തിരുവനന്തപുരം : പുരാവസ്തു തട്ടിപ്പ് കേസില്‍ പ്രതിയായ മോന്സന് മാവുങ്കലുമായി ഐജി ജി. ലക്ഷ്മണയ്ക്ക് ബന്ധമുള്ളതായി തെളിവുകള്‍. മോന്‍സന്റെ പുരാവസ്തു തട്ടിപ്പ് കേസില്‍ ലക്ഷ്മണ ഇടനിലക്കാരന് ആയെന്നും കണ്ടെത്തലിനെ തുടര്‍ന്ന് അന്വേഷണ വിധേയമായി ഐജിയെ സസ്പെന്‍ഡ് ചെയ്തു. സസ്പെന്ഷന് ഉത്തരവില്‍ ചൊവ്വാഴ്ച രാത്രി മുഖ്യമന്ത്രി ഒപ്പിട്ടു.
മോന്‍സനെതിരേ ചേര്‍ത്തല പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത് വീണ്ടും ലോക്കല്‍ പോലീസിനുതന്നെ കൈമാറുന്നതിനായി ലക്ഷ്മണ് ഇടപെട്ടതിന്റെ രേഖകള്‍ പുറത്തുവന്നിരുന്നു. കേസുകള്‍ ഒതുക്കാനും ഐജിയുടെ സഹായം കിട്ടിയെന്ന് മോന്സന് അവകാശപ്പെടുന്ന വീഡിയോ, ഓഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. മോന്‍സനെതിരായ കേസുകള്‍ അട്ടിമറിക്കാന്‍ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. ഔദ്യോഗിക വാഹനത്തില്‍ പലതവണ തിരുവനന്തപുരത്ത് നിന്ന് ഐജി ലക്ഷ്മണ മോന്‍സന്റെ വസതിയില്‍ എത്തി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
ഇത് കൂടാതെ പുരാവസ്തു ഇടപാടിന് ആന്ധ്രാ സ്വദേശിനിയെ മോന്സന് പരിചയപ്പെടുത്തിക്കൊടുത്തത് ലക്ഷ്മണയാണ്. മോന്‍സന്റെ കൈവശം ഉള്ള അപൂര്‍വ്വ മത്സ്യങ്ങളുടെ സ്റ്റഫ്, മുതലയുടെ തലയോട്, അടക്കം ഇടനിലക്കാരി വഴി വില്‍പ്പന നടത്താന്‍ പദ്ധതി ഇട്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഐജി ലക്ഷ്മണയുടെ നേതൃത്വത്തില്‍ തിരുവനതപുരം പോലീസ് ക്ലബ്ബില്‍ ഇടനിലക്കാരിയും മോന്‍സനും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ആഗസ്റ്റ് 5നായിരുന്നു കൂടിക്കാഴ്ച. പോലീസ് ക്ലബ്ബില്‍ ഐ ജി ആവശ്യപ്പെട്ടത് പ്രകാരം മോന്‍സന്റെ വീട്ടില്‍ നിന്ന് പുരാവസ്തുക്കള്‍ എത്തിച്ചു.
ഐജിയുടെ നിര്‍ദ്ദേശ പ്രകാരം പോലീസ് ഉദ്യോഗസ്ഥന് ആണ് ഇത് കൊണ്ട് പോയത്. ഇടപാടിന് മുന്‍പ് പുരാവസ്തുക്കളുടെ ചിത്രം മോന്‍സന്റെ ജീവനക്കാര്‍ ഇടനിലക്കാരിക്ക് അയച്ചു കൊടുത്തതായും വ്യക്തമായിട്ടുണ്ട്. ഇടപാടുകളുടെ വാട്സ്ആപ് ചാറ്റുകള്‍ പുറത്ത് ആയിട്ടുണ്ട്.
ഐജി ലക്ഷ്മണയുടെ മൂന്ന് പിഎസ്ഒ മാര്‍ക്കെതിരെയും തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. മോന്സന് മാവുങ്കല്ലിനെ സഹായിച്ചതിന് ഐജി ലക്ഷമണക്കെതിരെ ക്രൈംബ്രാഞ്ച് നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ലക്ഷമണയ്ക്ക് എതിരായ അന്വേഷണ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് മുഖ്യമന്ത്രിക്കും സമര്‍പ്പിച്ചിട്ടുണ്ട്. മോന്സന് മാവുങ്കല്ലിനെ കൂടാതെ സാമ്പത്തിക തട്ടിപ്പ് നടത്തിയ വേറെയും ചിലരെ ഐജി ലക്ഷമണ സഹായിച്ചുവെന്ന് പരാതിയുള്ളതായി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നുണ്ട്.
നിലവില്‍ ട്രാഫിക് ചുമതലയുള്ള ഐജിയാണ് ലക്ഷമണ. കഴിഞ്ഞ മാസം ഡിജിപി അനില്‍ കാന്തും ഐജി ലക്ഷമണയ്ക്ക് എതിരെ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മോന്സന് മാവുങ്കലിന്റെ മുന്‍ ഡ്രൈവര്‍ അജിത്ത് നല്കിയ ഹര്‍ജിയിലാണ് ഡിജിപി സത്യവാങ്മൂലം നല്‍കിയത്. മോന്‍സനെതിരെ പത്ത് കേസുകളാണ് സംസ്ഥാന പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: