ഉദുമ: കാസർകോട് ജില്ലയില്‍ ഹിമോഫീലിയ ബാധിതരായ കുട്ടികള്‍ക്കുള്ള പ്രൊഫിലാക്സിസ് ചികിത്സ തുടങ്ങിയില്ലെന്ന് പരാതി ഉയരുന്നു. സംസ്ഥാനത്തെ 13 ജില്ലകളിലും പ്രൊഫിലാക്സിസ് ചികിത്സ തുടങ്ങിയെങ്കിലും കാസര്‍കോട് ജില്ലയില്‍ മാത്രമാണ് ആരംഭിക്കാത്തത്. ആശാധാര സ്കീമിനു കീഴില്‍ ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഡേ കെയര്‍ സെന്റര്‍ വഴിയാണ് 18 വയസില്‍ താഴെയുള്ള ഹിമോഫീലിയ ബാധിതരായ കുട്ടികള്‍ക്ക് പ്രൊഫിലാക്സിസ് ചികിത്സ നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. ഇന്‍ഹിബിറ്റര്‍ സ്കീനിങ് ടെസ്റ്റ് നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ ചികിത്സ തുടങ്ങേണ്ടത്.
സംസ്ഥാനത്ത് കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ പ്രൊഫിലാക്സിസ് ചികിത്സ ആരംഭിച്ചിട്ട് മാസങ്ങളായി. ഡിഡിസിസികളുടെ ചുമതല നോഡല്‍ ഓഫീസര്‍മാര്‍ക്കാണ്. ജില്ലയില്‍ ഡോ.രാജേഷ് രാമചന്ദ്രനെ നോഡല്‍ ഓഫീസറായി നിയമിച്ചിട്ട് ഒന്നര വര്‍ഷമായി. തുടര്‍ന്നും ചികിത്സ ആരംഭിക്കാന്‍ വൈകുന്ന സാഹചര്യത്തില്‍ ഹിമോഫീലിയ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ രോഗികളുടെ ഇന്‍ഹിബിറ്റര്‍ സ്ക്രീനിങ് ടെസ്റ്റ് നടത്തി റിപ്പോര്‍ട്ട് നോഡല്‍ ഓഫീസര്‍ക്ക് കൈമാറിയിരുന്നു. അതുകഴിഞ്ഞ് മാസങ്ങളായിട്ടും പ്രൊഫിലാക്സിസ് ചികിത്സ തുടങ്ങാത്ത സാഹചര്യമാണുള്ളത്. ഇതിനാവശ്യമായ ഫാക്ടര്‍ എട്ട് ഉള്‍പ്പെടെ സര്‍ക്കാര്‍ നല്‍കിയിട്ടും നോഡല്‍ ഓഫീസറുടെ താത്പര്യക്കുറവാണ് ഇത് വൈകുന്നതിനു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
കുട്ടികള്‍ക്ക് രോഗപ്രതിരോധം ലഭിക്കാനായി നിശ്ചിത കാലയളവില്‍ തുടര്‍ച്ചയായി ഫാക്ടര്‍ എട്ട് നല്കുന്ന രീതിയാണ് പ്രൊഫിലാക്സിസ്. ഇത് ആന്തരിക രക്തസ്രാവം നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കുന്നു. ഇതിലൂടെ ഭാവിയില്‍ ഉണ്ടാകാനിടയുള്ള വൈകല്യങ്ങളും തടയാന്‍ കഴിയും. 18 വയസില്‍ താഴെയുള്ള ഹിമോഫീലിയ ബാധിതരായ 20 കുട്ടികളാണ് ജില്ലയിലുള്ളത്. ചികിത്സ തുടങ്ങാന്‍ വൈകുന്ന സാഹചര്യത്തില്‍ ഹിമോഫീലിയ സൊസൈറ്റി ഭാരവാഹികള്‍ അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും കൃത്യമായ മറുപടി നല്കാന് അധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം.
നിലവില്‍ പ്രൊഫിലാക്സിസ് ചികിത്സ മറ്റിടങ്ങളില്‍ നിന്നും നടത്തുന്നവര്‍ക്ക് മാത്രം അതിനുള്ള സംവിധാനം ഇവിടെ ഒരുക്കാമെന്നാണ് അധികൃതര്‍ നല്കുന്ന മറുപടി. എന്നാല്‍ ജില്ലയില്‍ അത്തരത്തില്‍ ആരും തന്നെ ഇല്ലെന്നതാണ് വാസ്തവം. പ്രശ്നത്തിന് അടിയന്തരമായി പരിഹാരം കണ്ടില്ലെങ്കില്‍ മുഖ്യമന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കാനാണ് ഹിമോഫീലിയ ബാധിതരുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: