നന്ദന ആര്. ശ്രീന്ദനം
9846828189
മഴയുടെ ശബ്ദം കേട്ട് അവള് അതിരാവിലെ ഉണര്‍ന്നു. കള്ള കര്‍ക്കിടകമാസം. മാളു ജനലുകള്‍ തുറന്നു പുറത്തേക്കു നോക്കി വളരെ മനോഹരമായ പ്രകൃതി.
”മാളു… മാളു…” അമ്മ അവളെ വിളിച്ചു.
മാളു പറഞ്ഞു ”എന്താ അമ്മേ…? ഞാന്‍ എഴുന്നേറ്റു.”
അമ്മ പറഞ്ഞു ”ആ എന്നാല്‍ പോയി പല്ലു തേച്ചു കുളിച്ചു വാ”
”ശരി അമ്മേ.” അവള് പല്ലു തേച്ചു കുളിച്ചു കാപ്പി കുടിച്ചു മാളു അമ്മയോട് ചോദിച്ചു: ”മഴയല്ലേ ഇവിടുത്തെ കുളങ്ങളും അരുവികളും ഒക്കെ നിറഞ്ഞു കാണും. ഞാനും പഞ്ചമിയും കൂടി അതൊക്കെ കാണാന്‍ പൊയ്ക്കോട്ടെ, പ്ലീസ് അമ്മേ..”
അമ്മ പറഞ്ഞു ”പൊയ്ക്കോ പക്ഷേ കര്ക്കടകമാസമാണ്. അതുകൊണ്ട് മഴയും കാറ്റുമൊക്കെ കാണും. നേരത്തെ ഇങ്ങ് വരണം. കുടയും കൂടി എടുത്തോ…”
”ശരി അമ്മേ ഞങ്ങള്‍ നേരത്തെതന്നെ വരാം.” മാളുവും പഞ്ചമിയും കുടയും എടുത്തു കൊണ്ട് നടന്നു. അപ്പോള്‍ കണ്ട കാഴ്ച അവരുടെ കണ്ണുകളെ അതിശയിപ്പിച്ചു. ആകാശത്ത് നിറയെ കാര്‍മേഘങ്ങള്‍ ഉണ്ടായിരുന്നു. കളകളം ഒഴുകുന്ന അരുവികളും, അതില്‍ നീന്തിത്തുടിക്കുന്ന മീനുകളും അരയന്നങ്ങളും. കാറ്റത്ത് ആടിയുലയുന്ന വൃക്ഷങ്ങളും തൈകളും. ഉദിച്ചുയരുന്ന സൂര്യനും പച്ചപ്പായ വിരിച്ചതുപാലെയുള്ള വയലുകളും മലകളും. പൂത്തുനില്ക്കുന്ന പൂന്തോട്ടങ്ങളും പൂമരങ്ങളും അതിലെ തേന്‍ നുകരാന്‍ പറന്നെത്തുന്ന വണ്ടുകളും ചിത്രശലഭങ്ങളും അവരുടെ കണ്ണുകള്‍ക്ക് കുളിര്‍മ നല്കി.
പഞ്ചമി മാളുവിനോട് പറഞ്ഞു ”എന്ത് രസമാ ചേച്ചി. ഈ പ്രകൃതിയെ എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു.”
മാളു പറഞ്ഞു ”എനിക്കും ഇഷ്ടപ്പെട്ടു.”
മാളു ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നു. അയ്യോ അത് സ്വപ്നമായിരുന്നോ! എന്ത് രസമായിരുന്നു. ആ പ്രകൃതിയെ കാണാന്‍ എനിക്ക് ഗ്രാമത്തില്‍ പോകണം. എന്നിട്ട് ആസ്വദിക്കണം. അവള് ജനാലകള്‍ തുറന്നു മുറ്റത്തേക്ക് നോക്കി. കൂറ്റന്‍ കെട്ടിടങ്ങള്‍, തലങ്ങും വിലങ്ങും പായുന്ന വാഹനങ്ങള്‍, അവള് ഓടി അമ്മയുടെ അടുത്തുചെന്നു പറഞ്ഞു ”അമ്മേ അമ്മേ… എനിക്ക് ഗ്രാമത്തില്‍ പോകണം. അവിടെയുള്ള പ്രകൃതിയെ എനിക്ക് ആസ്വദിക്കണം. പിന്നെ അമ്മൂമ്മയേയും അപ്പൂപ്പനെയും പഞ്ചമിയെയും കാണണം. ഇപ്പോള്‍ സ്കൂള്‍ അടയ്ക്കുമല്ലോ. എന്നെ അവിടെ കൊണ്ടുപോകുമോ അമ്മേ പ്ലീസ്….”
അമ്മ പറഞ്ഞു: ”നിക്ക്, ഞാന്‍ നിന്റെ അച്ഛനോട് ചോദിക്കട്ടെ.”
”ശരി അമ്മേ.”
അമ്മ മാളുവിന്റെ അച്ഛനോട് പറഞ്ഞു ”മാളുവിന് ഗ്രാമത്തില്‍ പോകണം. എന്നിട്ട് അവള്‍ക്ക് ആ പ്രകൃതിയേയും അമ്മൂമ്മയേയും അപ്പൂപ്പനെയും ഒക്കെ കാണണം എന്നാണ് പറയുന്നത്.”
”അതിനെന്താ നമുക്ക് പോകാം. എനിക്കും അമ്മയെയും അച്ഛനെയും ഒന്ന് കാണണമെന്ന് തോന്നുന്നു. പിന്നെ മാളു പറഞ്ഞത് ശരിയാ, ഈ പട്ടണത്തിലെ പ്രകൃതിയൊന്നുമല്ല ഗ്രാമത്തില്‍. വളരെ മനോഹരമായ പ്രകൃതിയാണ്. എന്നാല്‍ നീ പോയി റെഡിയാവ് മാളുവിനോട് പറഞ്ഞേരെ.”
ഇത് കേട്ടപ്പോള്‍ മാളുവിന് സന്തോഷമായി. അവള് പട്ടണത്തില്‍നിന്നും ഗ്രാമത്തിലെത്തി. മാളു അമ്മൂമ്മയേയും അപ്പൂപ്പനെയും കണ്ടു. പഞ്ചമിയെയും കൂട്ടി ആ സ്വപ്നത്തില്‍ കണ്ട പ്രകൃതിയെ കാണാന്‍ പോയി. അവള്‍ക്ക് സന്തോഷമായി.
മാളു അമ്മയോട് ചോദിച്ചു ”അമ്മേ ഞാന്‍ സ്കൂള്‍ തുറക്കുന്നതുവരെ ഇവിടെ നിന്നോട്ടെ.”
അമ്മ പറഞ്ഞു ”ആ നിന്നോ, പക്ഷേ കുരുത്തക്കേട് കാണിക്കരുത്.”
”ഇല്ലമ്മേ” അവള്‍ക്ക് സന്തോഷമായി. പഞ്ചമിയും മാളുവും കൂടി ആ സന്തോഷത്തില്‍ പാട്ടുകള്പാടിയും കഥകള്‍ പറഞ്ഞും നൃത്തംകളിച്ചും അങ്ങനെയിരിക്കുമ്പോള്‍ കുറേ ദിവസങ്ങള്‍ക്കുശേഷം സ്കൂള്‍ തുറക്കാറായി. മാളു തിരിച്ച് പട്ടണത്തില്‍ പോയി. എന്നാലും അവളുടെ മനസ്സ് ഗ്രാമത്തിലായിരുന്നു. ഇപ്പോഴും അവള്‍ക്ക് ഗ്രാമത്തില്‍ പോയി നിന്ന് കൊതിതീര്‍ന്നിട്ടില്ല.
(കൊട്ടാരക്കര മാര്‍ത്തോമ ഗേള്‍സ് ഹൈസ്കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: