ന്യൂദല്‍ഹി: കശ്മീരെന്നാല്‍ തീവ്രവാദവും വെടിവെയ്പും എന്ന സ്ഥിതിവിശേഷത്തില്‍ നിന്നും കശ്മീരിനെ പുറത്തുകൊണ്ടുവരാന്‍ കശ്മീര്‍ ഭരണകൂടം കുറെ നാളായി ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമായി യുവതലമുറയെ കേന്ദ്രവും കശ്മീര്‍ ഭരണകൂടവും ശക്തമായി പ്രചോദിപ്പിക്കാനും പിന്തുണയ്‌ക്കാനും ശ്രമിച്ചുവരികയായിരുന്നു. ഈ ശ്രമത്തിന്റെ വിജയമെന്നോളം കഴിഞ്ഞ ദിവസം കശ്മീരില്‍ നിന്നുള്ള സ്‌കിയര്‍ ആരിഫ് ഖാന് ബെയ്ജിംഗ് ശീതകാല ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ യോഗ്യത ലഭിച്ചു.
ദുബായില്‍ നടന്ന ആല്‍പൈന്‍ സ്‌കിയിങ്ങിലാണ് ആരിഫ് ഖാന്‍ യോഗ്യത നേടിയത്. ചൈനയിലെ തലസ്ഥാനമായ ബെയ്ജിംഗില്‍ 2022 ഫിബ്രവരി നാല് മുതല്‍ 20 വരെയാണ് ശീതകാല ഒളിമ്പിക്‌സ്.
ആരിഫ് ഖാന്റെ നേട്ടം അറിഞ്ഞയുടന്‍ കശ്മീര്‍ ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ അദ്ദേഹത്തെ അബിനന്ദിച്ചു. ബെയ്ജിംഗ് ഒളിമ്പിക്‌സില്‍ നല്ല പ്രകടനം കാഴ്ചവെയ്‌ക്കാനും മനോജ് സിന്‍ഹ പറഞ്ഞു.
ഗുല്‍മാര്‍ഗില്‍ നിന്നുള്ള സ്‌കിയറായ ആരിഫ് മുഹമ്മദ് ഖാന്‍ നാലാം വയസ്സില്‍ സ്‌കിയിംഗ് അഭ്യസിച്ചു തുടങ്ങിയതാണ്. അച്ഛന്‍ തന്നെയാണ് ആരിഫ് മുഹമ്മദ് ഖാനെ അഭ്യസിപ്പിച്ചത്. കശ്മീരില്‍ ഒരു സ്‌കീ വാടകയ്‌ക്ക് നല്‍കുന്ന കടയും ആരിഫിന്റെ അച്ഛന്‍ നടത്തുന്നുണ്ട്. 12ാം വയസ്സില്‍ ആദ്യ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: