സെങ്കനിയെയും രാജാക്കണ്ണിനെയും പ്രേക്ഷകര്‍ അത്ര പെട്ടെന്ന് മറക്കാനിടയില്ല. അതു പോലെ തന്നെ അഡ്വ ചന്ദ്രുവിനെയും. അത്രത്തോളം സ്വാധീനമാണ് സൂര്യയുടെ ജയ് ഭീം സമൂഹത്തിലുണ്ടാക്കിയത്. തമിഴ്നാട്ടിലെ ആദിവാസി സമൂഹത്തെയും അവരോട് മറ്റ് ജനങ്ങള്‍ കാട്ടുന്ന വിവേചനവും അത്രത്തോളം ആഴത്തില്‍ പ്രേക്ഷകന്റെ മനസ്സില്‍ പതിപ്പിക്കാന്‍ ജയ് ഭീമിനായി.
ഇതൊരു കഥയല്ലെന്നും നടന്ന സംഭവമാണെന്നുകൂടി അറിയുമ്പോള്‍ ചിത്രത്തിലെ രാജാക്കണ്ണും മൊസക്കുട്ടിയുമൊക്കെ അനുഭവിക്കുന്ന യാതനകള്‍ പ്രേക്ഷകനെ വേട്ടയാടാന്‍ തുടങ്ങും. എന്നാല്‍ അവരെ ആ നരകയാതനകളില്‍ നിന്നും വിവേചനങ്ങളില്‍ നിന്നും കരകയറ്റുന്ന അഡ്വ ചന്ദ്രുവിന്റെ കോടതിയിലെ ശക്തമായ വാദങ്ങളുടെ രംഗങ്ങള്‍ പ്രേക്ഷകനില്‍ ആവേശമുണ്ടാക്കും.
തമിഴ്നാട് ഹൈക്കോടതി മുന്‍ ജഡ്ജിയായ ജസ്റ്റിസ് ചന്ദ്രുവിന്റെ ജീവിതകഥയെ അടിസ്ഥാനമാക്കി ടി ജി ജ്ഞാനവേല്‍ സംവിധാനം ചെയ്ത് സൂര്യ നിര്‍മ്മിക്കുകയും അഭിനയിക്കുകയും ചെയ്ത ചിത്രമാണ് ജയ് ഭീം. ഇതിനോടകം തന്നെ ചിത്രം നിരവധി പ്രേക്ഷകരുടെ പ്രീതി പിടിച്ചു പറ്റുകയും, സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ക്ക് വഴി വയ്ക്കുകയും ചെയ്തിട്ടുണ്ട്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളിലൊരാളായ ലിജോമോള്‍ ഉള്‍പ്പടെ അനവധി മലയാള താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ചിത്രത്തിന് മലയാളത്തിലും പ്രേക്ഷകരേറെയാണ്.
ചിത്രത്തിലുടനീളം കാള്‍ മാര്‍ക്സിനെയും ലെനിനെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൊടികളെയുമൊക്കെ കാണിക്കുന്നുണ്ട്. ചിത്രത്തിലെ സംഭവങ്ങളില്‍ കമ്മ്യൂണ്സ്റ്റ് പ്രസ്ഥാനത്തിന്റെ പങ്ക് ഒഴിച്ചുകൂടാനാവാത്തതാണ്. എന്നാല്‍ ജയ് ഭീം സിനിമയ്ക്കോ അതിനാധാരമായ സംഭവത്തിനോ യഥാര്‍ഥ ജീവുതത്തില്‍ സിപിഎമ്മുമായി യാതൊരു ബന്ധവുമില്ലെന്ന് ജസ്റ്റിസ് ചന്ദ്രു തന്നെ പറയുന്നു.
1988ല്‍ തന്നെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതാണ്. ചിത്രത്തില്‍ കാണിച്ചിരിക്കുന്നതു പോലെ യഥാര്‍ഥ ജീവിതത്തിലെ രാജാക്കണ്ണിന്റെ കസ്റ്റഡി മരണം നടക്കുന്നത് 1993 ലാണ്. കേരളത്തിലെ ഇടതു പ്രവര്‍ത്തകര്‍ ജയ് ഭീമിനെ ആഘോഷിക്കാന്‍ കാരണം ചിത്രത്തില്‍ സംഭവവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സജീവമായി ഇടപെടുന്നത് കാണിക്കുന്നതുകൊണ്ടാവാം.
കഴിഞ്ഞ രണ്ടാം തീയതിയാണ് ചിത്രം ആമസോണ്‍ പ്രൈം വഴി പുറത്തിറങ്ങിയത്. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ടു തന്നെ ചിത്രം ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ കണ്ടു. സിനിമയില്‍ കാണിക്കുന്നത് രാജാക്കണ്ണ് ഇരുളര്‍ സമൂഹത്തില്‍പ്പെട്ട ആളായിട്ടാണ്. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ രാജാക്കണ്ണ് കുറുവ വിഭാഗത്തില്‍പ്പെട്ടവരാണ്. കുറുവ വിഭാഗം എസ്ടി വിഭാഗത്തില്‍ പെടുന്നവരല്ല.
1988ല്‍ ജസ്റ്റിസ് ചന്ദ്രുവും സിപിഎമ്മുമായുള്ള ബന്ധം അവസാനിച്ചു. അതിനുശേഷം അദേഹം പാര്‍ട്ടിയുമായി ബന്ധമുള്ള കേസുകളൊന്നും വാദിച്ചിരുന്നില്ല. മനുഷ്യാവകാശപ്രവര്‍ത്തകനായ ഒരു വക്കീലായാണ് ഇതുവരെ ജീവിച്ചത്. ഇപ്പോഴും നല്ലൊരു മനുഷ്യാവകാശ പ്രവര്‍ത്തകനാണ്. സിനിമ ഇറങ്ങിയ ശേഷം കേരളത്തിലെ രണ്ടു മന്ത്രിമാരുള്‍പ്പടെയുള്ള ഇടതു പാര്‍ട്ടി നേതാക്കള്‍ അദേഹത്തെ വിളിച്ച് അഭിനന്ദിച്ചിരുന്നു. സിനിമയിലുടനീളം ചുവപ്പു കൊടിയൊക്കെ കാണിക്കുന്നത് കൊണ്ടായിരിക്കാം ഇതൊക്കെയെന്നാണ് ജസ്റ്റിസ് ചന്ദ്രു പറയുന്നുണ്ട്. 20 വര്‍ഷം പ്രവര്‍ത്തിച്ച പാര്‍ട്ടിയില്‍ നിന്നാണ് തന്നെ പുറത്താക്കിയതെന്നും ഇനി ഒരു തിരിച്ചുപോക്ക് ഉണ്ടാകില്ലെന്നും അദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: