തിരുവനന്തപുരം: പാലക്കാട്ടെ ആര്‍എസ്എസ് ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് സഞ്ജിത്തിനെ വെട്ടിക്കൊന്നത് തീവ്രവാദി ആക്രമണമാണെന്നും അതിനാല്‍ കേസ് എന്‍ഐഎ അന്വേഷിക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ചു. എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായേയും സമീപിക്കുമെന്നും സുരേന്ദ്രന് പറഞ്ഞു. പത്തുദിവസത്തിനുള്ളില്‍ രണ്ടാമത്തെ ആര്‍എസ്എസ് പ്രവര്‍ത്തകനാണ് എസ്ഡിപിഐ തീവ്രവാദികളാല്‍ കൊല്ലപ്പെടുന്നത്. കേസില്‍ ഒരാളെ പോലും അറസ്റ്റ് ചെയ്യാന്‍ കേരള പോലീസിന് ആയിട്ടില്ലെന്നും അതിനാല്‍ കേസ് എന്‍ഐഎക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്നും സുരേന്ദ്രന്. അതേസമയം,
കൊലയാളികളെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമെന്ന് കൊല്ലപ്പെട്ട സഞ്ജിത്തിന്റെ ഭാര്യ അര്‍ഷിക മാധ്യമങ്ങളോട് പറഞ്ഞു. മുഖംമൂടിയോ മാസ്കോ ധരിക്കാതെയാണ് അക്രമികള്‍ എത്തിയതെന്നും റോഡിലൂടെ ആളുകള്‍ പോകുന്നതിനിടയ്ക്കാണ് കൃത്യം നടത്തിയതെന്നും അവര്‍ പ്രതികരിച്ചു. സംഭവസമയം ഒരു സ്കൂള്‍ ബസടക്കം അതിലൂടെ കടന്നുപോയിരുന്നതായും അര്‍ഷിക പറഞ്ഞു. കൊലപാതകം നടന്ന് 24 മണിക്കൂര്‍ പിന്നിട്ടിട്ടും പ്രതികളെ കണ്ടെത്താന്‍ കഴിയാത്തതില്‍ ബി.ജെ.പി. നേതാക്കള്‍ ശക്തമായ പ്രതിഷേധം അറിയിച്ചു. പോലീസ് നിഷ്ക്രിയമാണെന്നും അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും ബി.ജെ.പി. സംസ്ഥാന-ജില്ലാ നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞദിവസം രാവിലെയാണ് ഭാര്യയ്ക്കൊപ്പം ബൈക്കില്‍ പോവുകയായിരുന്ന ആര്.എസ്.എസ്. ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് സഞ്ജിത്തിനെ ഒരുസംഘം തടഞ്ഞുനിര്‍ത്തി വെട്ടിക്കൊന്നത്. വീടിന് നൂറുമീറ്റര്‍ അകലെവെച്ചായിരുന്നു സംഭവം. വെളുത്ത കാറിലെത്തിയ സംഘം ബൈക്ക് തടഞ്ഞുനിര്‍ത്തി സഞ്ജിത്തിനെ വലിച്ചിറക്കി വെട്ടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. അക്രമിസംഘത്തില്‍ നാലുപേരുണ്ടെന്നാണ് സൂചന. മുപ്പതിലേറെ വെട്ടുകളേറ്റ സഞ്ജിത്തിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: