ന്യൂദല്‍ഹി:തങ്ങളുടെ സമയം ഗുണനിലവാരമുള്ള സംവാദങ്ങള്‍ക്ക് ഉപയോഗപ്പെടുത്തണമെന്ന് പാര്‍ലമെന്റംഗങ്ങളോട് അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനം നവമ്പര്‍ 29ന് തുടങ്ങാനിരിക്കെയാണ് പ്രധാനമന്ത്രി ഒരു ഓണ്‍ലൈന്‍ സന്ദേശത്തില്‍ ഇക്കാര്യം അഭ്യര്‍ത്ഥിച്ചത്.
കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനം ബഹളത്തില്‍ മുങ്ങി കാര്യമായൊന്നും ചര്‍ച്ച ചെയ്യാതെ പിരിയുകയായിരുന്നു. പ്രതിപക്ഷത്തിന്റെ എന്തിനും ഏതിനും നിലവാരമില്ലാതെ ബഹളവും അതിക്രമവും കാണിക്കുന്ന പെരുമാറ്റ രീതിയ്ക്കെതിരെ വലിയ വിമര്‍ശനമാണ് കഴിഞ്ഞ തവണ ഉയര്‍ന്നത്. വരാനിരിക്കുന്ന പാര്‍ലമെന്റ് ശീതകാല സമ്മേളനവും ഇത്തരം അനാവശ്യബഹളത്തില് മുങ്ങി പാഴായിപ്പോകരുതെന്ന ആഗ്രഹമാണ് പ്രധാനമന്ത്രിയെ ഇത്തരമൊരു അഭ്യര്‍ത്ഥനയ്ക്ക് പ്രേരിപ്പിച്ചത്.
കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനകാലത്ത് രാജ്യസഭയില്‍ പ്രതിപക്ഷാംഗങ്ങള്‍ ബഹളവും അതിക്രമവും കാട്ടി തുടര്‍ച്ചയായി സമ്മേളനം തടസ്സപ്പെടുത്തിക്കൊണ്ടിരുന്നപ്പോള് എത്രയോ കാലം സഭാംഗമായിരുന്ന രാജ്യസഭാധ്യക്ഷന് വെങ്കയ്യ നായിഡു നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞുപോയത് വാര്‍ത്തയായിരുന്നു. സഭയുടെ പരിശുദ്ധി ലംഘിക്കുന്ന തരത്തിലുള്ള പെരുമാറ്റ രീതി കണ്ട് മനംനൊന്തായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം. ചില അംഗങ്ങള്‍ അന്ന് മേശപ്പുറത്ത് കയറിനിന്ന് പ്രതിഷേധിക്കുകയും സഭാരേഖകള്‍ ചീന്തിയെറിയുകയും ഫയലുകള്‍ വലിച്ചെറിയുകയും ചെയ്തു. ഒന്നരമണിക്കൂറോളം നേരമാണ് ചില അംഗങ്ങള്‍ മേശപ്പുറത്ത് കയറിക്കുത്തിയിരുന്നത്. പല കുറി സഭാസമ്മേളനം നീട്ടിവെയ്ക്കേണ്ടി വന്നപ്പോഴാണ് വെങ്കയ്യ നായിഡു സഭുടെ ദുസ്ഥിതിയോര്‍ത്ത് പൊട്ടിക്കരഞ്ഞത്.
ഇക്കഴിഞ്ഞ വര്‍ഷകാല സമ്മേളനം രണ്ടാം മോദി സര്‍ക്കാര്‍ ഭരണത്തിലെ ഏറ്റവും ഉല്പാദനക്ഷമത കുറഞ്ഞ സെഷനായാണ് വിലയിരുത്തപ്പെട്ടത്. ലോക്സഭയുടെ ഉല്പാദനക്ഷമത വെറും 22 ശതമാനം മാത്രമാണെന്നായിരുന്നു കണക്കാക്കിയത്. 151മണിക്കൂറുകള്‍ ബഹളം വെ്ച്ച് സഭാസമയം പ്രതിപക്ഷം പാഴാക്കി. ആകെ 49 മണിക്കൂര്‍ മാത്രമാണ് എന്തെങ്കിലും നടന്നത്.ഇതിന് മുന്‍പ് 2016ലായിരുന്നു ഏറ്റവും ഉല്പാദനക്ഷമത കുറഞ്ഞ ലോക്സഭാ സമ്മേളനം നടന്നത്. അന്ന് 15.75 ശതമാനമായിരുന്നു ഉല്പാദനക്ഷത.
അംഗങ്ങള്‍ സഭയില്‍ ഭാരതീയ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. മാത്രമല്ല, പാര്‍ലമെന്റില്‍ ഓരോ വര്‍ഷവും മൂന്നോ നാലോ ദിവസങ്ങള്‍ അംഗങ്ങള്‍ അവരുടെ പൊതുജീവിതത്തിലെ അനുഭവങ്ങള്‍ പങ്കുവെയ്ക്കാന്‍ വിനിയോഗിക്കണമെന്നും മോദി പറഞ്ഞു.
നവമ്പര്‍ 29നാണ് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കുക. സമ്മേളനം ഡിസംബര്‍ 23ന് അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: