കൊച്ചി: ഹലാല്‍ ശര്‍ക്കര ശബരിമല പ്രസാദത്തിന് ഉപയോഗിച്ചതില്‍ ഇടപെട്ട് ഹൈക്കോടതി. സംഭവത്തില്‍ ദേവസ്വം ബോര്‍ഡിനോട് കോടതി റിപ്പോര്‍ട്ട് തേടി. ശബരിമല കര്‍മ്മസമിതി ജനറല്‍ കണ്‍വീനര്‍ എസ്. ജെ. ആര് കുമാര്‍ നല്കിയ ഹര്‍ജിയാലാണ് ഹൈക്കോടതിയുടെ കോടതി ഇടപെടല്‍. അപ്പം, അരവണ പ്രസാദത്തിനുപയോഗിച്ച ശര്‍ക്കര പാക്കറ്റുകളില്‍ ഹലാല്‍ മുദ്രയുണ്ടായിരുന്നുവെന്ന് ദേവസ്വം ബോര്‍ഡ് കോടതിയെ സമ്മതിച്ചു. തുടര്‍ന്ന് സ്പെഷ്യല്‍ കമ്മീഷണര്‍ നാളെ റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു.
മറ്റ് മതസ്ഥരുടെ മുദ്രവെച്ച ആഹാര സാധനങ്ങള്‍ ശബരിമലയില്‍ ഉപയോഗിയ്ക്കാന്‍ പാടില്ലെന്ന കീഴ് വഴക്കം ദേവസ്വം ബോര്‍ഡ് ലംഘിച്ചിരിക്കുകയാണെന്ന് ഹര്ജിക്കാരന് ആരോപിച്ചു. കയറ്റുതി യോഗ്യതകളുണ്ടായിട്ടും ഭക്ഷ്യയോഗ്യമല്ലാത്തതിനാലാണ് ഹലാല്‍ മുദ്രപതിച്ച ശര്‍ക്കര കുറഞ്ഞ വിലയ്ക്ക് ബോര്‍ഡിന് ലഭിച്ചത്. ഇത്തരത്തില്‍ ഭക്ഷ്യയോഗ്യമല്ലാത്ത ശര്‍ക്കര ഉപയോഗിച്ച് പ്രസാദം നിര്‍മ്മിച്ചത് ഗുരുതരമായ കുറ്റമാണ്. ലേലത്തില്‍ പോയ ഭക്ഷ്യയോഗ്യമല്ലാത്ത ശര്‍ക്കര പിടിച്ചെടുത്ത് നശിപ്പിയ്ക്കണമെന്നും എസ്. ജെ. ആര് കുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഹലാല്‍ ശര്‍ക്കരയാണ് ശബരിമലയിലെ പ്രധാന വഴിപാടായ അരവണയും ഉണ്ണിയപ്പവും നിര്‍മിക്കാനുപയോഗിച്ചത്. ദേവന് നിവേദിക്കാനുള്ള നൈവേദ്യം തയ്യാറാക്കാനും ഹലാല്‍ ശര്‍ക്കരതന്നെ ഉപയോഗിച്ചതായി ഭക്തര്‍ ആശങ്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കരാര്‍ നല്‍കിവാങ്ങിയ ലക്ഷക്കണക്കിന് കിലോ ഹലാല്‍ ശര്‍ക്കര ഉപയോഗിക്കാതെ സന്നിധാനത്തും പമ്പയിലുമുള്ള സംഭരണശാലകളിലുണ്ട്.
ഈ തീര്‍ത്ഥാടനകാലത്തിനു മുമ്പ് നടത്തിയ പരിശോധനയില്‍ ഈ ശര്‍ക്കര ഉപയോഗയോഗ്യമല്ല എന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഭക്ഷ്യയോഗ്യമല്ലാത്ത ശര്‍ക്കര നശിപ്പിച്ചുകളയാതെ ദേവസ്വം ബോര്‍ഡ് വാങ്ങിയതിനേക്കാള്‍ കുറഞ്ഞവിലയ്ക്ക് വില്‍ക്കുകയാണ്. പൂനെ ആസ്ഥാനമായുള്ള സ്വകാര്യകമ്പനിയാണ് ശര്‍ക്കര എത്തിച്ചത്. കിലോയ്ക്ക് മുപ്പത്തിഅഞ്ചുരൂപയിലേറെ വില നല്‍കിയാണ് ഇത്വാങ്ങിയത്.
ഇതിന്റെ പകുതിവിലയ്ക്കും താഴെയാണ് ഇപ്പോള്‍ വിറ്റഴിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ തീര്‍ത്ഥാടനക്കാലം ആരംഭിക്കും മുന്‍പേ ശബരിമലയില്‍ ഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ശബരിമലയില്‍ ഭക്തരുടെ എണ്ണം നാമമാത്രമായി പരിമിതപ്പെടുത്തിയിട്ടും പ്രസാദനിര്‍മാണത്തിന് വന്‍തോതില്‍ ശര്‍ക്കരയും മറ്റും വാങ്ങിയതില്‍ ദുരൂഹതയുണ്ട്. ഉപയോഗിക്കാതെ ശേഖരിച്ചുവച്ചാല്‍ ഉപയോഗയോഗ്യമല്ലാതാകും എന്നറിയാമായിട്ടും വന്‍തോതില്‍ വാങ്ങിയതിനുപിന്നില്‍ അഴിമതിയുണ്ടോ എന്നും സംശയമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: