കൊച്ചി : നടന് ജോജു ജോര്‍ജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ മാര്‍ച്ച് നടത്തി മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. വൈറ്റിലയില്‍ കോണ്‍ഗ്രസ് നടത്തിയ വഴി തടയല്‍ സമരത്തിനിടെ ജോജു വനിതാ പ്രവര്‍ത്തകരോട് അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് പരാതി നല്‍കിയിരുന്നു. പോലീസ് ഇതില്‍ നടപടി സ്വീകരിക്കണമെന്നാണ് മഹിള കോണ്‍ഗ്രസ്സിന്റെ ആവശ്യം.
ഉപരോധ സമരത്തിനിടയിലേക്ക് ജോജു ജോര്‍ജ് അതിക്രമിച്ച് കടക്കുകയും ആക്ഷേപിക്കുന്ന വിധത്തില്‍ സംസാരിച്ചെന്നുമായിരുന്നു പരാതി. ഈ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നില്ല. തന്നെ അപമാനിച്ചുവെന്ന് ഒരു സ്ത്രീ പരാതി നല്കിയാല് അതില്‍ കേസെടുത്ത് നിയമനടപടി സ്വീകരിക്കാന്‍ പോലീസ് തയ്യാറാകണമെന്ന് സമരത്തില്‍ പങ്കെടുത്ത ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു.
സിപിഎം സഹയാത്രികനായാല്‍ നിയമം ബാധകമല്ലെന്നാണോയെന്നും മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ ചോദിച്ചു. ജോജു ജോര്‍ജിനെതിരെ നിയമനടപടി പറ്റില്ലെന്നാണ് പിണറായി സര്‍ക്കാര്‍ പറയുന്നതെങ്കില്‍ അത് അനുവദിച്ച് കൊടുക്കില്ലെന്നും അവര്‍ പറഞ്ഞു.
അതേസമയം സംഭവം നടക്കുമ്പോള്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തുണ്ടായിരുന്നു. സ്ത്രീകള്‍ക്ക് നേരെ അതിക്രമം കാണിച്ചുവെന്ന ആരോപണത്തില്‍ തെളിവില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസെടുക്കാത്തതെന്നും പോലീസ് അറിയിച്ചു. എന്നാല്‍ നടനെതിരെയുള്ള പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. പ്രതിഷേധത്തെ തുടര്‍ന്ന് നടന്റെ സ്റ്റാര്‍ എന്ന സിനിമ പ്രദര്‍ശനം അവസാനിപ്പിച്ചിട്ടും തിയേറ്ററിന് മുന്നില്‍ നിന്ന് പോസ്റ്റര്‍ നീക്കം ചെയ്യാത്തതിനെതിലും കോണ്‍ഗ്രസ് പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: