ന്യൂദല്‍ഹി: ഹിന്ദുത്വത്തെ ഇസ്ലാമിക ഭീകരസംഘടനകളായ ഐഎസിനോടും ബോക്കോ ഹറാമിനോടും ഉപമിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സല്മാന് ഖുര്‍ഷിദ് പ്രസിദ്ധീകരിച്ച പുസ്തകം ‘അയോധ്യയിലെ സൂര്യോദയം’ വിവാദച്ചുഴിയില്‍. ഇതോടെ ഖുര്‍ഷിദ് മാത്രമല്ല കോണ്‍ഗ്രസും വെട്ടിലായിരിക്കുകയാണ്.
ഖുര്‍ഷിദ് ഹിന്ദുത്വത്തെ അപമാനിച്ചുവെന്ന് കാണിച്ച് ദല്‍ഹിയിലെ അഭിഭാഷകരായ വിവേക് ഗാര്‍ഗ്, വിനീത് ജിന്‍ഡാല്‍ എന്നിവര്‍ ദല്‍ഹി പോലീസില്‍ പരാതി നല്കി.
അയോധ്യക്കേസിലെ സുപ്രീം കോടതി വിധിയെപ്പറ്റിയുള്ളതാണ് പുസ്തകം. ഐഎസ്, ബോക്കോ ഹറാം എന്നീ ജിഹാദി ഗ്രൂപ്പുകളെപ്പോലെയുള്ള ഹിന്ദുത്വവാദം സനാതന ധര്‍മ്മത്തെയും പുരാതന ഹിന്ദുത്വത്തെയും ഒരരികിലേക്ക് തള്ളി മാറ്റിയിരിക്കുകയാണ് എന്നാണ് ‘കാവിയാകാശം’ എന്ന അധ്യായത്തിലെ പരാമര്‍ശം.
രാഷ്ട്രീയ സാമൂഹ്യ വൃത്തങ്ങളില്‍ ഇത് വന്‍ ചര്‍ച്ചയായി. മുസ്ലിം വോട്ട് നേടാന്‍ വേണ്ടി കാവി ഭീകരതയെന്ന വാക്ക് ഉണ്ടാക്കിയവരില്‍ നിന്ന് ഇതില്‍ കൂടുതല്‍ നാം എന്തു പ്രതീക്ഷിക്കാനാണെന്നാണ് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയുടെ പ്രതികരണം.
ഹിന്ദുക്കളെ ഐഎസുമായി താരതമ്യം ചെയ്ത് ഐഎസിന് മാന്യത നല്കുന്ന, കോണ്‍ഗ്രസിന്റെ യഥാര്‍ഥ മനസ്സാണ് ഇത് കാണിക്കുന്നതെന്ന് ഹര്‍ജിക്കാരില്‍ ഒരാളായ വിവേക് ഗാര്‍ഗ് ചൂണ്ടിക്കാട്ടി. ഖുര്‍ഷിദിന്റെ പുസ്തകത്തിലെ കുറിപ്പ് ഗുരുതരമായ ക്രിമിനില്‍ കുറ്റമാണ്. അതിലെ ഭാഷയും ഉദ്ദേശ്യവും രാജ്യദ്രോഹത്തിന്റെ ഉത്തമ ഉദാഹരണമാണ്, രാജ്യത്തിനെതിരെ യുദ്ധം ചെയ്യാനുള്ള ഗൂഡാലോചനയാണ്, ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മില്‍ ശത്രുതയുണ്ടാക്കാനുള്ള ശ്രമമാണ്. പരാതിയില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ഹിന്ദുത്വത്തെ ഭീകര സംഘടനകളോട് ഉപമിച്ചത് ഹിന്ദു സമൂഹത്തിനാകെ അപമാനകരമാണ്, ഹിന്ദുത്വത്തിന്റെ മൂല്യങ്ങളെ പോലും ചോദ്യം ചെയ്യുന്നതാണന്നും അദ്ദേഹം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: