കോഴിക്കോട്: കേരള കലാമണ്ഡലത്തില്‍ കഥകളി പഠിക്കാന്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം അനുവദിച്ചത് ലിംഗനീതിയെന്ന പ്രചാരണം പൊളിയുന്നു. മുമ്പ് നിരവധി തവണ ആവശ്യമുയര്‍ന്നിട്ടും പെണ്‍കുട്ടികളുടെ പ്രവേശനത്തിന് അനുമതി നിഷേധിച്ചവര്‍ ഇത്തവണ അതിന് നിര്‍ബന്ധിതരായതാണെന്നാണ് വിവരം. രണ്ട് ആണ്‍കുട്ടികള്‍ മാത്രം അപേക്ഷിച്ച അവസ്ഥയില്‍ മറ്റ് മാര്‍ഗമില്ലാതെ കലാമണ്ഡലം അധികൃതര്‍ പെണ്‍കുട്ടികളെ കൂടി പ്രവേശിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
തെക്കന്‍, വടക്കന്‍ വിഭാഗങ്ങളിലായി കഥകളി വേഷത്തിന് ആകെ എട്ട് സീറ്റാണുള്ളത്. എട്ടാം ക്ലാസിലാണ് പ്രവേശനം. ഇത്തവണ ഈ സീറ്റുകളിലേക്ക് അപേക്ഷ നല്‍കിയത് ആകെ രണ്ട് ആണ്‍കുട്ടികള്‍ മാത്രം. ഒരാള്‍ തെക്കന്‍ ചിട്ടയിലേക്കും മറ്റൊരാള്‍ വടക്കന്‍ ചിട്ടയിലേക്കും. തുടര്‍ന്ന് പെണ്‍കുട്ടികള്‍ക്ക് കൂടി പ്രവേശനം അനുവദിച്ച് ഒരു നോട്ടിഫിക്കേഷന്‍ കൂടി നടത്തി. അതില്‍ 10 അപേക്ഷകള്‍ കിട്ടി. ഒമ്പത് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും. ഒമ്പത് പെണ്‍കുട്ടികളില്‍ ഒരാള്‍ക്ക് പ്രായം സംബന്ധിച്ച അയോഗ്യത കാരണം പ്രവേശനം നേടാനായില്ല. ബാക്കി എട്ട് പെണ്‍കുട്ടികള്‍ക്കും നേരത്തെ അപേക്ഷിച്ച രണ്ടുപേരടക്കം മൂന്ന് ആണ്‍കുട്ടികള്‍ക്കും പ്രവേശനം ലഭിച്ചു. അങ്ങനെ എട്ട് പെണ്‍കുട്ടികളും മൂന്ന് ആണ്‍കുട്ടികളുമായി പുതിയ കഥകളി വേഷം ബാച്ച് 15ന് ആരംഭിക്കുകയാണ്.
ചരിത്രത്തിലാദ്യമായാണ് പെണ്‍കുട്ടികള്‍ കലാമണ്ഡലത്തില്‍ കഥകളി വേഷം പഠിക്കാനെത്തുന്നത്. കലാരംഗത്ത് പ്രശസ്തരായ പലരും നേരത്തെ തന്നെ പെണ്‍കുട്ടികള്‍ക്ക് കഥകളി പഠനത്തിന് അവസരം നല്കണമെന്നാവശ്യപ്പെട്ടിരുന്നു. കഥകളി രംഗത്ത് സ്ത്രീകളുടെ സാന്നിധ്യം മുമ്പെ തന്നെ ഉണ്ടെങ്കിലും അത് ഏറെ പരിമിതമായിരുന്നു. തൃപ്പൂണിത്തുറയില്‍ ഒരു വനിതാ കഥകളി ട്രൂപ്പുമുണ്ട്. കലാമണ്ഡലത്തില്‍ ആറ് മാസത്തെയോ ഒരു വര്‍ഷത്തെയോ ഹ്രസ്വകാല കഥകളി കോഴ്സ് ചെയ്യാന്‍ വിദേശികളും അന്യസംസ്ഥാനക്കാരുമായ പെണ്‍കുട്ടികള്‍ ഇടയ്ക്ക് വരാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: