ചെങ്ങന്നൂര്‍: തീര്‍ത്ഥാടനകാലത്ത് മതിയായ വാഹന സൗകര്യം ഇല്ലാത്തത് ഇത്തവണയും അയ്യപ്പഭക്തന്മാര്ക്ക് ദുരിതമാകും. റെയിവേ സ്റ്റേഷനില്‍ നിന്നും പതിവുപോലെ 30 ബസ്സുകള്‍ സര്‍വീസ് നടത്താനാണ് കെഎസ്ആര്‍ടിസിയുടെ തീരുമാനം. ഇതിനായി മറ്റ് ഡിപ്പോകളില്‍ നിന്ന് 15, 16 തീയതികളില്‍ വാഹനങ്ങള്‍ എത്തിക്കും. എന്നാല്‍ ചെങ്ങന്നൂരില്‍ എത്തുന്ന അയ്യപ്പഭക്തന്മാര്ക്ക് ആനുപാതികമായി യാത്രചെയ്യാന്‍ ഈ ബസുകള്‍ പര്യാപ്തമല്ല.
കൊവിഡ് മാനദണ്ഡം നിലനില്ക്കുമ്പോള് കൂടുതല്‍ ബസുകള്‍ സജ്ജമാക്കേണ്ടതുണ്ട്. എന്നാല്‍ നിലവില്‍ ഇതിനുള്ള ഒരുക്കങ്ങള്‍ ഒന്നും നടത്തിയിട്ടില്ല. പമ്പയ്ക്കുള്ള ബസുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വാഹനങ്ങളുടെ എണ്ണത്തില്‍ ഉണ്ടാകുന്ന കുറവും നിലവിലെ സാഹചര്യവും കാര്യങ്ങള്‍ ദുസ്സഹമാക്കും. വാഹനത്തിന്റെ എണ്ണത്തിനുസരിച്ച് ജീവനക്കാരെയും മെക്കാനിക്കുകളേയും നിയമിക്കാത്തതും പ്രതിസന്ധി സൃഷ്ടിക്കും.
സമീപ സ്ഥലങ്ങളില്‍ നിന്ന് തീര്‍ത്ഥാടന കാലത്ത് ആരംഭിക്കുന്ന സ്പെഷ്യല്‍ സര്‍വ്വീസുകളും ഇത്തവണയില്ലെന്നാണ് സൂചന. ശബരിമലപ്പാതയില്‍ ചെങ്ങന്നൂര്‍-പുത്തന്‍കാവ് പാലത്തിന്റെ പണി പൂര്‍ത്തിയാകാത്തത് ഗതാഗതക്കുരുക്കിനു കാരണമാകും. മണ്ഡലകാലം തീരും മുന്‍പേ പണികള്‍ പൂര്‍ത്തിയാകുമെന്നു മന്ത്രി പ്രഖ്യാപിച്ചിരുന്നു. വണ്‍വേ സംവിധാനത്തില്‍ ഐടിഐ ജങ്ഷനില്‍നിന്നു പുത്തന്കാവുവഴി ബസ് റൂട്ട് പുനഃക്രമീകരിക്കണമെന്നാണ് കെഎസ്ആര്‍ടിസി അധികൃതരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: