കോഴിക്കോട്: മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ അംഗീകാരം നഷ്ടപ്പെട്ട പതിനൊന്ന് സ്വാശ്രയ ബിഎഡ് സെന്ററുകള്‍ക്ക് പ്രവര്‍ത്തനാനുമതി നേടാന്‍ വളഞ്ഞ വഴികളില്‍ ശ്രമം. കാലിക്കറ്റ് സര്‍വ്വകലാശാലയുടെ കീഴിലുള്ള 11 ബിഎഡ് കേന്ദ്രങ്ങള്‍ക്കുള്ള നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യുക്കേഷന്‍ (എന്‍സിടിഇ) അംഗീകാരം പിന്‍വലിച്ചത് ഈവര്‍ഷം സപ്തംബറിലാണ്. സ്വാശ്രയ സ്ഥാപനങ്ങളും സര്‍വ്വകലാശാലയും സര്‍ക്കാരും ചേര്‍ന്നുള്ള ഗൂഢനീക്കമാണിപ്പോഴത്തേതെന്നാണ് വിവരം.
പലവട്ടം നല്കിയ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനെത്തുടര്‍ന്നായിരുന്നു എന്‍സിടിഇ മാനദണ്ഡങ്ങള്‍ ലംഘിച്ച് ഏഴു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങള്‍ക്കെതിരെ നടപടി. രജിസ്ട്രേഷന് ഫീസ് അടയ്ക്കാനാകില്ലെന്നും കെട്ടിടങ്ങള്‍ക്കും അധ്യാപകര്‍ക്കും കൗണ്‍സില്‍ നിര്‍ദേശിക്കുന്ന യോഗ്യതാ മാനദണ്ഡങ്ങള്‍ അംഗീകരിക്കില്ലെന്നുമുള്ള പിടിവാശിയാണ് യൂണിവേഴ്സിറ്റിക്കും സ്ഥാപനങ്ങള്‍ക്കും. എന്നാല്‍, അപ്പീല്നല്കി അനുമതി നേടുമെന്നും അതിനുള്ള നടപടികള്‍ എടുക്കുമെന്നുമാണ് സിന്‍ഡിക്കേറ്റ് യോഗത്തിന് ശേഷമുള്ള അറിയിപ്പ്. കൗണ്‍സിലിന്റെ അറിയിപ്പ് വന്ന് മൂന്നുമാസമായിട്ടും ഒന്നും ചെയ്യാത്ത സര്‍വ്വകലാശാലാ അധികൃതര്‍ വിമര്‍ശനം ഭയന്നാണ് പുതിയ വാര്‍ത്തപോലെ ചില മാധ്യമങ്ങള്‍വഴി പഴയ വാര്‍ത്ത പ്രചരിപ്പിച്ചത്.
2014ല്‍ എന്‍സിടിഇ നടപ്പാക്കിയ വ്യവസ്ഥ പ്രകാരം ഓരോ കേന്ദ്രവും കൗണ്‍സിലിന്റെ അംഗീകാരം (ആര്‍പിആര്‍ഒ) പുതുക്കേണ്ടിയിരുന്നു. എന്നാല്‍, ഈ കേന്ദ്രങ്ങള്‍ അത് ചെയ്യാതെ കേന്ദ്ര സര്‍ക്കാരിന്റെ നിബന്ധനകള്‍ കേരളത്തില്‍ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച് പ്രക്ഷോഭങ്ങള്‍ നടത്തുകയായിരുന്നു. 2021 സപ്തംബര്‍ 13, 14 തീയതികളില്‍ ചേര്‍ന്ന എന്‍സിടിഇ കേന്ദ്ര സമിതി യോഗം, 11 സെന്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്ന് സര്‍വ്വകലാശാലയോട് നിര്‍ദേശിക്കാന്‍ റീജണല്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
2014 മുതല്‍ എന്‍സിടിഇ പല മാനദണ്ഡങ്ങളിലും മാറ്റം വരുത്തുകയും, കോഴ്സ് കാലാവധി രണ്ട് വര്‍ഷമാക്കി ഉയര്‍ത്തുകയും ചെയ്തിരുന്നു. കാലിക്കറ്റ് സര്‍വ്വകലാശാലയുടെ കീഴിലുള്ള 11 സെന്ററുകളില്‍ ഏഴ് വര്‍ഷമായിട്ടും അടിസ്ഥാന സൗകര്യങ്ങളിലടക്കം വേണ്ട മാറ്റങ്ങള്‍ വരുത്താതിരുന്നതാണ് അംഗീകാരം നഷ്ടമാകാന്‍ കാരണം.
സപ്തംബറിന് ശേഷം എന്‍സിടിഇ യുടെ യോഗം ചേര്‍ന്നിട്ടില്ല. ഈ മാസം അവസാനം യോഗം ചേരും. മൂന്നുമാസം മുമ്പേ പ്രവര്‍ത്തനം നിര്‍ത്താന്‍ നിര്‍ദേശം നല്‍കിയിട്ടും ബിഎഡ് കേന്ദ്രങ്ങളോ സര്‍വ്വകലാശാലയോ ഒരു നടപടിയും എടുത്തതായി അറിയിച്ചിട്ടില്ലെന്ന് എന്‍സിടിഇ മേഖലാ കേന്ദ്രം വ്യക്തമാക്കുന്നു. എന്നാല്‍, ഇപ്പോള്‍ ചില മാധ്യമങ്ങളിലൂടെ പഴയ സംഭവങ്ങള്‍ പുതിയ വാര്‍ത്തപോലെ അവതരിപ്പിച്ചത് കേന്ദ്രങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നേടാനുള്ള സമ്മര്‍ദ നീക്കമായാണ് നിരീക്ഷിക്കപ്പെടുന്നത്. അംഗീകാരമില്ലെന്ന കാര്യം മറച്ചുവെച്ച് സ്വാശ്രയ സ്ഥാപനങ്ങളില്‍ പ്രവേശനം നല്കി വിദ്യാര്‍ഥികളേയും രക്ഷിതാക്കളേയും കബളിപ്പിച്ചിട്ടുണ്ടോ എന്ന കാര്യവും കണ്ടെത്തേണ്ടതുണ്ട്. എന്‍സിടി യോഗം ചേരാനിരിക്കെ ഈ പ്രചാരണം കേന്ദ്ര സര്‍ക്കാരിനെതിരേയുള്ള രാഷ്ട്രീയ നീക്കമായിരിക്കാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: