ന്യൂദല്‍ഹി: കോവിഡ് മഹാമാരിയെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവച്ച പാര്‍ലമെന്റ് അംഗങ്ങളുടെ ലോക്കല്‍ പ്രാദേശിക വികസന പദ്ധതി (ഏരിയ ഡെവലപ്മെന്റ് സ്കീം- എംപിഎല്‍എഡിഎസ്) പുനഃസ്ഥാപിക്കുന്നതിനും തുടരുന്നതിനും കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കി.
2021-22 സാമ്പത്തിക വര്‍ഷത്തിന്റെ ശേഷിക്കുന്ന ഭാഗത്തേക്ക് പദ്ധതി പുനഃസ്ഥാപിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം ബുധനാഴ്ച തീരുമാനിച്ചു. 2025-26 വരെ ഈ പദ്ധതി തുടരുമെന്നും യോഗത്തിനു ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂര്‍ വ്യക്തമാക്കി.
2021- 22 ലെ ശേഷിക്കുന്ന കാലയളവിലേക്ക് ഒരു എംപിക്ക് രണ്ട് കോടി രൂപ വീതം ഒരു ഗഡുവായി ഫണ്ട് അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2022-23 മുതല്‍ 2025-26 വരെ ഓരോ എംപിമാര്‍ക്കും 2.5 കോടി രൂപ വീതമുള്ള രണ്ട് ഗഡുക്കളായി പ്രതിവര്‍ഷം അഞ്ചു കോടി രൂപ വീതം പദ്ധതിക്ക് കീഴില്‍ ഫണ്ട് അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവിലെ പദ്ധതി പ്രകാരം, എംപിമാര്‍ക്ക് അവരുടെ മണ്ഡലങ്ങളില്‍ ഓരോ വര്‍ഷവും അഞ്ചു കോടി രൂപ ചെലവിടുന്ന വികസന പരിപാടികള്‍ ശുപാര്‍ശ ചെയ്യാം. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍, 2020-21, 2021-22 കാലയളവില്‍ സര്‍ക്കാര്‍ എംപിഎല്‍എഡിഎസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു, കൂടാതെ ആരോഗ്യ സേവനങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും രാജ്യത്ത് കോവിഡ് മഹാമാരിയുടെ പ്രതികൂല ആഘാതത്തിനും ഈ ഫണ്ട് ഉപയോഗിക്കാനും തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: