ലഡാക്ക്: രാജ്യത്തിന്റെ ഒരിഞ്ചു ഭൂമി പോലും മറ്റാരും കയ്യേറില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ലഡാക്കിലെ റസാങ് ലായില്‍ നവീകരിച്ച യുദ്ധ സ്മാരകം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദേഹം.
മറ്റേതെങ്കിലും രാജ്യത്തിന്റെ ഭൂമി കൈവശപ്പെടുത്തുക എന്നത് ഇന്ത്യയുടെ സ്വഭാവമല്ല. എന്നാല്‍, ഏതെങ്കിലും രാജ്യം ഇന്ത്യയെ ദുഷിച്ച കണ്ണുകളോടെ നോക്കിയിട്ടുണ്ടെങ്കില്‍, ഞങ്ങള്‍ അവര്‍ക്ക് തക്കതായ മറുപടി നല്‍കിയിട്ടുണ്ട്. ഇന്ത്യയുടെ ഓരോ ഇഞ്ച് ഭൂമിയും സംരക്ഷിക്കാന്‍ നമ്മുടെ ധീരരായ സൈനികര്‍ക്ക് കഴിയും. ചരിത്രത്തിന്റെ താളുകളില്‍ മാത്രമല്ല, നമ്മുടെ ഹൃദയങ്ങളിലും അനശ്വരമായ റെസാങ് ലായില്‍ സൈന്യം കാഴ്ചവെച്ച നിശ്ചയദാര്‍ഢ്യത്തിന്റെയും ധീരതയുടെയും ഉദാഹരണമാണ് ഈ സ്മാരകമെന്ന് അദേഹം പറഞ്ഞു.
1962ല്‍ രണ്ടായിരത്തോളം വരുന്ന ചൈനീസ് പട്ടാളത്തെ നേരിട്ട കുമയോണ്‍ റെജിമെന്റിന്റെ പതിമൂന്നാം ബറ്റാലിയനിലെ മേജര്‍ ഷൈതാന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള സൈനികരെയും 2020 ജൂണില്‍ നിയന്ത്രണ രേഖ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ച ചൈനീസ് പട്ടാളത്തെ തുരത്തിയ കേണല്‍ സന്തോഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സൈനികരെയും ആദരിക്കുന്നതാണ് ഈ സ്മാരകം.
59 വര്‍ഷം മുമ്പ് 1962ല്‍ ഇതേ ദിവസമാണ് മേജര്‍ ഷൈതാന്‍ സിംഗും കൂട്ടരും ഇന്ത്യന്‍ അതിര്‍ത്തി സംരക്ഷണത്തിനായി ജീവന് ബലിയര്‍പ്പിച്ചത്. അന്നത്തെ പോരാട്ടത്തില്‍ പങ്കെടുത്ത ബ്രിഗേഡിയര്‍ ആര് വി ബ്രിഗേഡിയര്‍ ആര് വി ജതാറും രാജ്നാഥ് സിങ്ങിനൊപ്പം പരിപാടിയില്‍ പപങ്കെടുത്തു.
സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, കരസേനാ ഉപ മേധാവി ലഫ്റ്റനന്റ് ജനറല്‍ ചണ്ഡി പ്രസാദ് മൊഹന്തി, വടക്കന്‍ മേഖലയിലെ സൈനിക കമാന്‍ഡര്‍ വൈ കെ ജോഷി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. കരസേനാ മേധാവി എംഎം നരവനെ ഇസ്രായേല്‍ സന്ദര്‍ശനത്തിലായതിനാല്‍ അദേഹത്തിനു പങ്കെടുക്കാനായില്ല.
പുതിയ സ്മാരകം ആരാധനാലയം പോലെയാണെന്നും ഇത് രാജ്യത്തിനായി ധീരമായി പോരാടി വീരമൃത്യു വരിച്ച സൈനികര്‍ക്കുള്ള രാഷ്ട്രത്തിന്റെ ആദരമാണെന്നും സ്മാരകം സന്ദര്‍ശിച്ച മുതിര്‍ന്ന സൈനിക കമാന്‍ഡര്‍ പറഞ്ഞു. വീരമൃത്യു വരിച്ച സൈനികരുടെ സ്മരണയ്ക്കായി അവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു ഓഡിറ്റോറിയവും ഈ സ്മാരകത്തിന്റെ ഭാഗമായി ഇവിടെയുണ്ടാകും.
നിയന്ത്രണ രേഖയാടു ചേര്‍ന്ന് ചൈനീസ് പ്രദേശത്തോട് വളരെ അടുത്തായാണ് ഈ യുദ്ധ സ്മാരകം സ്ഥിതി ചെയ്യുന്നത്. അതിര്‍ത്തിക്ക് അപ്പുറത്തു നിന്ന് നോക്കിയാല്‍ ഈ സ്മാരകം കാണാനാകും. ഇത് ചൈനയ്ക്കെതിരെയുള്ള ഇന്ത്യയുടെ ശക്തി പ്രകടനമായാണ് കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: