തൃശ്ശൂര്‍: നെല്ലിന്റെ താങ്ങുവില സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപനം നടപ്പായില്ല. ഇത്തവണ 28.72 രൂപയ്ക്ക് നെല്ല് സംഭരിക്കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍ സംഭരണ വില സംബന്ധിച്ച് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ 28 രൂപ മാത്രമാണ് താങ്ങുവിലയായി പറയുന്നത്.
നെല്ല് സംഭരണത്തിന് മുന്നോടിയായി ഭക്ഷ്യ സിവില്‍സപ്ലൈസ് മന്ത്രി ജി.ആര്. അനില്‍ കഴിഞ്ഞ ഓഗസ്ത് 26ന് വിളിച്ച യോഗത്തിന് ശേഷം നടത്തിയ പ്രഖ്യാപനത്തിലാണ് ഇത്തവണ 28 രൂപ 72 പൈസയ്ക്ക് നെല്ല് സംഭരിക്കുമെന്ന് കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കിയത്. എന്നാല്‍ നിലവില്‍ നെല്ലെടുക്കുന്നത് 28 രൂപക്കാണ്. എഴുപത്തിരണ്ട് പൈസയാണ് കുറച്ചത്. കഴിഞ്ഞ വര്‍ഷം 27.48 രൂപക്കായിരുന്നു നെല്ല് സംഭരിച്ചത്. ഇതില്‍ 18.68 രൂപ കേന്ദ്ര വിഹിതവും 8.80 രൂപ സംസ്ഥാന വിഹിതവുമായിരുന്നു. ഇതിനിടെ കഴിഞ്ഞ ബജറ്റില്‍ 52 പൈസ വര്‍ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സംഭരണവില 28 ആക്കി. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ താങ്ങുവില 72 പൈസ കൂടി വര്‍ധിപ്പിച്ചതോടെ 28.72 രൂപയ്ക്ക് നെല്ല് സംഭരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനമാണ് പാഴായത്.
നെല്ലു സംഭരണത്തില്‍ ഉറപ്പ് പാലിക്കാതെ സംസ്ഥാന സര്‍ക്കാര്‍ കബളിപ്പിച്ചതായി കര്‍ഷകര്‍ ആരോപിച്ചു. സംസ്ഥാന സര്‍ക്കാരും, സിവില്‍ സപ്ലൈസ് മന്ത്രിയും, കൃഷിമന്ത്രിയും നെല്ലിന്റെ താങ്ങുവില കിലോക്ക് 28.72 രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയും പിന്നീട് 72 പൈസ വെട്ടിക്കുറക്കുകയും ചെയ്തത് കര്‍ഷകവഞ്ചനയാണെന്ന് ആരോപിച്ച് നിരവധി കര്‍ഷക സംഘടനകള്‍ പ്രതിഷേധം സംഘടിപ്പിച്ചു. കര്‍ഷകമോര്‍ച്ച, കിസാന്‍ മോര്‍ച്ച, കര്‍ഷക ജനത, കര്‍ഷക സമാജം പ്രവര്‍ത്തകരും പ്രതിഷേധം രേഖപ്പെടുത്തി.
കര്‍ഷകര്‍ക്ക് കേന്ദ്രം നല്കിയ ആനുകൂല്യം സംസ്ഥാന സര്‍ക്കാര്‍ വെട്ടിക്കുറച്ച നടപടിയില്‍ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. ഇതിനിടെ സംഭരണം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും നെല്ലിന്റെ വില കിട്ടാതെ ചില സ്ഥലങ്ങളില്‍ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. ഇക്കഴിഞ്ഞ ഫെബ്രുവരി വരെയുള്ള കണക്കില്‍ 275 കോടി രൂപയാണ് കുടിശികയുള്ളത്.
സഹായമായി കേന്ദ്രനടപടി
ഖാരിഫ് വിള സീസണില്‍ 1.23 ലക്ഷം കോടി രൂപയ്ക്ക് 651.07 ലക്ഷം മെട്രിക് ടണ്‍ നെല്ല് വാങ്ങി സംഭരിച്ചതായി കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് നടപ്പാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം നടക്കുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക സഹായ നടപടി. അതേസമയം കഴിഞ്ഞ സീസണില്‍ സംഭരിച്ചത് 561.67 ലക്ഷം മെട്രിക് ടണ്‍ നെല്ലാണ്. 15.91 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കം രാജ്യത്തെ 93.93 ലക്ഷം കര്‍ഷകര്‍ക്ക് നേട്ടമായി. 1,22,922.58 കോടി രൂപയാണ് കേന്ദ്രം ഇതിനായി ചെലവാക്കിയത്. ഇതില്‍ തന്നെ 202.82 ലക്ഷം മെട്രിക് ടണ്‍ പഞ്ചാബില്‍ നിന്ന് മാത്രമാണ് സംഭരിച്ചത്. ആകെ സംഭരണത്തിന്റെ 31.15 ശതമാനം വരുമിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: