‘നിങ്ങള്‍ക്ക് എന്നെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്; ക്രിയാത്മകമായ വിമര്‍ശനം നമ്മുടെ ജനാധിപത്യത്തിന് അനിവാര്യമാണ്, ജനാധിപത്യത്തെ അത് ശക്തിപ്പെടുത്തും’. 2017 ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ട്വീറ്റ് ആണിത്. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ഇന്ത്യയിലെ അനവധി പേര്‍ക്ക് ഉറക്കവും സ്വസ്ഥതയും നഷ്ടപ്പെട്ടു. അതിന് അനേകം കാരണങ്ങളുണ്ട്. വിമര്‍ശനങ്ങളിലൊന്നും കൂപ്പുകുത്തി വീഴുന്ന പ്രകൃതക്കാരനായി നരേന്ദ്ര മോദിയെ കണ്ടിട്ടേയില്ല. വിമര്‍ശകര്‍ക്ക് എന്തും പറയാം, അവര്‍ പറയുന്നതില്‍ കഴമ്പുണ്ടെങ്കില്‍ കേള്‍ക്കും, ശ്രദ്ധിക്കും, നടപടിയുമെടുക്കും. എന്നാല്‍ രാഷ്ട്രീയ താല്പര്യം വെച്ചുകൊണ്ടുള്ള കുപ്രചാരണക്കാര്ക്ക് ചെവി കൊടുക്കില്ല. തനിക്ക് ഇവിടെ കുറേകാര്യങ്ങള്‍ ചെയ്യാനുണ്ട്; അതിലാണ് ശ്രദ്ധ എന്നും മോദി നമ്മോട് പറയാതെ പറയുന്നുണ്ട്. എന്നാല്‍ വേറൊന്നുണ്ട്; ‘എന്നെ എന്തും പറഞ്ഞോളൂ, പക്ഷെ എന്റെ മാതൃഭൂമിയെ അപമാനിച്ചാല്‍ സഹിക്കില്ല’ എന്ന സന്ദേശം വ്യക്തമായി അദ്ദേഹം നല്‍കിയിട്ടുമുണ്ട്. അമ്മയെ അധിക്ഷേപിച്ചാല്‍ കണ്ണടച്ചിരിക്കാന്‍ ആര്‍ക്കെങ്കിലുമാവുമോ? ഇതിപ്പോള്‍ പറയേണ്ടിവന്നത് കേരളത്തിലെ ലളിതകലാ അക്കാദമി കാര്‍ട്ടൂണുകള്‍ക്ക് നല്കിയ അവാര്‍ഡ് കഴിഞ്ഞ ദിവസം ശ്രദ്ധയില്‍ പെട്ടതുകൊണ്ടാണ്.
ആ കാര്‍ട്ടൂണ്‍ സമൂഹ മാധ്യമങ്ങളിലൂടെ വളരെയേറെ ഇപ്പോള്‍ പ്രചരിച്ചിട്ടുണ്ട്. അതിന് മുമ്പ് ആരുടേയെങ്കിലും ശ്രദ്ധയില്‍പ്പെട്ടതായി അറിവില്ല. സാധാരണ നിലയ്ക്ക് ശ്രദ്ധിക്കപ്പെട്ട കാര്‍ട്ടൂണായിരുന്നുവെങ്കില്‍ അത് ചര്‍ച്ചയായേനെ. ജി20 രാഷ്ട്രത്തലവന്മാരുടെ അടുത്തിടെ നടന്ന സമ്മേളനത്തിന്റെ പശ്ചാത്തലത്തിലുള്ളതാണ് കാര്‍ട്ടൂണ്‍. ഇന്ത്യയെ അപമാനിക്കുന്ന ഒന്ന്; ഒരു നിലവാരവുമില്ലാത്ത വര.
ജി 20 ആണല്ലോ നമ്മുടെ വിഷയം. റോമില്‍ നടന്ന ആ സമ്മേളനത്തില്‍ ഇന്ത്യക്ക് എന്താണുണ്ടായത് എന്നത് സാമാന്യബോധമുള്ളവരൊക്കെ കണ്ടതും കേട്ടതുമാണ്. പ്രധാനമായും കൊവിഡിന്റെ പശ്ചാത്തലത്തിലായിരുന്നു സമ്മേളനം. അവിടെ ഈ മഹാമാരിയെ നേരിടുന്നതിലെ ഇന്ത്യയുടെ റോള്‍ പരസ്യമായി പ്രകീര്‍ത്തിക്കപ്പെട്ടു. നൂറു കോടി ഡോസ് വാക്സിന് രാജ്യത്ത് ഉപയോഗിച്ചശേഷമാണ് മോദി ഇറ്റലിയിലേക്ക് വിമാനം കയറിയത്. ലോകരാഷ്ട്രങ്ങള്‍ക്ക് സങ്കല്പ്പിക്കാന് കഴിയാത്തതായിരുന്നു അത്. രണ്ടു വാക്സിനുകള്‍ ഉണ്ടാക്കുക മാത്രമല്ല, അത് ലോകത്തിന് നല്‍കാനും
ഇന്ത്യ തയ്യാറായി. അതാണല്ലോ യുഎന്‍ ജനറല്‍ അസ്സംബ്ലിയില്‍ ഇന്ത്യയെ പ്രശംസിക്കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി നിര്‍ബന്ധിതനായത്. യുഎസ് പ്രസിഡന്റും മറ്റു ലോകനേതാക്കളും ഇക്കാര്യം ജി20 ഉച്ചകോടിയില്‍ പരസ്യമായി പറഞ്ഞു. ലോകാരോഗ്യ സംഘടന പറഞ്ഞത്, ഈ മഹാമാരിയെ നിയന്ത്രിക്കുന്നതില്‍ ലോകത്ത് ഏറ്റവും പ്രധാന പങ്ക് വഹിച്ചവരില്‍ ഇന്ത്യ മുന്നിലാണ് എന്നാണ്.
ജി20യുടെ ഭാഗമാവുക എന്നത് ഒരു രാജ്യത്തിന് അഭിമാനാര്‍ഹമായ കാര്യമാണ്. ഇന്ത്യ ജി 7-ല്‍ ഇല്ല; എന്നാല്‍ അടുത്തിടെയായി ഇന്ത്യയെ ആ ഉച്ചകോടിയിലേക്ക് സ്ഥിരമായി ക്ഷണിക്കുന്നു. ചൈനയും റഷ്യയും ഇനിയും അതിലുള്‍പ്പെട്ടിട്ടില്ല. മാത്രമല്ല ജി 7 രാഷ്ട്രത്തലവന്മാര് ഈയിടെ സമ്മേളിച്ചപ്പോള്‍ മോദി ഓണ്‍ലൈന്‍ ആയിട്ടാണ് പങ്കെടുത്തത്. അതുകൊണ്ട് തങ്ങള്‍ക്ക് ആ നേതാവിന്റെ സാന്നിധ്യം നഷ്ടമായി എന്നതായിരുന്നു പല ലോക നേതാക്കളുടെയും വിലയിരുത്തല്‍. ബ്രിട്ടീഷ് പ്രധാനമന്ത്രി അത് പരസ്യമായി പറയുകയും ചെയ്തു. ഇത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ്. ജി20, ജി 7 പോലുള്ള പ്രധാനപ്പെട്ട ലോക വേദികളില്‍ ഇന്ത്യക്കും നരേന്ദ്ര മോദിക്കും എത്രത്തോളം പ്രാധാന്യം കല്‍പ്പിക്കപ്പെട്ടിരിക്കുന്നു എന്നതിന് വേറെന്ത് സാക്ഷ്യപത്രമാണ് വേണ്ടത്. ഇതൊക്കെ സൂചിപ്പിച്ചത് ആകാര്ട്ടൂണ് കണ്ടതുകൊണ്ടാണ്. ഇതൊക്കെ അറിഞ്ഞുകൊണ്ടാണോ ഒരാള്‍ മോദിയെയും അതിലേറെ ഇന്ത്യയെയും അപമാനിക്കാനായി ഒരു കാര്‍ട്ടൂണ്‍ വരച്ചത്? കേരള സര്‍ക്കാരിന് കീഴിലുള്ള ലളിതകലാ അക്കാദമി അതിന് നല്ല കാര്‍ട്ടൂണിനുള്ള പുരസ്കാരം കൊടുത്ത് പ്രോത്സാഹിപ്പിക്കുമ്പോള്‍, അത് നല്കുന്ന സന്ദേശമെന്താണ്? ഇന്ത്യയെ അപമാനിക്കുന്നവര്‍ക്ക് പ്രോത്സാഹനം എന്നതല്ലേ? അതിലേറെ ആ അക്കാദമിയുടെ നിലവാരം, അത് തിരഞ്ഞെടുത്തവരുടെ മനസ്സ് ഒക്കെയും ഇവിടെ തെളിഞ്ഞു വരൂന്നുണ്ടല്ലോ.
ആവിഷ്കാര സ്വാതന്ത്ര്യം പരിധി കടന്നാല്‍
നേരത്തെ സൂചിപ്പിച്ചത് വിമര്‍ശനം സംബന്ധിച്ച നരേന്ദ്ര മോദിയുടെ സ്വന്തം അഭിപ്രായമാണ്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസുകളില്‍ സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതി അദ്ദേഹത്തെ വെറുതെ വിട്ടിട്ടും വേട്ടയാടുന്ന അല്പന്മാരെയും കണ്ടിട്ടുണ്ട്. ‘മരണത്തിന്റെ വ്യാപാരി’, ‘ചായക്കടക്കാരന്’ എന്നൊക്കെ വിളിച്ചവര്‍ ഇവിടെയിന്നും ഉണ്ടല്ലോ. അതിനോടൊന്നും അദ്ദേഹം പ്രതികരിക്കാറില്ല. മോദിയെപ്പോലെ ഇത്രത്തോളം വിമര്‍ശന വിധേയനായ ഒരു പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ഇന്ത്യയിലുണ്ടായിട്ടുണ്ടാവുമോ, സംശയമാണ്. ഒരിടത്തും സര്‍ക്കാര്‍ തലത്തില്‍ മാധ്യമങ്ങളെ നിയന്ത്രിക്കാനോ പ്രതിരോധിക്കാനോ ശ്രമമുണ്ടായിട്ടില്ല. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത വിധത്തില്‍ എന്തൊക്കെ ചിലര്‍ ചെയ്യുന്നു. അതില്‍ നമ്മുടെ ശത്രു രാജ്യങ്ങള്ക്കുപോലുമുള്ള റോള്‍ സംശയിക്കപ്പെടുന്നില്ലേ. ഇന്ത്യയെ ‘തളര്‍ത്താനുള്ള’ പദ്ധതികള്‍ക്ക് പ്രതിപക്ഷ നിരയിലെ കുറേപ്പേരെങ്കിലും കൂട്ടുനില്‍ക്കുന്നു. ഇവിടെ നടന്ന അഥവാ നടക്കുന്ന സമരങ്ങള്‍ക്ക് പി
ന്നിലെ കറുത്ത കരങ്ങള്‍ തിരിച്ചറിയാത്തതല്ല. ചൈന അതിര്‍ത്തിയില്‍ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളെ എതിര്‍ത്തും വിദേശത്തുനിന്ന് നിയന്ത്രണമില്ലാതെ പണം കൊണ്ടുവരാന്‍ അനുമതി തേടിയും കോടതിയെ സമീപിച്ചവരെക്കൂടി ഈ വേളയില്‍ ഓര്‍ക്കേണ്ടതുണ്ട്. ഇതിന്റെയൊക്കെ തുടര്‍ച്ചയാണ് രാഷ്ട്രവിരുദ്ധ കാര്‍ട്ടൂണ്‍ എന്നാരെങ്കിലും സംശയിച്ചാല്‍ കുറ്റപ്പെടുത്താനാകുമോ?
കാര്‍ട്ടൂണ്‍ വിമര്‍ശനാത്മകമാവാറുണ്ട്; അതിലൊരു സര്‍ഗാത്മകതയുണ്ട്. അതാണതിന്റെ ശക്തി. ആര്.കെ. ലക്ഷ്മണന്റെയും ശങ്കറിന്റെയും അബു അബ്രഹാമിന്റെയും ഗഫൂറിന്റെയും ടോംസിന്റെയും യേശുദാസിന്റെയും മറ്റും കുറിയ്ക്കു കൊള്ളുന്ന കാര്ട്ടൂണുകള് എത്രയോ നാം കണ്ടിട്ടുണ്ട്. അതൊക്കെ ആസ്വദിക്കുകയാണ് വിമര്ശനശരമേറ്റവര് പോലും ചെയ്തിട്ടുള്ളത്. അവരാരും സ്വന്തം രാജ്യത്തെ, മാതൃഭൂമിയെ, അപമാനിച്ചിട്ടില്ല; ഭരണകര്‍ത്താക്കളെയും രാഷ്ട്രീയ നേതാക്കളെയും ആക്രമിച്ചിട്ടുണ്ടാവും. അതാണ് വ്യത്യാസം. ഇവിടെ കേരളം കാണിച്ചത് രാജ്യത്തെ അപമാനിക്കുന്ന, തെറ്റായ ധാരണ രാജ്യത്തിന് കൊടുക്കുന്ന ഒരു കാര്‍ട്ടൂണിന് അംഗീകാരം കൊടുത്തു എന്നതാണ്.
ഇത് തിരുത്തപ്പെടേണ്ടതാണ്, സംശയമില്ല. അതിനുള്ള ചുമതല അക്കാദമിക്കുണ്ട്. അവര്‍ അത് ചെയ്തില്ലെങ്കില്‍ തിരുത്തിക്കാന്‍ ഭരണകൂടത്തിന് കഴിയും, കഴിയണം. മുന്‍പ് സ്ത്രീപീഡന കേസില്‍ ഉള്‍പ്പെട്ട ഒരു മഹാനെ വിമര്‍ശിച്ചുകൊണ്ട് തയ്യാറാക്കിയ കാര്‍ട്ടൂണിന് പുരസ്കാരം കൊടുത്തപ്പോള്‍ ഒരു ന്യൂനപക്ഷ മത വിഭാഗം പ്രതിഷേധിച്ചതും പിന്നീട് മന്ത്രി തന്നെ നേരിട്ടിറങ്ങി ആ പുരസ്കാര തീരുമാനം തിരുത്തിച്ചതും കേരളത്തില്‍ തന്നെ സംഭവിച്ചതാണ്. ഒരു പ്രമുഖ കവിയുടെ നാമധേയത്തിലുള്ള പുരസ്കാരം നല്കിയ സാഹിത്യകാരന് സ്ത്രീ പീഡനക്കേസിലുള്‍പ്പെട്ട ആളാണ് എന്ന് കണ്ടപ്പോള്‍ ആ തീരുമാനം തിരുത്തിയതും ഇവിടെത്തന്നെയാണ്. അത്തരത്തിലൊരു വിവേകമെങ്കിലും ഇടതു മുന്നണി സര്‍ക്കാര്‍ ഭാരത മാതാവിനോട് കാണിക്കേണ്ടതല്ലേ?
കേരളത്തിലെ ശൈലിഅപകടകരം
അടുത്ത കാലത്തായി കേരളത്തില്‍ അസഹിഷ്ണുത ഏറെ വര്‍ദ്ധിക്കുന്നുണ്ട്. ജിഹാദി താല്‍പ്പര്യക്കാര്‍ക്ക് കിട്ടുന്ന പ്രോത്സാഹനം, ദേശവിരുദ്ധ ശക്തികള്‍ക്ക് കിട്ടുന്ന സംരക്ഷണം ഒക്കെയും. ഇന്ത്യയെ എതിര്‍ക്കുക എന്നത് ഒരു ഫാഷന്‍ ആയി കരുതുന്നവരെയും നാമിന്ന് പതിവിലേറെ കാണുന്നു. ഇത്തരക്കാര്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ സംരക്ഷണം കിട്ടുന്ന കേന്ദ്രങ്ങള്‍ മറ്റു സംസ്ഥാനങ്ങളില്‍ കുറച്ചൊക്കെ ഉണ്ടാവാം; എന്നാല്‍ ഇവിടെ അത് വളരെ കൂടുതലാണ്. ഇക്കാര്യത്തില്‍ നടപടിയെടുക്കേണ്ടത് കേരളം തന്നെയാണ്. ഒരു പക്ഷെ കേന്ദ്ര സര്‍ക്കാരിനോടുള്ള എതിര്‍പ്പിന്റെ ഭാഗമാവാമിത്. വളഞ്ഞവഴികളിലൂടെ പലതും നടത്തിയവര്‍, കേന്ദ്രത്തിന്റെ ശക്തമായ നിലപാടുകള്‍ ക്കൊണ്ട്, ഏറെ പ്രയാസങ്ങള്‍ ഇന്ന് അനുഭവിക്കുന്നതും ഒരു കാരണമായിട്ടുണ്ടാവാം. എന്നാല്‍ സര്‍ക്കാരിനെതിരായ വിമര്‍ശനമല്ല, രാജ്യവിരുദ്ധ നിലപാടാണ് പലരും കൈക്കൊള്ളുന്നത്. രാജ്യവിരുദ്ധര്‍ക്ക് സംരക്ഷണം മാത്രമല്ല സഹായവും പ്രോത്സാഹനവും കിട്ടുന്നു എന്നതാണ് ദുഃഖകരം.
ജനാധിപത്യ സമൂഹത്തില്‍ ഭരണകൂടത്തെ വിമര്‍ശിക്കാന്‍ അധികാരമുണ്ടെന്നിരിക്കെ തന്നെ തെറ്റായ സമ്പ്രദായങ്ങള്‍ കണ്ടാല്‍ നടപടി വേണം. തര്‍ക്കമില്ല. വിമര്‍ശനം ഒരിക്കലും രാജ്യവിരുദ്ധമോ സ്ത്രീ വിരുദ്ധമോ ആവരുത്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ കേരളം എന്ത് മോഡല്‍ ആണ് സ്വീകരിച്ചിട്ടുള്ളത് എന്നത് നമുക്കറിയാം. അത്തരമൊരു സംസ്ഥാനമാണ് വസ്തുതകളെ വികലമാക്കിക്കൊണ്ട്, ചരിത്രം വളച്ചൊടിച്ചുകൊണ്ട് രാജ്യത്തെ അപമാനിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നത്. അതിനെ കയ്യടിച്ചു പിന്തുണയ്ക്കുന്ന ഇടതുസര്‍ക്കാരിന് കീഴിലെ അക്കാദമി ചെയ്യുന്നത് മര്യാദയല്ല, രാഷ്ട്ര വഞ്ചനയാണ്.
ഇവിടെയാണ് സര്‍ക്കാര്‍ ഇടപെടേണ്ടത്; മുഖ്യമന്ത്രി ശ്രദ്ധ പതിപ്പിക്കേണ്ടത്. ഈ കാര്‍ട്ടൂണിസ്റ്റിന്റെ ചെയ്തികള്‍ കോടതി കയറിയാല്‍ ആരാണ് പ്രതിസന്ധിയിലാവുക എന്നതും ബന്ധപ്പെട്ടവര്‍ വിലയിരുത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: