ആലപ്പുഴ : കുടുംബത്തിലെ മുതിര്‍ന്ന വനിത റേഷന്‍കാര്‍ഡ് ഉടമയാകണമെന്ന വ്യവസ്ഥ ലംഘിച്ച് സംസ്ഥാന ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആര്. അനില്‍. ദേശീയഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കിയശേഷം പുരുഷന്മാരെ കാര്‍ഡുടമയായി അംഗീകരിച്ചിട്ടില്ല. വീട്ടിലെ മുതിര്‍ന്ന വനിതയാകണം കാര്‍ഡുടമ എന്നാണ് വ്യവസ്ഥ. ഇത് ലംഘിച്ചാണ് സംസ്ഥാന ഭക്ഷ്യവകുപ്പ് മന്ത്രി തന്നെ സ്വന്തം പേരില്‍ റേഷന്‍ കാര്‍ഡെടുത്തത്.
നവീകരിച്ച ആലപ്പുഴ ജില്ലാ സപ്ലൈ ഓഫീസിന്റെ ഉദ്ഘാടനവും സ്മാര്‍ട്ട് റേഷന്‍ കാര്‍ഡിന്റെ വിതരണവും നിര്‍വഹിക്കുന്നതിനിടെയാണ് മന്ത്രി കീശയില്‍നിന്ന് തന്റെ സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ് എടുത്തുകാട്ടുകയായിരുന്നു. ഇതില്‍ കുടുംബനാഥനായി മന്ത്രി തന്നെയാണ്. ഇതോടെ ഭാര്യയും മകളുമുള്ള മന്ത്രിക്ക് എങ്ങനെയാണ് കാര്‍ഡുടമയാകാന്‍ കഴിഞ്ഞതെന്ന് ചടങ്ങില്‍ ചോദ്യം ഉയരുകയും ചെയ്തു.
ദേശീയ ഭക്ഷ്യഭദ്രതാ നിയമമനുസരിച്ചു മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട മഞ്ഞ, പിങ്ക് കാര്‍ഡുകള്‍ മുതിര്‍ന്ന വനിതാ അംഗത്തിന്റെ പേരു നല്‍കണമെന്നാണു വ്യവസ്ഥ ചെയ്തിരുന്നത്. മുതിര്‍ന്ന വനിതയില്ലെങ്കില്‍ പ്രായപൂര്‍ത്തിയായ മറ്റു വനിതകളെയാണ് കാര്‍ഡുടമായി പരിഗണിച്ചിരുന്നത്. അങ്ങനെയും ആരുമില്ലെങ്കിലേ പുരുഷന്മാരെ പരിഗണിച്ചിരുന്നുള്ളൂ. സ്ത്രീ ശാക്തീകരണമെന്ന ആശയം മുന്‍നിര്‍ത്തിയായിരുന്നു ഇത്. എന്നാല്‍ സ്ത്രീ ശാക്തികരണവാദം മുഴക്കുന്ന ഇടത് മന്ത്രി തന്നെയാണ് ഇതെല്ലാം ലംഘിച്ച് സ്വന്തംപേരില്‍ റേഷന്‍ കാര്‍ഡെടുത്തത്.
സംഭവം വിവാദമായതോടെ തന്റെ ഭാര്യയുടെ പേര് അവരുടെ കുടുംബവീട്ടിലെ കാര്‍ഡിലാണുള്ളതെന്ന് മന്ത്രി വിശദീകരണവുമായി എത്തി. മകളും താനും മാത്രമേ തന്റെ വീട്ടിലെ റേഷന്‍ കാര്‍ഡിലുള്ളൂ. അതിനാലാണ് താന്റ കാര്‍ഡുടമയായതെന്നാണു മന്ത്രി വിശദീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: