ലഖ്നൗ: അടുത്ത വര്‍ഷം ആദ്യം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും ഇന്ന് ഉത്തര്‍പ്രദേശിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനാണ് അമിത് ഷാ എത്തുന്നത്. ഇവിടെ പാര്‍ട്ടിയുടെ തെരഞ്ഞടുപ്പ് ചുമതലയുള്ളവരുടെയും ജില്ലാ മേധാവികളുടെയും യോഗത്തെ അദേഹം അഭിസംബോധന ചെയ്യും.
തന്റെ സ്വന്തം മണ്ഡലമായ ലഖ്നൗവിലാണ് രാജ്നാഥ് സിങ് മൂന്നു ദിവസത്തെ സന്ദര്‍ശനം നടത്തുക. സംസ്ഥാനത്ത് നടപ്പാക്കാനുദ്ദേശിക്കുന്ന പ്രതിരോധ പദ്ധതിയെ പറ്റി അദേഹം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ചര്‍ച്ച നടത്തും. കൂടാതെ സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങളും അദേഹം വിശകലനം ചെയ്യും. ലഖ്നൗ മുന്‍ മേയര്‍ അഖിലേഷ് ദാസിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്നതും അദേഹമായിരിക്കും. ഇതിനു ശേഷം പാര്‍ട്ടി കേഡര്‍മാരുമായും രാജ്നാഥ് സിങ് കൂടിക്കാഴ്ച നടത്തും.
വാരണാസിയില്‍, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ പദ്ധതികള്‍ എന്തൊക്കെയാണെന്ന് അമിത് ഷാ പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തും. നാളെ അദേഹം അസംഗഡിലെ പുതിയ സര്‍വകലാശാലയുടെ തറക്കല്ലിടുകയും തുടര്‍ന്ന് പൊതുയോഗത്തിലും പങ്കെടുക്കും. എഴുപതുകളുടെ പകുതി മുതല്‍ അസംഗഢിലെ ജനങ്ങള്‍ ഒരു സര്‍വകലാശാലയ്ക്കായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ യുപിയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ അധികാരത്തില്‍ വന്നു. എന്നാല്‍ ഇപ്പോഴത്തെ ഈ ബിജെപി സര്‍ക്കാരാണ് സര്‍വകലാശാലയെന്ന ജനങ്ങളുടെ ആവശ്യം നടപ്പാക്കുന്നതെന്ന് ബനാറസ് ഹിന്ദു സര്‍വകലാശാല പ്രോഫസര്‍ കൗശല്‍ കിഷോര്‍ മിശ്ര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: