പട്ന: ബിഹാര്‍ മധുബാനി ജില്ലയിലെ കോടതി മുറിക്കുള്ളില്‍ രണ്ട് പോലീസുകാര്‍ ജഡ്ജിയെ ആക്രമിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് പട്ന ഹൈക്കോടതി. സംസ്ഥാന പോലീസ് മേധാവിയോട് എത്രയും വേഗം ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. ഗോഘര്ദിഹ എസ്എച്ച്ഒ ഗോപാല്‍ കൃഷ്ണ, സബ് ഇന്‍സ്പെക്ടര്‍ അഭിമന്യു കുമാര്‍ എന്നിവരാണ് ജഡ്ജിയെ അക്രമിച്ചത്.
ഈ പോലീസുകാര്‍ ഉള്‍പ്പെട്ട ഒരു കേസിന്റെ വാദം കേള്‍ക്കുന്നതിനിടെ കോടതി മുറിക്കുള്ളില്‍ പ്രവേശിച്ച് ജന്ജര്പുര് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി അവിനാഷ് കുമാറിന് നേരെ തോക്ക് ചൂണ്ടി ആക്രമിക്കുകയായിരുന്നു. ജഡ്ജിയെ സംരക്ഷിക്കാന്‍ ശ്രമിച്ച അഭിഭാഷകരെയും കോടതി ജീവനക്കാരെയും ഇവര്‍ ആക്രമിച്ചു.
സംഭവത്തെ അപൂര്‍വും ഞെട്ടിപ്പിക്കുന്നതുമെന്ന് വിശേഷിപ്പിച്ച ഹൈക്കോടതി ജസ്റ്റിസുമാരായ രാജന് ഗുപ്തയും മോഹിത് കുമാറും അടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഡിജിപിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്. നവംബര്‍ 29 നാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. അന്നു തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.
പ്രഥമദൃഷ്ട്യാ ഈ സംഭവം ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ അപകടത്തിലാക്കുന്നതാണ്. അതിനാല്‍ ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, അഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, മധുബാനി പോലീസ് സൂപ്രണ്ട് എന്നിവര്‍ക്ക് നോട്ടീസ് അക്കുമെന്നും ഉത്തരവില്‍ പറയുന്നു.
പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കേസ് വൈകുന്നേരം ഏഴു മണിയോടെ പ്രത്യേക വിചാരണയ്ക്കെടുക്കുകയായിരുന്നു. മധുബാനി ജില്ലാ സെഷന്‍സ് കോടതി ജഡ്ജിയാണ് സംഭവം ഹൈക്കോടകതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: