തളിപ്പറമ്പ്: ഇടുക്കി തൊടുപുഴയില്‍ നടന്ന സംസ്ഥാന വെയ്റ്റ് ലിഫ്റ്റിങ്ങില്‍ മികച്ച നേട്ടത്തിന് ഉടമകളായ സഹോദരിമാര്‍ നാടിന്റെ അഭിമാനമായി മാറി. തളിപ്പറമ്പ് കൂവോട് സ്വദേശികളായ വൃന്ദയും നന്ദനയുമാണ് വെയ്റ്റ് ലിഫ്റ്റിങ്ങില്‍ അഭിമാനകരമായ നേട്ടം കൊയ്തത്. ഇവരുടെ വല്ല്യച്ഛന്റെ മകള്‍ ഐശ്വര്യയും വെയ്റ്റ് ലിഫ്റ്റിങ്ങില്‍ മികച്ച പ്രകടനം നടത്തിയതോടെ ഇരട്ട സന്തോഷത്തിലാണ് കുടുംബം.
ഒരു കുടുംബത്തിലെ മൂന്നുപേര്‍ സംസ്ഥാന വെയ്റ്റ് ലിഫ്റ്റിങ്ങില്‍ മികച്ച നേട്ടത്തിന് ഉടമകകളായതിന്റെ സന്തോഷത്തിലാണ് നാട്ടുകാരും ബന്ധുക്കളും. ഇടുക്കി തൊടുപുഴയില്‍ നടന്ന മത്സരങ്ങളില്‍ 49 കിലോ വിഭാഗത്തില്‍ സബ് ജൂനിയര്‍ വിഭാഗത്തില്‍ സ്വര്‍ണ്ണവും ജൂനിയര്‍ വിഭാഗത്തില്‍ വെള്ളിയുമാണ് വൃന്ദക്ക് ലഭിച്ചത്. സഹോദരി നന്ദനക്ക് 55 കിലോ കാറ്റഗറിയില്‍ ജൂനിയര്‍ വിഭാഗത്തില്‍ നാലാം സ്ഥാനം ലഭിച്ചു. അച്ഛന്റെ സഹോദരന്റെ മകള്‍ ഐശ്വരയ്ക്ക് ജൂനിയര്‍ വിഭാഗത്തിലെ 76 കിലോ കാറ്റഗറിയില്‍ ആറാം സ്ഥാനവുമാണ് ലഭിച്ചത്.
സംസ്ഥാന വെയ്റ്റ് ലിഫ്റ്റിങ്ങില്‍ പങ്കെടുക്കുന്നതിനായി കഴിഞ്ഞ 2 വര്‍ഷത്തോളമായി കഠിന പരിശീലനത്തിലായിരുന്നു മൂവരും. 1991-93 വര്‍ഷങ്ങളില്‍ സര്‍വ്വകലാശാല തലത്തില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി വെയ്റ്റ് ലിഫ്റ്റിങ്ങില്‍ ചാമ്പ്യനായിരുന്ന നിര്‍മാണ തൊഴിലാളിയായ അച്ഛന് നാരായണന്‍കുട്ടിയുടെ ചിട്ടയായ പരിശീലനമാണ് തങ്ങളെ മെഡല്‍ നേട്ടത്തിലേക്കെത്തിച്ചതെന്ന് വൃന്ദ പറഞ്ഞു.
തളിപ്പറമ്പ് മൂത്തേടത്ത് എച്ച്എസ്എസില്‍ പത്താം തരം വിദ്യാര്‍ത്ഥിനിയായ വൃന്ദയും തൃശൂരില്‍ ഗവ.എഞ്ചിനീയറിംഗ് കോളേജില്‍ സിവില്‍ എഞ്ചിനീയറിംഗില്‍ പ്രവേശനം നേടി കാത്തിരിക്കുന്ന നന്ദനയും കൂവോട് കൃഷിഭവനില്‍ താല്കാലിക ജീവനക്കാരിയായ ഐശ്വര്യയും വെയ്റ്റ് ലിഫ്റ്റിങ്ങില്‍ കൂടുതല്‍ നേട്ടങ്ങള്‍ക്കായുളള തയ്യാറെടുപ്പിലാണ്. കോച്ചിംഗിനയച്ചും പരിശീലനത്തിന് വീട്ടിനുള്ളില്‍ പ്രത്യേക മുറി തയ്യാറാക്കിയും മക്കളെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കാനുള്ള ശ്രമത്തിലാണ് അച്ചന് നാരായണന് കുട്ടിയും കൊളച്ചേരി പഞ്ചായത്തിലെ ഓഫീസ് അസിസ്റ്റന്റ് തസ്തികയില്‍ ജോലി ചെയ്യുന്ന അമ്മ മിനിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: