നെടുമുടി: സര്‍വത്ര വെള്ളം, കുടിക്കാന്‍ ഒരു തുള്ളി വെള്ളമില്ല എന്നതാണ് കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളിലുള്ളവരുടെ ദുരവസ്ഥ. നെടുമുടി, ചമ്പക്കുളം പഞ്ചായത്തിലെ വിവിധ പ്രദേശത്തുകാര്‍ ശുദ്ധജലം ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്.
നെടുമുടി പമ്പ്ഹൗസിലെ മോട്ടോര്‍ കത്തികേടായിട്ടും നടപടിയില്ലാത്തതാണ് പ്രതിസന്ധി. ഈ പ്രദേശങ്ങളില്‍ പഞ്ചായത്തു പൈപ്പ് ആയിരുന്നു നേരത്തെ കുടിവെള്ളത്തിനുള്ള ഏക ആശ്രയം.എന്നാലിപ്പോള്‍ പലയിടത്തും വീടുകളില്‍ പൈപ്പ് കണക്ഷനായി. എന്നാല്‍ ഒരു വര്‍ഷത്തോളമായി ഹൗസ് കണക്ഷനില്‍ വെള്ളം ലഭിക്കുന്നില്ല.
എസി റോഡില്‍ നെടുമുടി പാലത്തിനു കിഴക്ക് വശത്താണ് പമ്പ് ഹൗസ്. അവിടെ നിന്നാണ് വെള്ളം പമ്പ് ചെയ്യുന്നത്. ചമ്പക്കുളം പഞ്ചായത്തിലെ നെടുമുടി പാലം മുതല്‍ സെന്റ് ജോര്‍ജ് പള്ളി (തെക്കോട്ട് ), കിഴകോട്ട് പോയി പമ്പ് ഹൗസ് വരെയും പഞ്ചായത്തു പൈപ്പ്കളിലും, വീട്ടിലെ പൈപ്പ്കളിലും വെള്ളം എത്തുന്നത് ഇവിടെ നിന്നാണ്. ഇവിടെ നിന്ന് ജലവിതരണം മുടങ്ങിയതോടെ നാട്ടുകാര്‍ പരാതി നല്‍കിയെങ്കിലും പഞ്ചായത്ത് മെമ്പര്‍ മുതല്‍ ജില്ലാ കളക്ടര്‍ വരെ കൈ മലര്‍ത്തുകയാണെന്നാണ് ആക്ഷേപം.
ഗ്രാമ പഞ്ചായത്തിന് മോട്ടോര്‍ നന്നാക്കാനോ, പുതിയത് മേടിക്കാനോ ഫണ്ടില്ല. എംഎല്‍എ ഓഫീസിന് തൊട്ടടുത്താണ് പമ്പ് ഹൗസ്. ജനങ്ങള്‍ ഇപ്പോള്‍ ഗാര്‍ഹികാവശ്യത്തിന് ഉപയോഗിക്കുന്നത് പമ്പയാറ്റിലെ വെള്ളമാണ്. മലിന ജലം ഉപയോഗിക്കുന്നത് മറ്റൊരു പകര്‍ച്ചവ്യാധി ദുരന്തത്തിനിടയാക്കുമോയെന്നാണ് ആശങ്ക. അടിയന്തര നടപടിയുണ്ടാകണമെന്നാണ് ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: