ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഹൈദര്‍പൊരയില്‍ ചൊവ്വാഴ്ച തീവ്രവാദികളുടെ ഒളികേന്ദ്രവും ആശയവിനിമയത്തിനുപയോഗിച്ചിരുന്ന കാള്‍ സെന്ററും തകര്‍ത്ത് സുരക്ഷാസേന. തീവ്രവാദികള്‍ക്കെതിരായ നീക്കത്തില്‍ വന്‍വിജയമാണിതെന്ന് പൊലീസ് ഐജി വിജയ് കുമാര്‍ പറഞ്ഞു. കൊല്ലപ്പെട്ട നാല് തീവ്രവാദികളില്‍ പാകിസ്ഥാനിലെ കുപ്രസിദ്ധ തീവ്രവാദി ഹൈദര്‍ എന്ന് വിളിക്കപ്പെടുന്ന ബിലാല്‍ ഭായിയും ഉള്‍പ്പെടുന്നു.
ഹൈദര്‍പൊരയില്‍ തിങ്കളാഴ്ച രണ്ട് തീവ്രവാദികളെ സൈന്യം വകവരുത്തിയിരുന്നു. ചൊവ്വാഴ്ചയും രണ്ട് പേരെക്കൂടി വധിച്ചതോടെ ആകെ മരിച്ച തീവ്രവാദികളുടെ എണ്ണം നാലായി. തീവ്രവാദികള്‍ പരസ്പരം ആശയവിനിമയത്തിനുപയോഗിച്ചിരുന്ന വോയ്സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രൊട്ടോക്കോള്‍ (വോയ്പ്) കാള്‍ സെന്ററും തകര്‍ത്തിട്ടുണ്ട്. ഇത് കശ്മീര്‍ താഴ് വരയിലെ തീവ്രവാദപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് വന്‍ തിരിച്ചടിയാണെന്നും പൊലീസ് ഐജി വിജയ് കുമാര്‍ പറഞ്ഞു. ‘ഈ കാള്‍ സെന്റര്‍ വഴിയാണ് തീവ്രവാദികള്‍ ആശയവിനിമയം നടത്തിയിരുന്നതെന്ന വിവരം ഞങ്ങള്‍ ലഭിച്ചിരുന്നു,’ പൊലീസ് ഐജി വിജയകുമാര്‍ പറഞ്ഞു.
കൊല്ലപ്പെട്ട നാല് തീവ്രവാദികളില്‍ പാകിസ്ഥാനില്‍ നിന്നുള്ള ഒരു കുപ്രസിദ്ധ തീവ്രവാദി ബിലാല്‍ ഭായി എന്നറിയപ്പെടുന്ന ഹൈദറും ഉള്‍പ്പെടുന്നു. ഇയാളുടെ പ്രാദേശിക കൂട്ടാളി, കെട്ടിടഉടമ, പുറത്ത് കാര്യങ്ങള്‍ സംഘടിപ്പിക്കുന്നയാള്‍ എന്നിങ്ങനെ നാല് തീവ്രവാദികളെയാണ് കൊലപ്പെടുത്തിയത്. കെട്ടിട ഉടമ അല്‍ത്താഫ് അഹമ്മദ് തീവ്രവാദികളും സുരക്ഷാസേനയും തമ്മിലുള്ള വെടിവെയ്പിനിടയില്‍ കുടുങ്ങി യാദൃച്ഛികമായി കൊല്ലപ്പെട്ടത്. പക്ഷെ തന്റെ കെട്ടിടം തീവ്രവാദികള്‍ക്ക് വാടകയ്ക്ക് കൊടുത്തിരുന്ന കാര്യം അയാള്‍ പൊലീസിനെ അറിയിച്ചിരുന്നില്ലെന്നും ഐജി വിജയകുമാര്‍ പറഞ്ഞു.
‘ഈ ഒളികേന്ദ്രം പ്രാദേശിക തീവ്രവാദികള്‍ ഉപയോഗിച്ചിരുന്നതാണ്. ഞായറാഴ്ച് സുരക്ഷാസേനയുമായി നടത്തിയ ഏറ്റുമുട്ടലില്‍ പരിക്കേറ്റ തീവ്രവാദിയെ ഇവിടെ കൊണ്ടുവന്നിരുന്നു. കാള്‍ സെന്ററിനടുത്ത് ഒരു ഒളികേന്ദ്രമുണ്ട്. ഇവിടെയാണ് വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള തീവ്രവാദികള്‍ ഒത്തുചേര്‍ന്നിരുന്നത്. ശ്രീനഗര്‍ പൊലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് സൈന്യവും സിആര്‍പിഎഫുമായി ചേര്‍ന്ന് പൊലീസ് ഒരു സംഘം രൂപീകരിച്ച് കേന്ദ്രം ആക്രമിക്കുകയായിരുന്നു,’- കാര്യങ്ങള്‍ വിശദമാക്കിക്കൊണ്ട് ഐജി വിജയകുമാര്‍ പറഞ്ഞു.
‘സേനയുമായുള്ള ഏറ്റുമുട്ടലില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ട രണ്ട് പേര് ഹൈദര്‍ എന്ന ബിലാല്‍ ഭായും ആമിര്‍ മഗ്രേയുമാണ്. തീവ്രവാദപ്രവര്‍ത്തനങ്ങളുമായി ബന്ധമുള്ള മുദാസിര്‍ ഗുല്‍ ആണ് ഒളികേന്ദ്രം ഉള്‍പ്പെടുന്ന കെട്ടിടം വാടകയ്ക്കെടുത്തത്. ഇയാളായിരുന്നു ഈ തീവ്രവാദകേന്ദ്രം നടത്തിയിരുന്നത്. ഇയാളാണ് ഹൈദറിനും ആമിറിനും അഭയം നല്‍കിയിരുന്നത്. പക്ഷെ വെടിവെപ്പില്‍ മൂവരും കൊല്ലപ്പെട്ടു. ‘ ഐജി വിജയകുമാര്‍ പറഞ്ഞു.
‘നിരവധി ഉപകരണങ്ങളും ആശയവിനിമയത്തിനുള്ള വോയ്പ് (വോയ്സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രൊട്ടോക്കോള്‍) കേന്ദ്രത്തില്‍ നിന്നും കണ്ടെത്തി. ഇവ വിശകലനം ചെയ്ത് വരികയാണ്. ഇത് തിവ്രവാദികള്‍ക്ക് വന്‍ തിരിച്ചടിയാണ്. കാള്‍ സെന്റര്‍ ആശയവിനിമയത്തിനും ഒളികേന്ദ്രം പരിക്കേറ്റവരെ ചികിത്സിക്കാനും തീവ്രവാദികള്‍ക്ക് സുരക്ഷിതമായി ഒളിവിലിരിക്കാനുമുള്ള കേന്ദ്രങ്ങളായിരുന്നു,’ ഐജി വിജയകുമാര്‍ വിശദമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: