കൊച്ചി : മുന്‍ മിസ് കേരള അടക്കം മൂന്ന് പേര്‍ കാര്‍ അപകടത്തില്‍ മരിച്ച കേസില്‍ ഇവരെ മറ്റൊരു വാഹനത്തില്‍ പിന്തുടര്‍ന്നയാള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. സൈജു തങ്കച്ചന്‍ എന്നയാള്‍ തനിക്ക് അപകടവുമായി യാതൊരു ബന്ധവുമില്ലെന്ന് കാണിച്ചാണ് മുന്‍കൂര്‍ ജാമ്യഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ഇയാള്‍ ഔഡി കാറില്‍ മോഡലുകളെ പിന്തുടരുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ഔഡി കാര്‍ ചേസ് ചെയ്തത് കൊണ്ടാണ് അപകടം ഉണ്ടായതെന്ന ചികിത്സയില്‍ കഴിയുന്ന വാഹനമോടിച്ച ഡ്രൈവര്‍ അബ്ദുല്‍ റഹ്‌മാന്‍ ഇയാള്‍ക്കെതിരെ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നേരത്തെ സൈജുവിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. മോഡലുകള്‍ സഞ്ചരിച്ച കാറിന് പിറകെ ഔഡി കാര്‍ പായുകയും അപകട ശേഷം നിമിഷങ്ങള്‍ക്കുള്ളില്‍ കാര്‍ തിരികെ അപകടസ്ഥലത്തെത്തുന്നതും, കാറില്‍ നിന്നും ഒരാള്‍ പുറത്തിറങ്ങുന്ന ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.
എന്നാല്‍ താന്‍ മോഡലുകളുടെ വാഹനത്തെ പിന്തുടര്‍ന്നിട്ടില്ല. അവര്‍ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവര്‍ മദ്യപിച്ച് വാഹനമോടിച്ചതാണ് മരണത്തിനിടയാക്കിയ അപകടം ഉണ്ടാകാന്‍ കാരണം. കാറിനെ പിന്തുടര്‍ന്നതാണ് അപകടത്തിനു കാരണമെന്ന അബ്ദുള്‍ റഹ്‌മാന്റെ മൊഴി തെറ്റാണ്. മദ്യപിച്ച് വാഹമോടിക്കേണ്ടതില്ലെന്ന് ഉപദേശിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നുമാണ് സൈജുവിന്റെ ജാമ്യ ഹര്‍ജിയില്‍ പറയുന്നുണ്ട്.
അതിനിടെ കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് എസിപി ബിജി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് കൈമാറി. അന്വേഷണ സംഘത്തില്‍ ആരെല്ലാമാണെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും. സൗത്ത് എസിപി നിസാമുദീന്റെ നേതൃത്വത്തില്‍ കെ.അനന്തലാലാണ് കേസ് അന്വേഷിക്കുന്നത്. ഉദ്യോഗസ്ഥനെതിരെ കഴിഞ്ഞ ദിവസം പ്രതിപക്ഷം ഉള്‍പ്പെടെ ആക്ഷേപം ഉന്നയിച്ചതിനു പിന്നാലെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം.
കേസ് അന്വേഷണത്തിന്റെ ഭാഗമായി ഹോട്ടലില്‍ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തവരെ പോലീസ് ചോദ്യം ചെയ്തു. ഇതില്‍ അഞ്ചുപേര്‍ ഹോട്ടല്‍ ജീവനക്കാരാണ്. പാര്‍ട്ടിക്കെത്തിയവരുടെ പേരു വിവരങ്ങളൊന്നും ഹോട്ടലില്‍ രേഖപ്പെടുത്തിയിട്ടില്ല. അന്നു രാത്രി പാര്‍ട്ടിയില്‍ പങ്കെടുത്തെന്നു വ്യക്തമായ പലരും ഇതിനകം ഒളിവില്‍ പോയിട്ടുണ്ട് എന്നാണ് വിവരം.
തുടര്‍ന്ന് കേസില്‍ നിര്‍ണ്ണായകമായ ഹാര്‍ഡ് ഡിസ്‌ക് ഉള്‍പ്പടെയുള്ള വിവരങ്ങള്‍ നശിപ്പിച്ചതിന് ഹോട്ടല്‍ 18 ഉടമ റോയി വയലാട്ടിനെ അടക്കം ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റോയ് വയലാട്ടിനെ ഇന്നു കോടതിയില്‍ ഹാജരാക്കാനിരിക്കെ രക്തസമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യ നില മെച്ചപ്പെടുന്നത് അനുസരിച്ചായിരിക്കും കോടതിയില്‍ ഹാജരാക്കുക. ഇയാള്‍ക്കൊപ്പം അറസ്റ്റിലായ 5 ജീവനക്കാരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: