ആനന്ദ് എസ്. നായര്‍
മണ്ഡല കാലമാണ്. സംഘബോധത്തിന്റെ ശരണമന്ത്രം മുഴങ്ങുന്ന പുണ്യകാലം. സംസ്കാരത്തിന്റെ പൂങ്കാവനത്തിലേക്ക് ഭക്തകോടികള്‍ പരമാര്‍ത്ഥം തേടിയെത്തുന്ന തീര്‍ത്ഥാടന കാലം. ഈ തീര്‍ത്ഥാടന കാലവും വെല്ലുവിളികള്‍ നേരിടുന്നു. വ്യാജപ്രചാരണങ്ങളും അമിത നിയന്ത്രണവും ആണ് പുതിയ ആയുധങ്ങള്‍. എല്ലാ വൈദേശിക ശക്തികളുടെയും ആക്രമണങ്ങളെ അതിജീവിച്ച് ലോകത്തിന്റെ ജ്ഞാന സൂര്യനായി തിളങ്ങുന്ന ഭാരതീയ സംസ്കൃതിക്കെതിരെ നടന്ന അതിക്രമ പരമ്പരകളുടെ തുടര്ച്ചായാണിവിടെയും നടമാടുന്നത്.
എഡി 998ല്‍ മഹ്മൂദ് ഗസ്നി മുതല്‍ പിന്നീട് ബാബറും ഖില്‍ജിയുമൊക്കെ അതിര്‍ത്തി കടന്നുവന്ന് ആക്രമിച്ചത് പണത്തിനും പണ്ടത്തിനും വേണ്ടി മാത്രമല്ല ഈ സംസ്കാരത്തെ തകര്‍ക്കാനും കൂടിയായിരുന്നു എന്ന് ചരിത്രം രേഖപ്പെടുത്തുന്നു. ബ്രിട്ടീഷ് ഭരണത്തിലും ഒളിഞ്ഞും തെളിഞ്ഞും ഇത്തരം ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. സ്വാത്രന്ത്ര്യാനന്തരവും ഭരണാധികാരികള്‍ ഇതേ പാത പിന്തുടര്ന്നു എന്നതിനുള്ള ഉദാഹരണങ്ങളാണ് ഇന്നും വൈദേശിക ശക്തിയുടെ പേരും വിലാസവും പേറിനില്ക്കുന്ന നഗരങ്ങളും സ്മാരകങ്ങളും.
ഇത്തരം ആക്രമണങ്ങള്‍ കേരളത്തിലും പലപ്പോഴും ഉണ്ടായിട്ടുണ്ട്. ടിപ്പുവിന്റെ കടന്നാക്രമണങ്ങളും 1921 ല്‍ നടന്ന മാപ്പിള ലഹളയും തുടര്‍ന്ന് തളി മഹാദേവ ക്ഷേവ്രും ശബരിമലയുമൊക്കെ തീ വെച്ച് നശിപ്പിക്കാന്‍ നോക്കിയതും നിലയ്ക്കല്‍ പള്ളി പണിയാന്‍ ശ്രമിച്ചതുമൊക്കെ ഒടുവില്‍ ഇപ്പോള്‍ നടക്കുന്ന വ്യാജപ്രചരണങ്ങളും ആചാരലംഘന നീക്കവുമൊക്കെ അതിന്റെ തുടര്‍ച്ചയാണ്.
2018 ല്‍ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടു വന്ന സുപ്രീം കോടതി വിധി മാര്‍ക്സിസ്റ്റ് ഭരണ വര്‍ഗത്തിനും ഛിദ്രശക്തികള്‍ക്കും കിട്ടിയ തുറുപ്പുചീട്ടായിരുന്നു. മാനവികതയേയും സംസ്കാരത്തെയും പ്രോജ്വലിപ്പിക്കുന്നതില്‍ ശബരിമലയുടെ പങ്കു തിരിച്ചറിയുന്ന വിധ്വംസക ശക്തികള്‍ ഏതുവിധേനയും അതിനെ തകര്‍ക്കാന്‍ ശ്രമിച്ചതിന്റെ ഒടുവിലത്തെ തെളിവാണ് വ്യാജച്ചെമ്പോലയുടെ കടന്നുവരവ്.
ഹിന്ദുഐക്യം തകര്‍ക്കാനായി വിവിധ ജാതികളെ തമ്മിലടിപ്പിക്കാന്‍ നീക്കം ഏറെക്കാലമായി നടക്കുന്നതാണ്. ഇതിനായി മുന്നിട്ടിറങ്ങിയത് കുത്സിത താത്പര്യമുള്ള ഒരു മാധ്യമ സ്ഥാപനവും അവരുടെ റിപ്പോര്‍ട്ടറുമായിരുന്നു. വ്യാജ പുരാവസ്തു കച്ചവടക്കാരനായ മോണ്സണ് മാവുങ്കലിനെ കൂട്ടുപിടിച്ചാണ് ഇത്തരത്തില്‍ ഒരു വ്യാജ ചെമ്പോല അവര്‍ അവതരിപ്പിച്ചത്.
ശബരിമലയിലെ ആചാരങ്ങളെ തെറ്റായി ചിത്രീകരിക്കുന്ന ചെമ്പോല ഭക്തജനങ്ങളെ കമ്പളിപ്പിക്കാന്‍ മാത്രമായി നിര്‍മിച്ചതാണ്. എഡി 893 ല്‍ പന്തളം രാജകുടുംബം എഴുതിക്കൊടുത്ത ശബരിമലയെ സംബന്ധിക്കുന്ന തിട്ടൂരം എന്നാണ് ഇതില്‍ സൂചിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ആ കാലയളവില്‍ പന്തളം രാജവംശം എന്നല്ല ആയുര്കോവില് എന്നോ ചെമ്പഴുന്നൂര് സ്വരൂപം എന്നോ ആയിരുന്നു അറിയപ്പെട്ടിരുന്നത്. നൂറ്റാണ്ടുകളായി നിലനിന്നിരുന്ന പല ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും പറ്റി തെറ്റിദ്ധാരണ പരത്തുകയും അതുവഴി വ്യാജ നവോത്ഥാന നായകന്മാരെ സൃഷ്ടിക്കുകയുമാണ് ഇത്തരം ചെമ്പോലകളുടെ ഉന്നം.
പവിത്ര ഭാരത സംസ്കൃതിയെ ഇല്ലാതാക്കാനുള്ള എല്ലാ ശ്രമങ്ങളെയും പോലെ ചെമ്പോലയും അതിനുപിന്നിലെ ക്രിമിനല്‍ ബുദ്ധികളും തകര്‍ന്നടിയുന്ന കാഴ്ചയാണ് കേരളം കണ്ടത്. അപ്പോഴും ഭരണകൂടം ശബരിമല തീര്‍ത്ഥാടനത്തിന് അമിതനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി അരിശം തീര്‍ക്കുകയാണ്. കരുതിയിരിക്കേണ്ട ഒരു മണ്ഡല കാലമാണിത്. മാനായും മാരീചനായും വരുന്ന വൈദേശികചാരന്മാര്ക്കെതിരെ സമാജം ജാഗ്രത പുലര്‍ത്തണം. പൂര്‍ണമായും വ്യാജവാര്‍ത്തയെന്ന് തെളിഞ്ഞിട്ടും ആ മാധ്യമ സ്ഥാപനം ഹൈന്ദവസമൂഹത്തോട് മാപ്പുപറയാത്തത് ഗൂഢാലോചനയുടെ ആഴം വെളിവാക്കുന്നു. എല്ലാവരും സുഖമായി ഇരിക്കണമെന്ന് പ്രാര്‍ത്ഥിക്കുന്ന, അക്രമിക്കുന്നവരെയും മിത്രമാക്കിമാറ്റുന്ന ഒരു സംസ്കൃതിയുടെ കേന്ദ്രമാണ് ശബരിമല. നാളേയ്ക്ക് കൈമാറേണ്ട ആ പവിത്രപാരമ്പര്യത്തിന്റെ കാവലാളായി ജാഗ്രതയോടെ നിലകൊള്ളേണ്ട ഉത്തരവാദിത്തം കൂടിയുണ്ട് ഭക്തസമൂഹത്തിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: