കാഞ്ഞങ്ങാട്: കവുങ്ങ് കര്‍ഷകരെ ദുരിതത്തിലാക്കുകയാണ് കാലം തെറ്റിയുള്ള മഴ. മഹാളി രോഗം പടരുന്നതോടൊപ്പം പറിച്ചെടുത്ത അടയ്ക്ക ഉണക്കാനാകാതെ കര്‍ഷകര്‍. അതിശക്തമായ മഴയ്ക്ക് പുറമെ മൂടിക്കെട്ടിയ അന്തരീക്ഷവും രോഗവര്‍ധനയ്ക്ക് കാരണമാകുന്നുണ്ട്.
സപ്തംബറോടെ പഴുത്ത അടയ്ക്ക പറിച്ച് ഉണക്കാന്തുടങ്ങും. മാസങ്ങളായി അടയ്ക്ക ഉണക്കാനാകാതെ വീട്ടുമുറ്റത്ത് കൂട്ടിയിട്ട അവസ്ഥയിലാണ്. മഴയ്ക്ക് മുമ്പ് കവുങ്ങിന്‍തോട്ടങ്ങളില്‍ കീടനാശിനി അടിച്ചിരുന്നെങ്കിലും തുടര്‍ച്ചയായ മഴ കാരണം മഹാളി രോഗം വ്യാപകമായിട്ടുണ്ട്. മഴക്കാലത്ത് കാണപ്പെടുന്ന കുമിള്‍ രോഗമാണ് മഹാളി. കാറ്റിലൂടെയാണ് ഇത് പകരുന്നത്. ഇത് പിടിപെട്ടാല്‍ പെണ്പൂവും മൂപ്പെത്താത്ത അടയ്ക്കയും കൊഴിഞ്ഞുപോകുന്നു. ഉണങ്ങാത്തത് കാരണം അടയ്ക്ക വ്യാപകമായി മുളക്കാനും തുടങ്ങിയിട്ടുണ്ട്.
ഒക്ടോബറിലും നവംബറിലും പറിച്ച അടയ്ക്ക എന്തുചെയ്യണമെന്നറിയാതെ കര്‍ഷകര്‍ ബുദ്ധിമുട്ടുകയാണ്. മറ്റു കാര്‍ഷിക വിളകളില്വെച്ച് കൂടിയ വില ലഭിക്കുന്ന ഉത്പന്നമാണ് അടയ്ക്ക. മഹാളി രോഗം കാരണം അടയ്ക്ക വ്യാപകമായി കൊഴിഞ്ഞുപോയിട്ടുമുണ്ട്. ജില്ലയിലെ കര്‍ഷകര്‍ക്ക് പ്രധാന വരുമാനങ്ങളില്‍ ഒന്നാണ് അടക്ക. രോഗബാധയും മഴയും കാരണം ഈ വര്‍ഷത്തെ വരുമാനത്തില്‍ തിരിച്ചടി നേരിടുകയാണ് കര്‍ഷകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: