അത്യന്തം പഴഞ്ചനും കാല്പനികവുമായ നിലപാടുകള്‍ മൂലം ഇരുപത്തിയഞ്ചു വര്‍ഷത്തെ കേരളം നമുക്കു കാട്ടിത്തരുന്ന ചിത്രം ഒരു തൊഴിലുമില്ലാത്ത രാഷ്ട്രീയക്കാരെ തിരുകിക്കയറ്റാന്‍ മാത്രമുള്ള ബ്ലോക്ക് ജില്ലാ പഞ്ചായത്തുകള്‍. സര്‍ക്കാര്‍ ധനം മുടിക്കാന്‍ വേണ്ടി മാത്രം തട്ടിക്കൂട്ടിയ ജനകീയാസൂ്രതണം, സാക്ഷരകേരളം പദ്ധതികള്‍… പൊതുമേഖല പൊതുമേഖല എന്നിങ്ങനെ നിലവിളിക്കുന്നതിനിടയില്‍ കോടികള്‍ നഷ്ടമുണ്ടാക്കുന്ന കെഎസ്ആര്‍ടിസി പോലുള്ള സ്ഥാപനങ്ങള്‍,
പൊതുമേഖലാ പ്രണയംമൂലം തര്‍ന്നടിയുന്ന സമ്പദ് വ്യവസ്ഥ, വ്യാജ പരിസ്ഥിതിവാദികളുടെ ഇടപെടല്‍ മൂലം അപകടത്തിലായിരിക്കുന്ന അടിസ്ഥാന സൗകര്യ വികസനം. ഇങ്ങനെ എത്ര പറഞ്ഞാലും തീരാത്തതാണ് നവോത്ഥാന കേരളം പറഞ്ഞു നടക്കുന്നവരുടെ പിന്തിരിപ്പന് നയങ്ങള്‍.
മാലിന്യ സംസ്കരണത്തിനുപോലും ഒരു കര്‍മപദ്ധതി ആവിഷ്കരിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഫലമോ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പകര്‍ച്ചവ്യാധികള്‍ താണ്ഡവമാടുന്ന പ്രദേശമാണ് കേരളം. എന്നിട്ടും ‘ആരോഗ്യരംഗത്ത് ഒന്നാം സ്ഥാനം, യുഎന്‍ പുകഴ്ത്തിയ കേരള മാതൃക’ എന്നൊക്കെ നാം തന്നെ പറയുന്നു. സമ്പദ് വ്യവസ്ഥയുടെ ദയനീയ മുഖം അറിയണമെങ്കില്‍ കൊവിഡ് മൂലമുള്ള പട്ടിണിയും ആത്മഹത്യകളും കേരളത്തിലേതുപോലെ ഇന്ത്യയിലോ ലോകത്തെവിടെയുമോ നടന്നിട്ടില്ല എന്ന വസ്തുത തിരിച്ചറിഞ്ഞാല്‍ മതി. പട്ടിണി ആത്മഹത്യകള്‍ ശതകം പിന്നിട്ടിരിക്കുന്നു. കൊവിഡ് മരണങ്ങള് പലതും ഒളിച്ചുവച്ചിട്ടും നാം ഒന്നാം സ്ഥാനത്തേക്കു കുതിച്ചുകൊണ്ടിരിക്കുകയാണ്.
മലിനമായ നദികളെ സംരക്ഷിക്കാനോ വെള്ളപ്പൊക്ക നിയന്ത്രണത്തിനോ നമുക്കു പദ്ധതികളേയില്ല. പകരം ബോധവത്കരണമാണത്രേ. വേണ്ടിടത്തും വേണ്ടാത്തിടത്തും ബോധവത്കരണം എന്ന വാക്കു കേട്ടു നാം മടുത്തുപോയിരിക്കുന്നു. മദ്യം പരമാവധി ജനങ്ങളിലെത്തിച്ചശേഷം ബോധവത്കരണം നടത്തുമത്രേ! ഇതുവരെ കേട്ടിട്ടുള്ള തമാശകളില്‍ ഏറ്റവും ആസ്വാദ്യം ഇതുതന്നെ. കടമെടുത്തു മാത്രം ഒരു സര്‍ക്കാരിനു നിലനില്ക്കാനാവുമോ? പ്രൊഡക്ടീവ് സെക്ടറില്‍ മുതല്‍മുടക്ക് ഒന്നുമില്ലാതെ ഒരു ഉപഭോഗ സംസ്ഥാനമായി നമുക്ക് എത്രകാലം നിലനില്ക്കാനാവും?
ടൂറിസം മേഖലയില്‍ സ്വകാര്യ മുതല്‍മുടക്കിനെ ്രേപാത്സാഹിപ്പിച്ചിരുന്നെങ്കില് ലോകത്തിലേക്കും ഏറ്റവും ശ്രദ്ധേയമായ ടൂറിസം കേന്ദ്രങ്ങളിലൊന്നായി കേരളം മാറുമായിരുന്നു. അവിടെയും പൊതുമേഖലാ പ്രണയം വഴിമുടക്കിയാകുന്നു. ടൂറിസം, മത്സ്യബന്ധനം, ജലഗതാഗതം, കൃഷി എല്ലാ മേഖലകളിലും അനന്തസാധ്യതകളുണ്ട്. പക്ഷെ ഒന്നും പ്രയോജനപ്പെടുത്തുന്നതേയില്ല. എഴുപതു വര്‍ഷം മുന്‍പ് ജീവിച്ചിരുന്ന സര് സിപിയുടെയും അതിനും മുന്‍പ് ജീവിച്ചിരുന്ന സ്വാതിതിരുനാളിന്റെയോ ഉള്ക്കാഴ്ചയെങ്കിലുമുണ്ടായിരുന്ന ഒരു മുഖ്യമന്ത്രി നമ്മെ ഭരിച്ചിരുന്നെങ്കില്‍ ഇന്നത്തെ ദുര്യോഗത്തില് നിന്നും നാം കരകയറിയേനെ.
ജനസാന്ദ്രത വര്‍ധിച്ചിട്ടും പാര്‍പ്പിട നയം ആവിഷ്കരിക്കുന്ന കാര്യത്തില്‍ യാതൊരു താല്പര്യവും ഇല്ലാത്ത സര്‍ക്കാരുകള്‍ കാരണം, ഇപ്പോഴും അപകടകരമായ മലഞ്ചെരുവുകളില്‍ ഒറ്റയൊറ്റ വീടുകള്‍ വച്ചു കഴിയുന്ന നിരാലംബരായ മനുഷ്യര്‍ പ്രകൃതിയുടെ പ്രതികാരത്തിന് ഇരകളായി ജീവിതം നഷ്ടപ്പെടുത്തുന്നു. എല്ലാ അഴിമതികള്‍ക്കും പരിസ്ഥിതി പ്രേമത്തിന്റെ മറയും.
സാംസ്കാരിക മേഖലയില്‍ അടിഞ്ഞുകൂടുന്ന മാലിന്യങ്ങള്‍ക്ക് പ്രധാന ഉത്തരവാദികള്‍ അതിനെ നിയന്ത്രിക്കുന്ന ഭരണാധികാരികള്‍ തന്നെ. ഇടതുപക്ഷം മനുഷ്യരെ വെറും രാഷ്ട്രീയ ജീവികളാക്കി തരംതാഴ്ത്തി. രാഷ്ട്രീയമൊഴികെ മറ്റെല്ലാത്തിലും അവര്‍ നിരക്ഷരരായി. രാഷ്ട്രീയമെന്നത് വെറും പണപ്പിരിവും വീതം വയ്ക്കലുമാണെന്നു ധരിച്ചുവശായിരിക്കുന്ന ഒരു വലിയ കൂട്ടം കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
മാതൃഭാഷാ പഠനത്തിനുപോലും ഏതെങ്കിലും തരത്തിലുള്ള പരിഗണനയില്ല. പുറമെ ഭാഷാസ്നേഹികളായി നടിക്കുകയും ഫലത്തില്‍ ഇംഗ്ലീഷിന്റെ പ്രചാരകരായി പ്രവര്‍ത്തിക്കുകയുമാണ് ഇടതുപക്ഷത്തിന്റെയും പരിപാടി. നവോത്ഥാനത്തെക്കുറിച്ചുള്ള വീമ്പുപറച്ചിലില്‍ എല്ലാ പാപ്പരത്തവും മറച്ചുപിടിക്കാന്‍ മാധ്യമങ്ങളുടെ കലവറയില്ലാത്ത പിന്തുണയുണ്ട് എന്നത് ഭരണപക്ഷത്തിന്റെ വിജയം. ആകെ അവശരായിപ്പോയ പ്രധാന പ്രതിപക്ഷത്തിനും പ്രീണനത്തിനപ്പുറം നയപരിപാടികള്‍ ഒന്നുമില്ല. ചുരുക്കത്തില്‍ വികസനോന്മുഖമായ കാഴ്ചപ്പാടില്ലാത്ത രാഷ്ട്രീയകക്ഷികള്‍ തന്നെയാണ് കേരളത്തിന്റെ ദുര്യോഗത്തിനു കാരണക്കാര്‍. അമിത രാഷ്ട്രീയവത്കരണത്തില്‍ നിന്നു മോചിപ്പിക്കപ്പെടുകയും ദേശസ്നേഹവും ദേശീയബോധവും ആര്‍ജിക്കുകയും ചെയ്താലേ മലയാളിക്ക് മോചനം ലഭിക്കൂ! അല്ലെങ്കില്‍ ഇന്നത്തേതുപോലെ മേനി പറഞ്ഞ് ദരിദ്രരായി കാലം കഴിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: