അഗര്‍ത്തല: ത്രിപുരയിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 334 സീറ്റുകളില്‍ 112 എണ്ണത്തിലും ഭരണകക്ഷിയായ ബിജെപി എതിരില്ലാതെ വിജയിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സൂക്ഷ്മപരിശോധനയ്ക്കു ശേഷം തിങ്കളാഴ്ചയായിരുന്നു നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം. പ്രതിപക്ഷമായ സിപിഎമ്മിന്റെ 15 സ്ഥാനാര്‍ത്ഥികള്‍, തൃണമൂല്‍ കോണ്‍ഗ്രസിന്റെ (ടിഎംസി) നാല് സ്ഥാനാര്‍ത്ഥികള്‍, കോണ്‍ഗ്രസിന്റെ എട്ട്, എഐഎഫ്ബിയുടെ രണ്ട്, ഏഴ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ എന്നിവരുള്‍പ്പെടെ 36 സ്ഥാനാര്‍ത്ഥികള്‍ തിങ്കളാഴ്ച പത്രിക പിന്‍വലിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. നവംബര്‍ 25 ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബാക്കി 222 സീറ്റുകളിലേക്ക് 785 മത്സരാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്.
2018 തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് അധികാരത്തിലെത്തിയ ശേഷം ബിജെപി നേരിടുന്ന ആദ്യ തദ്ദേശ തിരഞ്ഞെടുപ്പാണിത്. അഗര്‍ത്തല മുനിസിപ്പല്‍ കോര്പ്പറേഷന് (51 വാര്‍ഡുകള്‍), 13 മുനിസിപ്പല്‍ കൗണ്‍സിലുകള്‍, സംസ്ഥാനത്തുടനീളമുള്ള ആറ് നഗര്‍ പഞ്ചായത്തുകള്‍ എന്നിവയുള്‍പ്പെടെ നഗര തദ്ദേശ സ്ഥാപനങ്ങളില്‍ മൊത്തത്തില്‍ 334 സീറ്റുകളുണ്ട്.
അംബാസ മുനിസിപ്പല്‍ കൗണ്‍സില്‍, ജിരാനിയ നഗര്‍ പഞ്ചായത്ത്, മോഹന്‍പൂര്‍ മുനിസിപ്പല്‍ കൗണ്‍സില്‍, റാണിര്‍ബസാര്‍ മുനിസിപ്പല്‍ കൗണ്‍സില്‍, ബിഷാല്‍ഗഡ് മുനിസിപ്പല്‍ കൗണ്‍സില്‍, ഉദയ്പൂര്‍ മുനിസിപ്പല്‍ കൗണ്‍സില്‍, ശാന്തിര്‍ബസാര്‍ മുനിസിപ്പല്‍ കൗണ്‍സില്‍ എന്നീ ഏഴ് നഗര സ്ഥാപനങ്ങളില്‍ പ്രതിപക്ഷ സ്ഥാനാര്‍ഥികളില്ല. അതേസമയം, ബിജെപി അഴിച്ചുവിട്ട അക്രമം കാരണമാണ് തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാന്‍ കാരണമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരിയുടെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: