന്നെ യാഥാര്ത്ഥ്യമാകാറുണ്ടായിരുന്നു. ജ്യോത്സ്യന്റെപ്രവചനം ഒരു തവണയെങ്കിലുംതെറ്റിക്കണമെന്ന ഉദ്ദേശ്യത്തോടെരണ്ട് ചെറുപ്പക്കാര്‍ ഒരു തന്ത്രംമെനഞ്ഞു. അവരില്‍ ഒരാള്‍ കോട്ടുധരിച്ച് അതിനകത്ത് ഒരു പ്രാവിനെ ഒളിപ്പിച്ചുവെച്ചു. അവര്‍ ജ്യോത്സ്യന്റെ അടുത്തുചെന്നു. പ്രാവിനെ കൈവശംവെച്ച ചെറുപ്പക്കാരന് ചോദിച്ചു, ‘എന്റെകോട്ടിനുള്ളില് ഒരു പ്രാവുണ്ട്. അതിനു ജീവനുണ്ടോ ഇല്ലയോ എന്നു പ്രവചിക്കൂ’ പ്രാവിന് ജീവനുണ്ടെന്നു പറഞ്ഞാല്‍ അതിനെ കഴുത്തുഞെരിച്ചു കൊല്ലാന്‍ അവര്‍ പദ്ധതിയിട്ടിരുന്നു. അത് ഊഹിച്ചറിഞ്ഞ ജ്യോത്സ്യന്റെ ഉത്തരം ഇങ്ങനെയായിരുന്നു, ‘അതിന്റെ ജീവന് നിങ്ങളുടെ കൈകളിലാണ്’. ഇതുപോലെ പ്രകൃതി ഇന്ന് മനുഷ്യന്റെകൈകളില്കിടന്നുവീര്പ്പുമുട്ടുകയാണ്.
ഇന്നത്തെ ലോകത്തു മനുഷ്യരാശിക്കുള്ള ഏറ്റവും വലിയഭീഷണി മൂന്നാം ലോകമഹായുദ്ധമല്ല, പ്രകൃതിയില്‍നിന്നു മനുഷ്യന് വേറിട്ടുപോകുന്നതും പ്രകൃതിയുടെ അസന്തുലിതാവസ്ഥയുമാണ്.
സമൂഹത്തിന്റെ ആരോഗ്യപൂര്‍ണ്ണമായ വളര്‍ച്ചയ്ക്ക് സ്വയംചോദ്യംചെയ്യലും, സ്വയംവിമര്‍ശനവും ആവശ്യമാണ്. ജീവിതത്തെക്കുറിച്ചുള്ള ശരിയായ വീക്ഷണംപുറംലോകത്തുനിന്നല്ല, അവനവന്റെ ഉള്ളില്‍ നിന്നാണ് ലഭിക്കേണ്ടത്. അതിനുള്ള മാര്‍ഗ്ഗമാണ് ആദ്ധ്യാത്മികത. ശാസ്ര്തവും സാങ്കേതികവിദ്യയും എത്രതന്നെ പ്രധാനമാണെങ്കിലുംഅവയ്ക്കൊരിക്കലും മനുഷ്യത്വത്തിന് പകരം നില്‍ക്കാനാവില്ല. ഇന്നുനമ്മള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രകൃതിദുരന്തങ്ങള്‍ ആ ഒരു പാഠമാണ് നമുക്കു നല്‍കുന്നത്. പ്രകൃതിദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ അവയെ തടുക്കാന്‍ മനുഷ്യന്റെ ബുദ്ധിക്കുംശക്തിക്കും സാധിക്കില്ല. എങ്കിലും അതേല്പിക്കുന്ന മുറിവുണക്കാനും ദുഃഖക്കയത്തിലാണ്ടവരെ കൈപിടിച്ചു കയറ്റാനും നമുക്കു സാധിക്കും.
ഇന്നു കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ ലോകത്തെമ്പാടുംഅനുഭവപ്പെടുന്നുണ്ട്. ഇത്തരം ധാരാളം വാര്‍ത്തകള്‍ ദിവസവും കേട്ടുകേട്ട് ചെവി തഴമ്പിച്ചതുകൊണ്ട് ‘അയ്യോ കഷ്ടം!’ എന്നുപറഞ്ഞ് അപ്പോള്‍ തന്നെ അതൊക്കെ മറന്നുകളയുകയാണ് പലരും ചെയ്യുന്നത്. കേവലം നാവിന്തുമ്പില് ഒതുങ്ങുന്ന അനുകമ്പകൊണ്ടു മാത്രമായില്ല. നിഷ്ക്കാമമായിപ്രവര്ത്തിക്കാന് ഒരുക്കമുള്ളകൈകളാണ് ഇന്നു ലോകത്തിനുവേണ്ടത്. ഇരുട്ടിന്റെ തീവ്രതകണ്ടുപേടിച്ച്, ‘നമുക്കെന്തു മാറ്റം വരുത്താന്‍ കഴിയും’ എന്നുസംശയിച്ച് മാറിനില്‍ക്കുകയല്ല ഇപ്പോഴാവശ്യം. നമ്മുടെ ഉള്ളിലെ സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും ദീപങ്ങള്തെളിച്ച് ഒന്നിച്ചൊറ്റക്കെട്ടായി മുന്നോട്ടുനീങ്ങിയാല്‍ നമുക്കു മാറ്റങ്ങള്‍ കൊണ്ടുവരാന്‍ തീര്‍ച്ചയായും സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: