തൊടുപുഴ: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം കരതൊട്ടതിനു പിന്നാലെ സംസ്ഥാനത്ത് കനത്ത മഴ. തിരുവനന്തപുരത്തും മലയോര മേഖലയിലും കനത്ത മഴ തുടരുകയാണ്. തിരുവനന്തപുരം – നാഗർകോവിൽ റൂട്ടിൽ മണ്ണിടിഞ്ഞ് ട്രെയിൻ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ചില ട്രെയിനുകൾ റദ്ദാക്കാനും സാധ്യതയുണ്ട്. പാരശ്ശാലയിലും എരണിയയിലും കുഴിത്തുറയിലുമാണ് മണ്ണിടിഞ്ഞത്.
തലസ്ഥാനത്ത് കനത്ത മഴ വലിയനാശനഷ്ടങ്ങൾ ഉണ്ടാക്കി. നെയ്യാറ്റിൻകരയിൽ റോഡ് ഇടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് അരുവിക്കര ഡാമിന്റെ ഷട്ടറുകൾ തുറന്നു. നെയ്യാർ ഡാമിന്റെ ഷട്ടറുകളും ഉടൻ തുടർന്നേക്കും. പലയിടത്തും വെള്ളം കയറിയതിനെത്തുടർന്ന് നിരവധി പേരെ സുരക്ഷിതസ്ഥാനത്തേയ്‌ക്ക് മാറ്റി.
ഇന്നും നാളെയും സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ തീവ്രമഴ ലഭിക്കാം. ഇന്ന് പുതിയ ന്യൂനമര്‍ദത്തിനും സാധ്യതയുണ്ട്. ഇന്നലെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് ഇടുക്കി സംഭരണി ഉള്‍പ്പെടുന്ന പ്രദേശത്താണ്, 14 സെ.മീ. തൊടുപുഴ, പെരുങ്കടവിള(തിരുവനന്തപുരം)- 11, നെയ്യാറ്റിന്‍കര, പീരുമേട്, ആലുവ- 7 സെ.മീ. വീതവും മഴ പെയ്തു. മിക്കയിടത്തും വ്യാഴാഴ്ച രാത്രി തുടങ്ങിയ മഴ ഇന്നലെയും തുടര്‍ന്നു. രാത്രിയില്‍ പാലക്കാട്, ഇടുക്കി ജില്ലകളിലാണ് കൂടുതല്‍ മഴ ലഭിച്ചത്.
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും നാളെ പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്. മറ്റ് ജില്ലകളിലെല്ലാം രണ്ടു ദിവസങ്ങളിലും യെല്ലോ അലര്‍ട്ടാണ്. വ്യാഴാഴ്ച രാത്രി വൈകിയാണ് ന്യൂനമര്‍ദം ചെന്നൈയ്‌ക്ക് സമീപം കരതൊട്ടത്. ഇതിന്റെ ഭാഗമായുള്ള പുള്‍ ഇഫക്ടും തെക്ക് കിഴക്കന്‍ അറബിക്കടലില്‍ നിന്ന് ബംഗാള്‍ ഉള്‍ക്കടല്‍ വരെ നീണ്ടുനില്‍ക്കുന്ന ന്യൂനമര്‍ദ പാത്തിയുമാണ് മഴ ശക്തമാകാന്‍ കാരണം.
ബംഗാള്‍ ഉള്‍ക്കടലില്‍ തെക്കന്‍ ആന്‍ഡമാന്‍ കടലിന് സമീപം ഇന്ന് പുതിയ ന്യൂനമര്‍ദം രൂപമെടുക്കുമെന്നാണ് കേന്ദ്ര അന്തരീക്ഷ ശാസ്ത്രകേന്ദ്രം അറിയിക്കുന്നത്. ഇത് അടുത്ത 48 മണിക്കൂറിനിടെ കൂടുതല്‍ ശക്തി പ്രാപിച്ച് പടിഞ്ഞാറ് -വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി ഒഡീഷ തീരത്തെത്താനാണ് സാധ്യത. ന്യൂനമര്‍ദം ചുഴലിക്കാറ്റ് ആകാനുള്ള സാധ്യതയുമുണ്ട്. ഈ ന്യൂനമര്‍ദത്തിന്റെ ഭാഗമായും കേരളത്തില്‍ മഴയുണ്ടാകും.
പതിനാല് വരെ കേരള തീരത്തും തെക്ക് കിഴക്കന്‍ അറബിക്കടലിലും 50 കി.മീ. വരെ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് നിരോധനമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: