കൊച്ചി: ഭീകരാവസ്ഥസൃഷ്ടിച്ച് നിരപരാധികളെ കൊന്നൊടുക്കുന്ന പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ ഭീകരരെ നിലയ്ക്ക് നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.എന്‍. ഈശ്വരന് ആവശ്യപ്പെട്ടു. ആര്‍എസ്എസ് പാലക്കാട് തേനാരി മണ്ഡല് ബൗദ്ധിക്ക് പ്രമുഖ് സഞ്ജിത്തിനെ കൊലചെയ്ത സംഭവം മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. പട്ടാപ്പകല്‍ ഭാര്യയുടെ മുമ്പില്‍ വെച്ചാണ് ഇരുപത്തിയേഴുകാരനെ വെട്ടിക്കൊലപ്പെടുത്തിയത്.
2009 ല്‍ തന്നെ സഞ്ജിത്തിനെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നു എന്നതിന്റെ തെളിവാണ് എസ്ഡിപിഐയുടെ സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റുകള്‍. മൂന്ന് തവണ വധശ്രമം ഉണ്ടായി. എന്നാല്‍ കുറ്റവാളികള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കാന്‍ പോലീസ് തയ്യാറാകാത്തതാണ് കൊലപാതകികള്‍ക്ക് വീണ്ടും പ്രോത്സാഹനമായത്. അക്രമികള്‍ സഞ്ചരിച്ച കാറോ പ്രതികളെയോ പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഭീകരര്‍ക്ക് പോലീസിന്റെ ഒരു വിഭാഗത്തിന്റെയും സംസ്ഥാനസര്‍ക്കാറിന്റെയും ഒളിഞ്ഞും തെളിഞ്ഞുമുള്ള പിന്തുണയുണ്ട് എന്നതിന്റെ തെളിവാണിത്.
എതിരാളികളെ വകവരുത്തി ഇല്ലാതാക്കാമെന്ന ഇസ്ലാമികഭീകരരുടെ സ്വപ്നം വിലപ്പോവില്ലെന്ന് ഭീകരസംഘടനകള്‍ തിരിച്ചറിയണം. നീതിന്യായവ്യവസ്ഥയിലും ജനാധിപത്യ ക്രമത്തിലുമുള്ള വിശ്വാസം ഇക്കൂട്ടര്‍ ബലഹീനതയായാണ് പരിഗണിക്കുന്നതെങ്കില്‍ അക്രമികള്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ പ്രതികരിക്കാന്‍ പൊതുസമൂഹവും അധികാരികളുംമുന്നോട്ട് വരണം. നിലവിലുള്ള ഗുരുതരസാഹചര്യത്തെ തിരിച്ചറിയാന്‍ സംസ്ഥാന സര്‍ക്കാറിന് കഴിയേണ്ടതുണ്ട്. നിരപരാധികളായ യുവാക്കളുടെ രക്തം കേരളത്തിലെ തെരുവുകളില്‍ ഒഴുക്കുന്നത് അവസാനിപ്പിക്കുകയാണ് അഭികാമ്യമെന്ന് ഇസ്ലാമിക ഭീകരസംഘടനകള്‍ മനസ്സിലാക്കണം.
അതിഭീകരവും നിഷ്ഠൂരവുമായ പാലക്കാട്ടെ കൊലപാതകത്തിനെതിരെ പൊതുസമൂഹം രംഗത്തുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സഞ്ജിത്ത് കൊല്ലപ്പെട്ടതിന് പിന്നില്‍ ആസൂത്രിതമായ നീക്കം നടന്നിട്ടുണ്ട്. തൃശ്ശൂരില്‍ ബിജു കൊല്ലപ്പെട്ട് ഒരു മാസം തികയും മുമ്പേയാണ് പാലക്കാട് ജില്ലയില്‍ സഞ്ജിതിന്റെ കൊലപാതകം നടക്കുന്നത്. ഇത് ഒറ്റപ്പെട്ടതോ യാദൃച്ഛികമോ ആയ സംഭവമല്ല. കൊലയാളികളെ മാത്രമല്ല കൊല്ലിച്ചവരെയും പിടികൂടി ശിക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് പി.എന്‍. ഈശ്വരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: