കാസര്‍കോട്: സൗകര്യങ്ങളുള്ള ആശുപത്രികള്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശം പാലിച്ച്ഏത് സമയവും പോസ്റ്റ് മോര്‍ട്ടം നടത്താമെന്ന് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തെ സ്വാഗതം ചെയ്തു കൊണ്ട് പൊതു സമൂഹം. കേരളത്തില്‍ നടപ്പിലാകണമെങ്കില്‍ കോടതി വിധിക്കായി കാത്തിരിക്കണം. സൂര്യാസ്തമയത്തിന് ശേഷം പോസ്റ്റ് മോര്‍ട്ടം പാടില്ലെന്ന ബ്രിട്ടീഷ് കാലത്തെ നിയമത്തിനാണ് ഇതോടെ മാറ്റമുണ്ടാകുന്നത്.
വെളിച്ചത്തിന്റെ ലഭ്യതക്കുറവും തെളിവുകള്‍ നശിപ്പിക്കപ്പെടാനുള്ള സാധ്യതയും ചൂണ്ടിക്കാട്ടിയായിരുന്നു ഇക്കാര്യത്തില്‍ നിയന്ത്രണമുണ്ടായിരുന്നത്. അതേസമയം കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം വന്നെങ്കിലും കാസര്‍കോട് ജനറല്‍ ആശുപത്രിയിലും സംസ്ഥാനത്തെ ആറ് മെഡിക്കല്‍ കോളജുകളിലും രാത്രികാല പോസ്റ്റ് മോര്‍ട്ടം നടപടികള്‍ ഹൈക്കോടതിയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഈ മാസം 20ന് വിധിവരും. കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തിന്റെ പശ്ചാത്തലത്തില്‍ അനുകൂല തീരുമാനം കോടതിയില്‍ നിന്നുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായി എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എ ജന്മഭൂമിയോട് പറഞ്ഞു.
2015ല്‍ യുഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്തെ ആറ് മെഡിക്കല്‍ കോളജുകളിലും കാസര്‍കോട് ജനറല്‍ ആശുപത്രിയിലും രാത്രിയിലും പോസ്റ്റ് മോര്‍ട്ടം നടത്താന്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മെഡിക്കോ ലീഗല്‍ സൊസൈറ്റി ഹൈക്കോടതിയെ സമീപിച്ചു. അതോടെ ഹൈക്കോടതി ആ ഉത്തരവ് മരവിപ്പിച്ചു.
ഡോക്ടര്‍മാര്‍ സ്വീകരിച്ച നിലപാടിനെ ചോദ്യം ചെയ്ത് എംഎല്‍എ അടക്കം 2017ല്‍ ഹൈക്കോടതിയില്‍ ഹരജി നല്‍ക്കുകയായിരുന്നു. രാത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തുന്നതുമായി ബന്ധപ്പെട്ട് ഗുജറാത്ത് സര്‍ക്കാര്‍ സ്വീകരിച്ച നയം അടക്കമുള്ള കാര്യങ്ങള്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നീണ്ട നിയമ പോരാട്ടത്തിന് ഒടുവിലുള്ള വിധിയാണ് 20ന് വരുന്നത്. ആശുപത്രികളില്‍ രാത്രിയില്‍ പോസ്റ്റ് മോര്‍ട്ടം അനുവദിക്കുന്നതിനായി വ്യവസ്ഥകളില്‍ മാറ്റം വരുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം വിജ്ഞാപനം ഇറക്കിയതോടെ ഏറെ പ്രതീക്ഷയിലാണ് കാസര്‍കോട് ജനറല്ആശുപത്രിയും സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളും.
രാത്രിയില്‍ അപകടത്തില്‍ അടക്കം മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി മണിക്കൂറുകളോളം കിടത്തേണ്ടിവരുന്നു. പ്രയാസത്തോടെയാണ് ബന്ധുക്കള്‍ക്ക് കാത്ത് നില്‍ക്കേണ്ടി വരുന്നത്. നിലവില്‍ രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം നാലുവരെ മാത്രമാണ് കാസര്‍കോട് ജനറല്‍ ആശുപത്രിയിലടക്കം പോസ്റ്റ്മോര്‍ട്ടം നടത്തുന്നത്. ഹൈക്കോടതി വിധി അനുകൂലമായാല്‍ രാത്രിയിലും പോസ്റ്റ് മോര്‍ട്ടം നടത്താനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: