ആലപ്പുഴ: സ്‌കൂളുകളിലെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഇനി മദ്രസകളുടെ പ്രവര്‍ത്തന സമയം പരിഗണിച്ച് മാത്രമേ നടത്താവൂ എന്ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഉത്തരവ്. ആത്മീയ വിദ്യാഭ്യാസത്തിന് തടസ്സമുണ്ടാകാതിരിക്കാനാണ് നടപടിയെന്ന് ഉത്തരവില്‍ വിശദീകരിക്കുന്നു. മദ്രസകളിലെ പഠന സമയം രാവിലെ 8.30 വരെയാണ്. അതിനാല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ അപ്പോള്‍ നടത്തരുത്. പകരം രാവിലെ 9.30 മുതല്‍ നാലു വരെയായി ക്രമപ്പെടുത്തണമെന്നും ജില്ലാ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് വിദ്യാഭ്യാസ ഉപഡയറക്ടര്‍ നിര്‍ദേശം നല്കി.
സമസ്ത കേരള സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഈ മാസം ആദ്യമാണ് ഉത്തരവിറങ്ങിയത്. കൊവിഡിനെ തുടര്‍ന്ന് ഒന്നര വര്‍ഷത്തിലേറെയായി അടച്ചിട്ടിരുന്ന സ്‌കൂളുകള്‍ തുറന്നെങ്കിലും വിദ്യാലയങ്ങളില്‍ ഇപ്പോഴും ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ മദ്രസ പഠനം മുടങ്ങാതിരിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ കരുതല്‍.
ദേവസ്വം ബോര്‍ഡിന്റെ മതപാഠശാലാ പ്രവര്‍ത്തനങ്ങളെ നിരുത്സാഹപ്പെടുത്തുകയും സ്‌കൂളുകളില്‍ സംസ്‌കൃത പഠനത്തില്‍ പോലും മതിയായ അധ്യാപകരെ നിയോഗിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കുട്ടികളുടെ ഇസ്ലാംമത പഠനത്തിന് വിഘാതം വരാതിരിക്കാന്‍ സര്‍ക്കാര്‍ നടപടി.
സംഘടിത മത ന്യൂനപക്ഷത്തെ പ്രീണിപ്പിക്കാന്‍ ഇടതുസര്‍ക്കാര്‍ ഏതറ്റം വരെയും പോകുമെന്ന് വ്യക്തമാക്കുന്നതാണ് സ്‌കൂള്‍ പഠന സമയം പോലും മതപഠനത്തിനനുസരിച്ച് മാറ്റുന്നതെന്നാണ് വിമര്‍ശനം.
നേരത്തേ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളും മറ്റും വെള്ളിയാഴ്ച ദിവസങ്ങളില്‍ നിന്ന് ഒഴിവാക്കി മതേതരത്വം അല്ല, മതത്തിനാണ് പ്രാധാന്യമെന്ന് മുന്‍ സര്‍ക്കാരുകള്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ നടപടിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: