കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതുജനത്തിന്റെ മുന്നില്‍ കിടന്നു കാണിക്കുന്ന എല്ലാത്തരം കൊള്ളരുതായ്മയും ഹാസ്യരൂപേണ എടുത്തിട്ട് അലക്കിയ സിനിമയാണ് ‘എല്ലാം ശരിയാകും’. സംസ്ഥാന രാഷ്ട്രീയത്തിലെ പല നേതാക്കളുടെയും നിഴല്‍രൂപമാണ് സിനിമയിലൂടെ ഒരോ പ്രേക്ഷകര്‍ക്ക് കാണാനാവുക. എല്ലാവരുടെയും പേരുകള്‍ സംവിധായകന് മാറ്റിയെങ്കിലും ഡയലോഗ് വരുമ്പോള്‍ ഇത് ആ നേതാവ് തന്നെയാണല്ലോ എന്ന് ഒരോ സിനിമ പ്രേമിയും ചിന്തിക്കും. അതു തന്നെയാണ് ഈ സിനിമയുടെ വിജയവും.
രാഷ്ട്രീയത്തിലെ കുതികാല് വെട്ടുകള്‍, മരണവീട്ടിലെ അഭിനയം, തട്ടിപ്പുകള്‍ വെട്ടിപ്പുകള്‍ എല്ലാം തുറന്ന് കാട്ടിയ മികച്ചൊരു കുടുംബസിനിമ എന്ന ഗണത്തില്‍പ്പെടും ‘എല്ലാം ശരിയാകും’. സമകാലിക സാമൂഹിക സംഭവങ്ങളെ കോര്‍ത്തിണക്കിയ ശക്തമായ സ്ക്രിപ്റ്റു തന്നെയാണ് സിനിമയുടെ കാതല്‍. വ്യത്യസ്ഥമായ രാഷ്ടീയ വീക്ഷണമുള്ള, രണ്ടു ധ്രുവങ്ങളില്‍ നിറഞ്ഞു നില്ക്കുന്ന രണ്ടു കഥാപാത്രങ്ങളെ പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ടാണ് കഥ പറഞ്ഞിരിക്കുന്നത്. ഈരാറ്റുപേട്ട, പാലാ, കോട്ടയം ഭാഗങ്ങളിലായി ചിത്രീകരിച്ച സിനിമ മധ്യ തിരുവതാംകൂറിന്റെ രാഷ്ട്രീയ സാമൂഹ്യ പശ്ചാത്തലങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്. രാഷ്ട്രീയ കൊടിയുടെ നിറവ്യത്യാസങ്ങള്‍ ഒരു കുടുംബ ജീവിതത്തില്‍ എങ്ങനെ പ്രതിഫലിക്കുമെന്ന് ചിത്രം വരച്ചുകാട്ടുന്നുണ്ട്.
ഇടതുപക്ഷ യുവജനപ്രസ്ഥാനത്തിന്റെ പോരാളിയായ വിനീത്. മറുവശത്ത് ജനാധിപത്യചേരിയിലെ അതിശക്തനായ നേതാവ് ചാക്കോ സാര്‍. കേരള രാഷ്ട്രീയത്തിലെ ഗതിവിഗതികള്‍ നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന വ്യക്തി. വ്യത്യസ്ഥ രാഷ്ടീയ കോണിലൂടെ അങ്കം കുറിക്കുന്നവര്‍ വിനീതും, ചാക്കോ സാറും. ഇവരുടെ രണ്ടു പേരുടേയും കുടുംബ ജീവിതവുമായി ബന്ധപ്പെട്ട് അരങ്ങേറുന്ന സംഭവങ്ങള്‍ ചിത്രത്തിന്റെ കഥാഗതിയില്‍ പുതിയ വഴിത്തിരുവുകള്‍ സമ്മാനിക്കുന്നു. രാഷ്ട്രീയ പശ്ചാത്തലത്തിലൂടെ കുടുംബ ബന്ധങ്ങളുടെ തീവ്രത നിരവധി നാടകീയ മുഹൂര്‍ത്തങ്ങളിലൂടെ വരച്ചുകാട്ടുന്നുണ്ട് സിനിമയില്‍. ജിബു ജേക്കബ് ‘വെള്ളിമൂങ്ങ’യില്‍ എങ്ങനെയാണോ ‘രാഷ്ട്രീയ കോമഡി’ക്കാരെ കൈകാര്യം ചെയ്തിരിക്കുന്നത്, അതിനെക്കാള്‍ മികച്ച ആഘാതത്തിലുള്ള അടിയാണ് എല്ലാം ശരിയാക്കി നല്‍കിയിരിക്കുന്നത്.
കേരള രാഷ്ട്രീയത്തിലെ മുഖ്യധാരയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ നേതാക്കള്‍ക്കളുടെയും നിഴലുകളാണ് സിനിമയില്‍ കാണാനാവുക. കൊടിയുടെ നിറംനോക്കാതെ ഇവരെയെല്ലാം സിനിമയില്‍ തുറന്നുകാട്ടുന്നുണ്ട്. ശബരിമല യുവതി പ്രവേശനം നടപ്പാക്കാന്‍ ശ്രമിച്ച രാഷ്ട്രീയപാര്‍ട്ടിയുടെ ഇരട്ടത്താപ്പുകള്‍ പൊളിക്കുന്ന ഡയലോഗുകളും സിനിമയില്‍ ഉണ്ട്. ഉമ്മന്‍ ചാണ്ടിയുടെ അധികാരമോഹം, കെ.എം മാണിയുടെ നോട്ടെണ്ണല്‍ മെഷ്യന്, കെ. കരുണാകരന്റെ തഗുകള്‍, പികെ ശശിയുടെ പീഡനം, പികെ ശ്രീമതിയുടെയും എകെ ബാലന്റെയും ‘തീവ്രത’ കമ്മീഷന്, കെ.ആര് ഗൗരിയമ്മയുടെ കസേര തെറിക്കല്‍ തുടങ്ങി കേരള രാഷ്ട്രീയത്തില്‍ നടന്ന എല്ലാ വിവാദ സംഭവങ്ങളെയും ‘നിഴല്‍’ കഥാപാത്രങ്ങളിലൂടെ നന്നായി ‘ശരി’യാക്കിയിട്ടുണ്ട്.
അനുരാഗ കരിക്കിന് വെള്ളം എന്ന സിനിമയ്ക്ക് ശേഷം ആസിഫ് അലിയും രജീഷാ വിജയനും ജോഡികളാകുന്ന ചിത്രം കൂടിയാണിത്. നായകനൊപ്പം ആദ്യഅവസാനം നിറഞ്ഞു നില്ക്കുന്ന വേഷമാണ് സിദ്ദീഖിന് ഉള്ളത്. കഥാഗതിയെ നിയന്ത്രിക്കുന്നത് ഈ കഥാപാത്രത്തെ മുന്‍ നിര്‍ത്തിയാണ്. അതിഥി വേഷത്തില്‍ എത്തുന്ന മറ്റു കഥപാത്രങ്ങളും സിനിമയുടെ ആസ്വാദനമികവ് വര്‍ധിപ്പിക്കുന്നു. സംഗീത സംവിധായകന് ഔസേപ്പച്ചനും, കലഭവന്‍ ഷാജോണും മികച്ച അഭിനയമാണ് കാഴ്ച്ച വെച്ചിരിക്കുന്നത്. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, വെള്ളിമൂങ്ങ എന്നീ ജിബു ജേക്കബ് സിനിമകളില്‍ നിന്ന് ലഭിക്കുന്ന അതേ ആസ്വാദനം ഈ സിനിമയും നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: