കുമ്മനം രാജശേഖരന്‍
പൂനെ കേന്ദ്രമാക്കി ആള്‍ ഇന്ത്യാ നേച്ചര്‍ ക്യൂര്‍ ഫൗണ്ടേഷന്‍ ട്രസ്റ്റിനും പ്രകൃതി ചികിത്സാ ക്ലിനിക്കിനും സാനിട്ടോറിയത്തിനും മഹാത്മാഗാന്ധി രൂപം നല്‍കിയത് 1945 നവംബര്‍ 18നാണ്. ഈ ദിവസം പ്രകൃതി ചികിത്സാദിനമായി ആചരിച്ചു വരുന്നു. ട്രസ്റ്റിന്റെ സ്ഥാപക ചെയര്‍മാന്‍ സ്ഥാനവും അന്ന് അദ്ദേഹം ഏറ്റെടുത്തു. പൊതുജനാരോഗ്യം ഉറപ്പു വരുത്താന്‍ പ്രകൃതി ചികിത്സയ്‌ക്ക് കഴിയുമെന്ന് ഗാന്ധിജി അസന്നിഗ്ധമായി പ്രഖ്യാപിച്ചു. ബാങ്ക് അക്കൗണ്ടില്‍ ഒപ്പുവെക്കുവാന്‍ എതിര്‍പ്പ് കാട്ടിയിട്ടുള്ള അദ്ദേഹം, പക്ഷെ പ്രകൃതി ചികിത്സയ്‌ക്കായുള്ള ട്രസ്റ്റിന്റെ ബാങ്ക് രേഖകളില്‍ ഒപ്പുവെക്കാന്‍ തയ്യാറായി. ഇതെല്ലാം പ്രകൃതി ചികിത്സയോടുള്ള ഗാന്ധിജിയുടെ പ്രതിബദ്ധതയും കടപ്പാടുമാണ് കാണിക്കുന്നത്.
ഗാന്ധിജിയും പ്രകൃതി ചികിത്സയും
പൂനെയിലെ പ്രകൃതി ചികിത്സാ കേന്ദ്രത്തില്‍ അദ്ദേഹം 150 ദിവസം താമസിച്ചിട്ടുണ്ട്. സ്വയം ചികിത്സയ്‌ക്ക് തയ്യാറാകുക മാത്രമല്ല, കസ്തൂര്‍ബാ, വല്ലഭഭായ് പട്ടേല്‍, സരോജിനി നായിഡു, നെഹ്‌റു, തുടങ്ങി നിരവധി പ്രമുഖരെ ഇവിടേക്ക് ക്ഷണിച്ചു വരുത്തുകയും ചികിത്സ നടത്തുകയും ചെയ്തു.
പൂനെയില്‍ 1929ല്‍ ആണ് നേച്ചര്‍ ക്യൂര്‍ ക്ലിനിക്കും സാനിട്ടോറിയവും ഡോ. ദില്‍ഷാമേത്ത ആരംഭിക്കുന്നത്. 1986 ഡിസംബര്‍ 22ന് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് നാച്യുറോപ്പതി എന്ന പേരില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ദേശീയ പ്രകൃതി ചികിത്സാ കേന്ദ്രമായി പ്രഖ്യാപിച്ചു.
1945 നവംബര്‍ 19ന് സ്ഥാപിതമായ ട്രസ്റ്റിന്റെ പ്രധാന ദൗത്യം പ്രകൃതിയോടിണങ്ങിയ ആരോഗ്യരക്ഷയാണ്. ‘പ്രകൃതി ചികിത്സയെ കുറിച്ചുള്ള ബോധവത്കരണം സാധ്യമാക്കുകയും പാവപ്പെട്ടവര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ജനങ്ങള്‍ക്കും ആരോഗ്യ ജീവിതം ഉറപ്പാക്കുകയും ചെയ്യുന്ന ഒരു സ്ഥിര കേന്ദ്രം എന്നതിലുപരി മെച്ചപ്പെട്ട പ്രകൃതി ചികിത്സാപഠനം ലഭ്യമാകുന്ന സര്‍വകലാശാലയായി ഈ സ്ഥാപനം ഉയര്‍ത്തുകയും വേണം’ എന്നാണ് ഗാന്ധിജി പറഞ്ഞിരുന്നത്. 1975 മാര്‍ച്ച് 17ന് ഈ സ്ഥാപനത്തിന്റെ എല്ലാ സ്വത്തുക്കളും ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാരിന് ട്രസ്റ്റ് വിട്ടുകൊടുത്തു.
ബ്രഹ്മാണ്ഡത്തിന്റെ ചെറിയ രൂപമായ പിണ്ഡാണ്ഡമാണ് ശരീരമെന്ന തത്വമാണ് പ്രകൃതിചികിത്സയുടെ ആധാരം. ഗാന്ധിജിയുടെ സത്യാന്വേഷണ പരീക്ഷണം ജീവിതലക്ഷ്യത്തെക്കുറിച്ചുള്ള സുചിന്തിതമായ കാഴ്ചപ്പാട് വ്യക്തമാക്കുന്നു. മണ്ണ്, ജലം, വായു, അഗ്നി, ആകാശം എന്നീ പഞ്ചഭൂതങ്ങള്‍ കൊണ്ട് നിര്‍മിതമായ മനുഷ്യശരീരത്തിന്റെ നിദാനം പ്രാണശക്തിയാണെന്നും പ്രാണസ്വരൂപമാണ് സത്യമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രകൃതിയെ കീഴടക്കാനും പ്രകൃതി വിഭവങ്ങളെ ചൂഷണം ചെയ്യാനുമുള്ള മനുഷ്യന്റെ ത്വരയാണ് ആപത്കരമായ ഒരു സ്ഥിതി വിശേഷം സംജാതമാകുവാനുള്ള പ്രധാനകാരണം. ഗാന്ധിജി പറഞ്ഞു, ‘ഈ ഭൂമുഖത്ത് എല്ലാ മനുഷ്യരുടേയും ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുവാന്‍ വേണ്ട വിഭവങ്ങളുണ്ട്. എന്നാല്‍ ഒരാളുടെ ദുര തൃപ്തിപ്പെടുത്തുവാന്‍ അത് മതിയാകില്ല.’ ആവശ്യത്തെയും ആര്‍ത്തിയെയും അദ്ദേഹം വ്യക്തമായി വേര്‍തിരിച്ചു ചൂണ്ടിക്കാട്ടി. ആര്‍ത്തി മനുഷ്യമനസ്സില്‍ സൃഷ്ടിച്ച സംഹാരചൂഷണ വ്യഗ്രത നാശനഷ്ടങ്ങള്‍ക്കും ദുരന്തങ്ങള്‍ക്കും ഇടനല്‍കി. പാരിസ്ഥിതികരംഗത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ വിനാശകരമായ കാഴ്ചപ്പാടും സമീപനവുമാണ് ആരോഗ്യരംഗത്തെ ഒന്നാകെ തളര്‍ത്തിയത്. മനുഷ്യനും പ്രകൃതിയും രണ്ടാണെന്നും പ്രകൃതി മനുഷ്യനു വേണ്ടിയുള്ളതാണെന്നുമുള്ള വികലമായ വീക്ഷണം ജീവിതശൈലിയെ തന്നെ മാറ്റിമറിച്ചു.
ഗാന്ധിജി ഹരിജന്‍ മാസികയില്‍ 1946 ഏപ്രില്‍ 7ന് എഴുതി. ‘പ്രകൃതിചികിത്സ ശരിയായ ജീവിതരീതിയാണ് പഠിപ്പിക്കുന്നത്. അയാളുടെ ശരിയായ താല്പര്യം ആരംഭിക്കുന്നത് സാധാരണ ഡോക്ടറുടേത് അവസാനിക്കുമ്പോഴാണ്. പ്രകൃതിചികിത്സകന്‍ രോഗിക്ക് ഒരിക്കലും ചികിത്സ വില്‍ക്കില്ല. ശരിയായ വഴി കാട്ടികൊടുക്കുകയാണ് ചെയ്യുന്നത്. രോഗത്തില്‍ നിന്നും രോഗി രക്ഷപ്പെടുക മാത്രമല്ല ഭാവിയില്‍ രോഗിയാകാതിരിക്കാനും സഹായകമാകും. രോഗത്തെക്കുറിച്ചു പഠിക്കാനാണ് സാധാരണ ചികിത്സകന്‍ ശ്രമിക്കാറ്. പക്ഷേ പ്രകൃതിചികിത്സകന്‍ ആരോഗ്യത്തെക്കുറിച്ചാണ് പഠിക്കുന്നത്.’
പ്രകൃതിയോടൊപ്പം ജീവനം
ആരോഗ്യരംഗത്ത് ഒട്ടേറെ ഗവേഷണപഠനങ്ങളും നീരിക്ഷണങ്ങളും പരീക്ഷണങ്ങളും നടന്നുവരുന്ന കാലമാണിത്. സുഖമായി ജീവിക്കണമെന്ന മനുഷ്യന്റെ ആഗ്രഹാഭിലാഷങ്ങള്‍ അമിതമാവുകയും അതിരുകടക്കുകയും ചെയ്തതുകൊണ്ട് വാഗ്ദാനങ്ങളും അവകാശവാദങ്ങളുമായി വരുന്ന ലാഭക്കൊതിയന്മാര്‍ക്ക് നല്ലൊരു മേച്ചില്‍ സ്ഥലമായി ആരോഗ്യരംഗം മാറി. തന്മൂലം എളുപ്പമാര്‍ഗത്തിലൂടെ ആരോഗ്യം നേടാനുളള അഭിനിവേശം വര്‍ധിച്ചു. വളരെ പെട്ടന്ന് രോഗം ഭേദമാക്കുന്ന എളുപ്പമാര്‍ഗം തേടിയുള്ള മനുഷ്യന്റെ ത്വര മൂലം ആരോഗ്യസങ്കല്പങ്ങളില്‍ വ്യതിയാനം സംഭവിച്ചു. മരുന്ന് കഴിക്കുന്നത് ഒരു ജീവിതചര്യയായി, അവിഭാജ്യ ഘടകമായി. നമ്മുക്ക് ചുറ്റുമുള്ള പ്രകൃതിയെയും ആവാസവ്യവസ്ഥയെയും കണക്കിലെടുക്കാതെ രോഗം എങ്ങനെയും മാറുക എന്നത് മാത്രം ലക്ഷ്യമാക്കിയുള്ള ചികിത്സാ പദ്ധതികള്‍ക്ക് മുന്‍തൂക്കം ലഭിച്ചു. തന്മൂലം പ്രകൃതിയില്‍ നിന്നും അന്യമായി സ്വാര്‍ത്ഥ ജീവിതം നയിക്കുന്നവരായി സമൂഹം മാറി.
ആഹാരം, ചികിത്സ, ഉറക്കം തുടങ്ങി നിത്യജീവിതത്തില്‍ നാം ബന്ധപ്പെടുന്ന ഒട്ടേറെ കാര്യങ്ങളില്‍ വ്യക്തമായ ധാരണയും അറിവും പലര്‍ക്കുമില്ല. ആധുനിക ശാസ്ത്രത്തിന്റെ നേട്ടങ്ങളുടെ പേരില്‍ പറഞ്ഞു പ്രചരിക്കുന്നത് പലതും ശരിയാണോ എന്ന് പരിശോധിക്കാനുളള സന്നദ്ധതയും പലരും കാട്ടാറില്ല. പ്രചരിക്കുന്നത് എല്ലാം സര്‍വസമ്മതമാണെന്ന ധാരണ വെച്ചുപുലര്‍ത്തുന്നതിനാല്‍ ചോദ്യം ചെയ്യുന്നത് പോയിട്ട് വിശകലനം ചെയ്യുന്നത് പോലും കാലത്തിനു യോജിച്ചതല്ലെന്നതാണ് പരക്കെയുളള വിശ്വാസം. പക്ഷെ വിവിധ വശങ്ങള്‍ പഠിച്ചു ശരിയായതിനെ ഉള്‍ക്കൊള്ളാനും അംഗീകരിക്കാനുമുളള ആര്‍ജവം ഈ തലമുറയ്‌ക്ക് ഉണ്ടായേ പറ്റൂ.
വേഗതയാര്‍ന്ന ജീവിത നെട്ടോട്ടത്തില്‍ മാനവജീവിതം സംഘര്‍ഷപൂര്‍ണവും സ്വാര്‍ത്ഥപ്രേരിതവുമാകുന്നു. എങ്ങനെയും സുഖമായി ജീവിക്കുക, ചെയ്യുന്ന ഏതിനും ലാഭം ഉണ്ടാക്കുക തുടങ്ങി സ്വാര്‍ത്ഥ പ്രേരിതമായ ലക്ഷ്യങ്ങള്‍ നേടിയെടുക്കുകയാണ് ജീവിതത്തിന്റെ ഉദ്ദേശ്യമെന്ന് പലരും കരുതുന്നു. ആരോഗ്യപരിപാലനത്തിലല്ല ആരോഗ്യ സംരക്ഷണത്തിനാണ് മുന്‍തൂക്കം. നല്ല വായു, നല്ല വെള്ളം, നല്ല മണ്ണ് തുടങ്ങി ആരോഗ്യ പരിപാലത്തിനുതകുന്ന ജീവിത സാഹചര്യം ഒരുക്കാന്‍ പലപ്പോഴും കഴിയുന്നില്ല. മനുഷ്യന്റെ സ്വാര്‍ത്ഥ നേട്ടങ്ങള്‍ക്കു വേണ്ടി പ്രകൃതിയെ നശിപ്പിക്കുന്നു. തന്മൂലം ആവാസവ്യവസ്ഥ ഒന്നാകെ താളം തെറ്റി. ജീവിതശൈലീ രോഗങ്ങള്‍ രംഗപ്രവേശം ചെയ്തു. പരമ്പരാഗതമായ നാട്ടറിവുകളെയും ജീവിതധാര്‍മിക മൂല്യങ്ങളെയും ഉപേക്ഷിച്ചു. പുത്തന്‍ പരിഷ്‌കാരത്തിന്റെയും ചികിത്സാസമ്പ്രദായങ്ങളുടെയും പിന്നാലെ പരക്കം പാഞ്ഞു. മദ്യം, മയക്കുമരുന്ന്, ആത്മഹത്യ തുടങ്ങിയ പലതിലും അഭയം തേടുന്നു. സമകാലിക ജീവിത യാഥാര്‍ഥ്യങ്ങള്‍ നല്‍കുന്ന പുത്തന്‍ പാഠങ്ങള്‍ മെച്ചപ്പെട്ട ജീവിതം നയിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പ്രകൃതിയുമായി ഇണങ്ങിച്ചേര്‍ന്ന് ആരോഗ്യപരിപാലനവും ചികിത്സയും സാധ്യമാകുമെന്ന് അര്‍ത്ഥശങ്കകള്‍ക്കിടയില്ലാത്ത വിധത്തില്‍ മഹാത്മാഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്.
പ്രകൃതിയോടൊപ്പം ജീവിക്കണമെന്നാണ് ആര്‍എസ്എസ് സര്‍സംഘ ചാലക് മോഹന്‍ ഭഗവത് വിജയദശമി സന്ദേശത്തില്‍ വ്യക്തമാക്കിയത്. പ്രകൃതിദത്തമായ ആരോഗ്യസംരക്ഷണ രീതിയാണ് കൊവിഡ് മഹാമാരിയില്‍ നിന്ന് ഭാരതീയരുടെ രക്ഷയ്‌ക്ക് എത്തിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മനുഷ്യന്റെ താളം തെറ്റിയ ജീവിതശൈലിയും പ്രക്ഷുബ്ധമായി കൊണ്ടിരിക്കുന്ന പരിസ്ഥിതിയും താറുമാറായ ആവാസവ്യവസ്ഥയും സൃഷ്ടിക്കുന്ന പ്രതിസന്ധികളും പ്രതിബന്ധങ്ങളും നാടിനെ വിനാശകരമായ സ്ഥിതിവിശേഷത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോകുന്ന പശ്ചാത്തലത്തിലാണ് ഈ വര്‍ഷത്തെ പ്രകൃതി ചികിത്സാ ദിനാഘോഷം നടക്കുന്നത്. ആരോഗ്യസംരക്ഷണവും സന്തുലിത ജീവിത ശൈലിയും ഉറപ്പുവരുത്തുവാന്‍ ആവശ്യമായ സാമൂഹിക ബോധവത്ക്കരണവും കര്‍മപദ്ധതികളും അനിവാര്യമായി തീര്‍ന്നിരിക്കുന്നു. ഭാരതത്തിന്റെ തനതു പ്രകൃതി ജീവനശൈലിയുടെ സന്ദേശം ജനങ്ങളില്‍ എത്തിക്കുവാന്‍ ഈ ദിനാഘോഷത്തിനു സാധിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: