ഹരീഷ്.പി കടയപ്രത്ത്
വീണ്ടും ലോകസിനിമയുടെ വസന്തകാലമെത്തുന്നു. ലോകത്തെ പ്രമുഖ ചലച്ചിത്ര മേളകളില്‍ ഒന്നായ, ഏഷ്യയിലെ പ്രധാനപ്പെട്ട ചലച്ചിത്ര മേളയായ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ(ഇഫി)യ്ക്ക് നാളെ തിരിതെളിയും. 2020-നവംബറില്‍ നടക്കേണ്ടിയിരുന്ന ഇന്ത്യയുടെ 51-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള കൊവിഡ് കാലമായതിനാല്‍ നടത്തിയത് ഒന്നാം തരംഗം കഴിഞ്ഞ് ലോക് ഡൗണ്‍ ഇളവുകള്‍ നല്കിയ 2021 ജനുവരിയിലായിരുന്നു. രണ്ടാം തരംഗം വീണ്ടും ഈ ചലച്ചിത്രമേളയുടെ കലണ്ടറിന്റെ താളം തെറ്റിക്കുമോ എന്ന് ചലച്ചിത്രാസ്വാദകര്‍ക്ക് ശങ്കയുണ്ടായിരുന്നുവെങ്കിലും കൊവിഡ് വ്യാപനത്തില്‍ കുറവ് വന്നതിനാലും വാക്സിനേഷന് ഡ്രൈവ് ദ്രുതഗതിയില്‍ മുന്നേറുന്നതിനാലും കലണ്ടറനുസരിച്ചുതന്നെയാണ് ഇന്ത്യയുടെ 52-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള ഗോവയിലെ പനാജിയില്‍ നടക്കുന്നത്. പതിവുപോലെ നവംബര്‍ 20ന് തുടങ്ങി 28ന് സമാപിക്കും. കഴിഞ്ഞ തവണത്തേതു പോലെ നേരിട്ടും ഓണ്‍ലൈന്‍ ആയും പ്രതിനിധികള്‍ക്ക് പങ്കെടുക്കാന്‍ അവസരം ഒരുക്കിയിട്ടുണ്ട്.
ചലച്ചിത്രമേളയുടെ ഫോര്‍മാറ്റിന് മാറ്റമൊന്നുമില്ല. പതിവുള്ള എല്ലാ വിഭാഗങ്ങളും ഇത്തവണയും മേളയിലുണ്ടാവും. അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ പതിനഞ്ച് ചലച്ചിത്രങ്ങളാണ് നാല്പത് ലക്ഷം രൂപയടങ്ങുന്ന സുവര്‍ണ്ണ മയൂരത്തിനും പതിനഞ്ച് ലക്ഷം രൂപയടങ്ങുന്ന രജതമയൂരത്തിനും വേണ്ടി മത്സരിക്കുന്നത്. ഇന്ത്യന്‍ പനോരമയിലേക്ക് വിവിധ ഇന്ത്യന്‍ ഭാഷകളില്‍ നിന്നുള്ള 24 ഫീച്ചര്‍ ചിത്രങ്ങളും 20 നോണ്‍ ഫീച്ചര്‍ ചിത്രങ്ങളും തെരഞ്ഞെടുത്തിട്ടുണ്ട്. മലയാളത്തില്‍ നിന്നു ജയരാജ് സംവിധാനം ചെയ്ത ‘നിറയെ തത്തകളുള്ള മരം’, രഞ്ജിത്ത് ശങ്കറിന്റെ ‘സണ്ണി’ എന്നിവ പനോരമയിലുണ്ട്. കൂടാതെ മലയാളിയായ യദു വിജയകൃഷ്ണന്റെ സംസ്കൃതഭാഷയിലുള്ള ‘ഭഗവദജ്ജുക’ വും ഇടം നേടി.
ലൂയി ബുനുവലിനും പെദ്രോ അല്മൊദോവറിനുമൊപ്പം പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ള, കഴിഞ്ഞ 66 വര്‍ഷമായി ചലച്ചിത്ര സപര്യ തുടരുന്ന സ്പാനിഷ് സംവിധായകനും ഛായാഗ്രാഹകനും എഴുത്തുകാരനുമായ കാര്‍ലോസ് സോറയ്ക്ക് ഇപ്പോള്‍ വയസ്സ് 89. അദ്ദേഹത്തിന്റെ ഈ വര്‍ഷം റിലീസ് ചെയ്ത പുതിയ ചിത്രം ‘ദ കിംഗ് ഓഫ് ഓള് ദ വേള്‍ഡ്’ ആണ് ഇഫിയുടെ ഉദ്ഘാടനചിത്രം. ഒരു മ്യൂസിക്കല്‍ ഡ്രാമ. 2022 ല്‍ റിലീസ് ചെയ്യാനുള്ള രണ്ടു ചലച്ചിത്രങ്ങളുടെ പണിപ്പുരയിലാണ് കാര്‍ലോസ് സോറ ഇപ്പോള്‍.
പാം ഡി ഓര് അടക്കം നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള, 42 വര്‍ഷമായി ചലച്ചിത്രപ്രവര്‍ത്തനം തുടരുന്ന വിഖ്യാത ന്യൂസിലന്‍ഡ് സംവിധായികയും തിരക്കഥാകൃത്തുമായ ഡാമേ എലിസബത്ത് ജെയിന് കാമ്പ്യന് ഒരുക്കിയ ‘ദ പവര്‍ ഓഫ് ദ ഡോഗ്’ ആണ് മിഡ് ഫെസ്റ്റ് ഫിലിം ആയി തെരഞ്ഞെടുത്തിട്ടുള്ളത്. തോമസ് സാവേജ് 1967-ല്‍ എഴുതിയ ഇതേ പേരുള്ള നോവലിനെ ആസ്പദമാക്കിയ വെസ്റ്റേണ്‍ ഡ്രാമയാണ് ഈ സിനിമ.
ലോക സിനിമയ്ക്ക് നല്കിയ സംഭാവനകള്‍ മാനിച്ച്, സത്യജിത്ത് റേ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരത്തിന് അര്‍ഹരായത് വിഖ്യാത ഹങ്കേറിയന്‍ ചലച്ചിത്രകാരന് ഇസ്തവാന്‍സാബോ (83), അമേരിക്കന്‍ ചലച്ചിത്രകാരന് മാര്ട്ടിന് സ്കോര്‍സെസ്സ് (78) എന്നിവരാണ്. ഇഫിയില്‍ ഇവരെ ആദരിക്കും. റെട്രോസ്പെക്റ്റിവ് വിഭാഗത്തില്‍ റഷ്യന്‍ ചലച്ചിത്രകാരന് ആന്ദ്രേ കൊഞ്ചലോവ്സ്കി (84), ഹങ്കേറിയന്‍ ചലച്ചിത്രകാരന് ബെലാ ടര്‍ (66 ) എന്നിവരുടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കും. അന്തരിച്ച ചലച്ചിത്ര പ്രതിഭ ഷീന്‍ കോണറിയോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ട്.
വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം, ഗോവ സര്‍ക്കാര്‍, ഡയറക്റ്ററേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവല്‍സ്, എന്റര്‍ടൈന്‍മെന്റ് സൊസൈറ്റി ഓഫ് ഗോവ എന്നിവ സംയുക്തമായാണ് മേളയ്ക്ക് ചുക്കാന്‍ പിടിക്കുന്നത്. ചലച്ചിത്രാസ്വാദകര്‍ക്ക് ഒരാഴ്ചകൊണ്ട് പുതിയ ലോകക്രമത്തേയും പഴയ ലോകക്രമത്തേയും അടുത്തറിഞ്ഞ് താരതമ്യം ചെയ്യാനുള്ള അവസരമാണ് ഇഫി നല്‍കുന്നത്. കൊവിഡിന്റെ പിടിയിലായ ലോകം വീണ്ടും ചലിക്കുന്നത് എങ്ങനെയെന്ന് തിരശ്ശീലയിലെ നിഴലും വെളിച്ചവും ആസ്വാദകനോട് പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: