ആലപ്പുഴ: എല്ലാ വിശ്വാസികളേയും ജാതിമത ഭേദമെന്യെ ക്ഷേത്രങ്ങളില്‍ പ്രവേശിപ്പിക്കണമെന്ന് എസ് എന്‍ ഡി പി യോഗം. ഗുരുവായൂര്‍ ക്ഷേത്ര വിശ്വാസിയായ യേശുദാസിനെയും ഗുരുവായൂരമ്പലത്തില്‍ പ്രവേശിപ്പിക്കണമെന്ന് യോഗം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന് ആവശ്യപ്പെട്ടു. യേശുദാസ് കൃഷ്ണ ഭക്തി ഗാനം ആലപിച്ച് മലയാളി ഭക്തരുടെ മനസ്സില്‍ കൃഷ്ണദാസനെന്ന സ്ഥിരപ്രതിഷ്ഠ നേടിയ വിശ്വഗായകനാണ്.
ശബരിമലയിലെ അയ്യപ്പസ്വാമിയെ ദര്‍ശിച്ചും ഹരിവരാസനം ആലപിച്ചും എന്നേ യേശുദാസ് നമ്മുടെ അയ്യപ്പദാസനായി.എല്ലാ പിറന്നാളിനും മൂകാംബിക ക്ഷേത്രത്തില്‍ പ്രത്യേക പൂജകളോടെയാണ് യേശുദാസിനെ വരവേല്‍ക്കുന്നത്. ദീര്‍ഘനേരം ദേവി ഉപാസന കീര്‍ത്തനങ്ങള്‍ ആലപിക്കാതെ, അവിടുത്തെ പ്രസാദം സ്വീകരിക്കാതെ യേശുദാസിന് സംഗീതമില്ലെന്നു തന്നെ പറയാം. അങ്ങിനെ നമുക്ക് യേശുദാസിനെ ദേവീദാസന് എന്നും വിളിക്കാമെന്ന് എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയും പറഞ്ഞു.
തന്റെ ആദ്യ വരികള്‍ ശ്രീനാരായണ ഗുരുവിന്റെ വിശ്വദര്‍ശന വരികളാണെന്ന് പറയാനും ഗുരുദര്‍ശനങ്ങള്‍ മാനവരോട് വിളിച്ചു പറയാനും ഒരു മടിയുമില്ലാത്ത യേശുദാസ് ഒരു ഗുരുദാസന് കൂടിയാണ്. ജന്മം കൊണ്ടല്ലായെങ്കിലും കര്‍മ്മം കൊണ്ട് യേശുദാസ് സനാതനധര്‍മ്മം സ്വീകരിച്ച മഹത് വ്യക്തിത്വമാണ്. ആചാര അനുഷ്ഠാനങ്ങള്‍ പാലിക്കുന്ന ഈശ്വര വിശ്വാസിയായ യേശുദാസിനെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ തന്ത്രിമാരും ആചാര്യ സഭയും ദേവസ്വവും ഉചിതമായ തീരുമാനം വൈകാതെ എടുക്കണം. ഈ തീരുമാനം ക്ഷേത്ര സങ്കല്പത്തില് വിശ്വസിക്കുന്ന ഇതര മതസ്ഥര്‍ക്കും ഗുണകരമാകും.
അകറ്റി നിര്‍ത്തുകയല്ല വേണ്ടത് ചേര്‍ത്തു നിര്‍ത്തുന്നതാണ് ശരി. ജാതിയുടെ പേരില്‍ അകറ്റി നിര്‍ത്തി പീഢിപ്പിച്ചതു കൊണ്ടാണ് ഹിന്ദുക്കളിലെ പിന്നോക്ക ജാതിയിലെ വലിയൊരു വിഭാഗം പണ്ട് മറ്റ് മതം സ്വീകരിച്ച് സ്വതന്ത്രരായി മാറിയത് എന്നത് ചരിത്രമാണ്. കേരളത്തിലെ ഈ ഇരുണ്ട കാലത്തിന് വെളിച്ചം നല്കി തടയിട്ടത് ശ്രീ നാരായണ ഗുരുദേവന് നായിരുന്നുവെന്നുള്ളത് പരമ സത്യമെന്നും നാം ഓര്‍ക്കുക. വിജയ്, വിനോദ്, വിശാല്‍ എന്ന് മക്കളെ നാമകരണം ചെയ്യുമ്പോഴും എത്ര ഉയര്‍ന്നു ചിന്തിച്ചു നമ്മുടെ പ്രിയപ്പെട്ട വിശ്വ ഗായകന് ദാസേട്ടന്. പുതിയ ചരിത്രം ഉള്കരുത്തുള്ള ചിന്തകളിലൂടെ രചിക്കപ്പെടേണ്ടതാതാണെന്നും തുഷാര്‍ പറഞ്ഞു. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: