കണ്ണൂര്‍ : നിരോധിച്ച നോട്ടുകള്‍ കൊണ്ട് ബോര്‍ഡുകള്‍ നിര്‍മിച്ച് കണ്ണൂര്‍ വളപ്പട്ടണം വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്സ്. 2016 നവംബര്‍ 8നു പിന്‍വലിച്ച 500 രൂപ, 1000 രൂപ നോട്ടുകളുപയോഗിച്ചാണ് ഇവിടെ 11% ബോര്‍ഡുകളുടെയും ഉല്പാദനം. നോട്ട് നിരോധനത്തിന്റെ അഞ്ചാം വാര്‍ഷികത്തില്‍ നിരോധിച്ച നോട്ടുകള്‍ എന്ത് ചെയ്തെന്ന് ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു അതിനുള്ള മറുപടിയാണ് ഇത്.
റിസര്‍വ് ബാങ്ക് നിരോധിച്ച നോട്ടുകളുടെ പള്‍പ്പ് ഉപയോഗിച്ചാണ് ഹാര്‍ഡ് ബോര്‍ഡുകളും സോഫ്ട്ബോര്‍ഡുകളും പ്രസ് ബോര്‍ഡുകളും ഉണ്ടാക്കുന്നത്. ബോര്‍ഡ് നിര്‍മാണത്തിന് നോട്ടുകളുടെ പള്‍പ്പ് ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ഇതിന്റെ ഗുണനിലവാരവും വര്‍ധിച്ചിട്ടുണ്ട്.
നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനം വന്ന് രണ്ടാഴ്ചയ്ക്കകം തന്നെ വളപ്പട്ടണം പ്ലൈവുഡില്‍ കറന്‍സി ചാക്കുകള്‍ എത്തി. നുറുക്കി, തീരെച്ചെറിയ തുണ്ടുകളാക്കിയ നിലയിലാണ് നോട്ടുകള്‍ റിസര്‍വ് ബാങ്ക് കൈമാറിയത്. ഇത് 280 ഡിഗ്രിവരെയുള്ള ഊഷ്മാവില്‍ പുഴുങ്ങി, അരച്ചെടുത്താണു ഹാര്‍ഡ് ബോര്‍ഡുണ്ടാക്കുന്നത്. മാസത്തില്‍, 15 ടണ്‍വീതമുള്ള 4 ലോഡുകള്‍ ഇപ്പോഴും ആര്‍ബിഐ തിരുവനന്തപുരം മേഖലാ ഓഫിസില്‍ നിന്ന് എത്തിക്കുന്നുണ്ട്. തുടക്കത്തില്‍ ടണ്ണിന് 128 രൂപ നല്‍കേണ്ടിയിരുന്നുവെങ്കിലും ഇപ്പോള്‍ സൗജന്യമായാണ് ലഭിക്കുന്നത്.
പ്രീമിയം ബോര്‍ഡുകളുടെ പള്‍പ്പില്‍ നോട്ടുകള്‍ ചേര്‍ക്കാന്‍ തുടങ്ങിയതോടെ ഗുണനിലവാരം വര്‍ധിച്ചെന്ന് വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്സ് മാനേജിങ് ഡയറക്ടര്‍ പി.കെ. മായന്‍ മുഹമ്മദ് അറിയിച്ചു. മലേഷ്യ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലേക്ക് ബോര്‍ഡുകള്‍ കയറ്റുമതി ചെയ്യുന്നു. ആര്‍ബിഐയുടെ നിര്‍ദ്ദേശ പ്രകരം ‘വെസ്റ്റേണ്‍ ഇന്ത്യ’യുടെ ഗവേഷണ വിഭാഗമാണു നോട്ടുകള്‍ ഹാര്‍ഡ് ബോര്‍ഡ് നിര്‍മാണത്തിനായി ഉപയോഗിക്കാമെന്നു കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: