ദുബായി: കഴിഞ്ഞ ദിവസം യുഎയിയില്‍ നടന്ന പ്രശസ്ത ദുബായി എയര്‍ഷോയുടെ ഉദ്ഘാടന ദിനത്തില്‍ താരങ്ങളായി ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് (എല്‍സിഎ) തേജസും സാരംഗ് ഹെലികോപ്ടറും. ഞായറാഴ്ച ദുബായിയിലെ അല്‍ മക്തും വിമാനത്താവളത്തിലാണ് എയര്‍ ഷോ ആരംഭിച്ചത്. ഷോയില്‍ പങ്കെടുക്കാന്‍ തേജസ് വിമാനം വെള്ളിയാഴ്ചയാണ് ദുബായിയിലെത്തിയത്. ദുബായി എയര്‍ ഷോ 2021ല്‍ സാരംഗ് ടീമിന്റെ അഞ്ച് ധ്രുവ് അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലിക്കോപ്റ്ററുകളും (എഎല്‍എച്ച്) സൂര്യകിരണ്‍ ടീമിന്റെ 10 ബിഎഇ ഹോക്ക് 132 വിമാനങ്ങളും മൂന്ന് എല്‍സിഎ തേജസ് വിമാനങ്ങളും പങ്കെടുക്കും.
തേജസ് അതിന്റെ അസാധാരണമായി പറക്കാനുള്ള കഴിവുകള്‍, വിദഗ്ദ്ധ തന്ത്രങ്ങള്‍ പ്രയോഗിക്കാനുള്ള പരിജ്ഞാനം, അനായാസമായി സ്വയം നിയന്ത്രിക്കാനുള്ള പ്രാപ്തി എന്നിവ കാണികള്‍ക്കു മുന്നില്‍ തെളിയിച്ചു. സൗദി ഹോക്സ്, റഷ്യന്‍ നൈറ്റ്സ്, യുഎഇയുടെ അല്‍ ഫുര്‍സാന്‍ എന്നിവയുള്‍പ്പെടെ ലോകത്തിലെ ഏറ്റവും മികച്ച എയറോബാറ്റിക്സ്, ഡിസ്പ്ലേ ടീമുകള്‍ക്കൊപ്പം പ്രകടനം നടത്താനാണ് യുഎഇ സര്‍ക്കാരിന്റെ ക്ഷണത്തെ തുടര്‍ന്ന് ഇന്ത്യന്‍ എയര്‍ഫോഴ്സ് ദുബായിയിലെത്തിയത്.
2005ല്‍ യുഎഇയില്‍ നടന്ന അല്‍ ഐന്‍ ഗ്രാന്‍ഡ് പ്രിക്സില്‍ എയര്‍ ഫോഴ്സിന്റെ സാരംഗ് ടീം പങ്കെടുത്തിട്ടുണ്ടെങ്കിലും, സൂര്യകിരണ്‍ ടീമും തേജസ് വിമാനവും ഗള്‍ഫ് രാഷ്ട്രത്തില്‍ ആദ്യമായി വ്യോമാഭ്യാസം നടത്തുന്നത്. എയര്‍ഫോഴ്സിന്റെ ഷില്ലോങ് ആസ്ഥാനമായുള്ള ഈസ്റ്റേണ്‍ എയര്‍ കമാന്‍ഡിന്റെ എയര്‍ മാര്‍ഷല്‍ എപി സിംഗ് ഞായറാഴ്ച പങ്കെടുത്ത സംഘത്തെ സന്ദര്‍ശിച്ചതായി അധികൃതര്‍ അറിയിച്ചു.
ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് എയര്ഷോ ഉദ്ഘാടനം ചെയ്തത്. ഞായറാഴ്ച തുടങ്ങിയ എയര്ഷോ വ്യാഴാഴ്ചയാണ് സമാപിക്കുക
പ്രതികരിക്കാൻ ഇവിടെ എഴുതുക: