സാമ്പത്തിക രംഗത്ത് ഇടതുമുന്നണി സര്‍ക്കാര്‍ പിന്തുടരുന്ന തെറ്റായ നയങ്ങള്‍ക്കും നടപടികള്‍ക്കുമെതിരെ വീണ്ടും സിഎജി ആഞ്ഞടിച്ചിരിക്കുന്നു. കിഫ്ബി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന കേരള അടിസ്ഥാന സൗകര്യവികസന നിധിയിലൂടെ പരിധിയില്ലാതെ കടമെടുക്കുന്ന സര്‍ക്കാരിന്റെ നയം അംഗീകരിക്കാനാവില്ലെന്നാണ് സിഎജി തയ്യാറാക്കിയ 2019-20 ലെ സംസ്ഥാന സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്. വിദേശ കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് പരിമിതികളുണ്ട്. ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ മൂന്നു ശതമാനം മാത്രമേ കടമെടുക്കാനാവൂ. എന്നാല്‍ ഈ പരിധി മറികടക്കാന്‍ സര്‍ക്കാര്‍ കിഫ്ബിയെ മറയാക്കുകയാണ്. അടിസ്ഥാന സൗകര്യ വികസനത്തിന്റെയും മറ്റും പേരില്‍ കിഫ്ബി വഴി എടുക്കുന്ന വായ്പകള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തുന്നില്ല. നിയമസഭയുടെ പരിശോധനയ്ക്കും വിധേയമാക്കുന്നില്ല. മുന്‍ ധനമന്ത്രി തോമസ് ഐസക് കണ്ടുപിടിച്ച കുറുക്കുവഴിയാണിത്. 2018-19 ലെ റിപ്പോര്‍ട്ടില്‍ സിഎജി ഇതിനെ ശക്തമായി വിമര്‍ശിച്ചിരുന്നു. സര്‍ക്കാരുമായുള്ള തുറന്ന ഏറ്റുമുട്ടലിലാണ് അത് കലാശിച്ചത്. ഈ വിമര്‍ശനമുള്‍ക്കൊള്ളുന്ന സിഎജി റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയശേഷം ഭരണഘടനാ സ്ഥാപനമായ സിഎജിക്കെതിരെ യുദ്ധം പ്രഖ്യാപിക്കുകയാണ് തോമസ് ഐസക് ചെയ്തത്. സിഎജിയുടെ വിശ്വാസ്യത നശിപ്പിക്കാന്‍ സര്‍ക്കാരിന്റെ വരവുചെലവു കണക്കുകള്‍ പരിശോധിക്കുന്ന ഇത്തരമൊരു സംവിധാനം ആവശ്യമില്ലെന്നുവരെ അന്ന് തോമസ് ഐസക് വാദിച്ചു. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ കടമെടുത്തിട്ടും റിസര്‍വ് ബാങ്കിന്റെ ഉള്‍പ്പെടെ അനുമതിയുണ്ടെന്ന് കളവു പറയുകയാണ് അന്ന് സര്‍ക്കാര്‍ ചെയ്തത്. വലിയ അധികാര ദുരുപയോഗവും നിയമലംഘനവുമാണ് അന്ന് പിണറായി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്.
സിഎജിയെ കരുതിക്കൂട്ടി അപകീര്‍ത്തിപ്പെടുത്തിയും റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെ മുഖ്യമന്ത്രി തന്നെ പ്രമേയം അവതരിപ്പിച്ച് നീക്കം ചെയ്തും അധികാരധാര്‍ഷ്ട്യം പ്രകടിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇതിനെ ഫലപ്രദമായി ചോദ്യംചെയ്യാനോ നിയമപരമായി നേരിടാനോ അന്ന് പ്രതിപക്ഷം തയ്യാറായില്ല. കേന്ദ്രവിരോധത്തിന്റെ കാര്യത്തില്‍ സിപിഎമ്മുമായി കൈകോര്‍ക്കുന്ന കോണ്‍ഗ്രസ് ഇങ്ങനെയൊരു താല്പര്യം പ്രകടിപ്പിച്ചില്ല. നിയമസഭയില്‍ പ്രതിപക്ഷ നേതാവിന്റെ വാചാടോപത്തിന് കുറവൊന്നുമുണ്ടായില്ലെങ്കിലും പിണറായിയുടെ ധാര്‍ഷ്ട്യത്തിനു മുന്നില്‍ കീഴടങ്ങുകയായിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ നിലപാട് അംഗീകരിക്കുന്നില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടിലൂടെ സിഎജി വ്യക്തമാക്കിയിരിക്കുന്നത്. കിഫ്ബി എടുക്കുന്ന വായ്പകള്‍ ബജറ്റിനു പുറത്തെ കാര്യമാണെന്നും, ഇത് സംസ്ഥാനത്തിന്റെ കടമാണെന്നും പുതിയ റിപ്പോര്‍ട്ടിലും സിഎജി ആവര്‍ത്തിച്ചതിലൂടെ സര്‍ക്കാര്‍ വെട്ടിലായിരിക്കുന്നു. കിഫ്ബിയുടെയും കേരളാ സോഷ്യല്‍ സെക്യൂരിറ്റി പെന്ഷന് ലിമിറ്റഡിന്റെയും കടങ്ങള്‍ കൂടി ചേര്‍ത്താണ് സിഎജി കമ്മിയും പൊതുകടവും കണക്കാക്കിയിരിക്കുന്നത്. സര്‍ക്കാരിന്റെ ന്യായവാദങ്ങള്‍ സ്വീകാര്യമല്ലെന്ന് ഇതിലൂടെ സിഎജി വ്യക്തമാക്കുന്നു. മുന്‍ഗാമിയായ ഐസക് കാണിച്ച ഗിമ്മിക്കുകള്‍ ആവര്‍ത്തിച്ച് രക്ഷപ്പെടാനാണ് ഇപ്പോഴത്തെ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ശ്രമിക്കുന്നത്. ഇതിനു പക്ഷേ ധനമന്ത്രിക്ക് മെയ്വഴക്കം പോരാ. സര്‍ക്കാരുമായി ബന്ധപ്പെട്ട് പദവികളൊന്നുമില്ലാത്ത ഐസക്കാണെങ്കില്‍ കാഴ്ചക്കാരനായി നോക്കിയിരുന്ന് രസിക്കുകയാണ്. കാണട്ടെ തന്റെ പകരക്കാരനായി കൊണ്ടുവന്നയാളുടെ പ്രാഗല്ഭ്യം എന്ന ഭാവമാണ് ഐസക്കിനുള്ളത്.
വിമര്‍ശനങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടുള്ള സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഒരു നിലപാട് എടുക്കേണ്ടിവരും. സ്വാഭാവികമായും ഇത് ഒരു ഏറ്റുമുട്ടലുണ്ടാക്കും. സിഎജി നിലപാടുകള്‍ അംഗീകരിക്കാന്‍ ഇപ്പോഴത്തെ നിലയ്ക്ക് സര്‍ക്കാരിനാവില്ല. കിഫ്ബി എടുത്ത വായ്പകള്‍ ധന ഉത്തരവാദിത്തത്തിന്റെ പരിധിയില്‍ വരും. അങ്ങനെ വരുമ്പോള്‍ കടമെടുപ്പ് തന്നെ അവതാളത്തിലാവും. കടമെടുപ്പിലൂടെ മാത്രം സാമ്പത്തികമായി അതിജീവിക്കാന്‍ ശ്രമിക്കുന്ന ഒരു സര്‍ക്കാരാണിത്. മറ്റ് മാര്‍ഗങ്ങള്‍ ആരായാന്‍പോലും കൂട്ടാക്കുന്നില്ല. കിട്ടുന്നിടത്തുനിന്നൊക്കെ കടമെടുക്കുകവഴി സംസ്ഥാനം ഇപ്പോള്‍തന്നെ വലിയ കടക്കെണിയില്‍ അകപ്പെട്ടിരിക്കുകയാണ്. കടം വീട്ടുന്നതിനെക്കുറിച്ചുള്ള ആലോചനപോലും സര്‍ക്കാരിനില്ല. തങ്ങള്‍ക്ക് ഒരുവട്ടംകൂടി അധികാരം ലഭിച്ചിരിക്കുകയാണ്. കാലാവധി പൂര്‍ത്തിയാകുന്നതുവരെ ഭരിക്കും. അതിന് പണം വേണം. ഏതു മാര്‍ഗത്തിലൂടെയും അത് കണ്ടെത്തുക എന്നതാണ് നയം. കേന്ദ്രം ഇന്ധനനികുതി കുറച്ചിട്ടും വാറ്റ് നികുതി കുറച്ച് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കില്ലെന്നാണല്ലോ സര്‍ക്കാരിന്റെ ഉറച്ച നിലപാട്. പിണറായി സര്‍ക്കാരിന്റെ ധനകാര്യ മാനേജ്മെന്റ് അമ്പേ പരാജയമാണെന്ന് ഈ സര്‍ക്കാരിനെ രാഷ്ട്രീയമായി പിന്തുണയ്ക്കുന്ന സാമ്പത്തിക വിദഗ്ധര്‍ പോലും സമ്മതിക്കുന്ന കാര്യമാണ്. സാമ്പത്തികരംഗത്തെ ഒരു മേഖലയിലും പുരോഗതി ദൃശ്യമല്ല. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന സിഎജിയുടെ വിമര്‍ശനം. പതിവുപോലെ ഉത്തരവാദിത്തം മറന്ന് സിഎജിയെ രാഷ്ട്രീയമായി നേരിടാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നതെങ്കില്‍ അതിന് വലിയ വില നല്‍കേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: