അബുദാബി: കുട്ടി ക്രിക്കറ്റ് പൂരത്തിന്റെ ഫൈനലില്‍ ആദ്യം സ്ഥാനം പിടിക്കുക ആരായിരിക്കും. ഓയിന്‍ മോര്‍ഗന്റെ ഇംഗ്ലണ്ടോ അതോ കെയ്ന്‍ വില്യംസണിന്റെ കിവീകളോ. ടി 20 ലോകകപ്പിന്റെ കലാശപ്പോരാട്ടത്തില്‍ കണ്ണുംനട്ട് ഇംഗ്ലണ്ടും ന്യൂസിലന്‍ഡും ഇന്ന് ആദ്യ സെമിയില്‍ ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം രാത്രി 7.30 ന് കളി തുടങ്ങും. സ്റ്റാര്‍ സ്പോര്‍ട്സില്‍ തത്സമയം കാണാം.
ലോകകപ്പ് തുടങ്ങും മുമ്പേ കിരീട സാധ്യത കല്‍പ്പിക്കപ്പെട്ട ടീമുകളിലൊന്നാണ് ഇംഗ്ലണ്ട്. സൂപ്പര്‍ പന്ത്രണ്ടില്‍ ചാമ്പ്യന്മാരുടെ കളി പുറത്തെടുത്ത ഇംഗ്ലണ്ട് തുടര്‍ച്ചയായി നാലു മത്സരങ്ങളില്‍ വിജയക്കൊടി പാറിച്ചു. എന്നാല്‍ അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റത് പക്ഷെ ക്ഷീണമായി. ഈ തോല്‍വിയുടെ ക്ഷീണവുമായാണ് ഇംഗ്ലണ്ട്് സെമിഫൈനലിനിറങ്ങുന്നത്. അടിപൊളി ബാറ്റ്സ്മാനായ ഓപ്പണര്‍ ജേസണ്‍ റോയ് പരിക്ക് മൂലം ലോകകപ്പില്‍ നിന്ന് പുറത്തായത് ഇംഗ്ലണ്ടിന് തിരിച്ചടിയാണ്.
ജേസണ്‍ റോയിയുടെ അഭാവം ഇംഗ്ലണ്ടിന്റെ പ്രകടനത്തെ ബാധിച്ചേക്കും. കാരണം സൂപ്പര്‍ പന്ത്രണ്ട് മത്സരങ്ങളില്‍ ജോസ് ബട്ലര്ക്കൊപ്പം ഇംഗ്ലണ്ടിന് മികച്ച തുടക്കം സമ്മാനിച്ച ബാറ്റ്സ്മാനാണ് ജേസണ്‍ റോയ്. റോയ് പുറത്തായ സാഹചര്യത്തില്‍ ജോണി ബെയ്ര്‍സ്റ്റോയെ പ്രമോട്ട്് ചെയ്ത് ഓപ്പണറാക്കിയേക്കും. മിക്കവാറും സാം ബില്ലിങ്സ് അവസാന ടീമിലെത്തും. മധ്യനിരയില്‍ ബാറ്റും ചെയ്യും.
ബൗളിങ്ങ് ഡിപ്പാര്‍ട്ട്മെന്റിലും ഇംഗ്ലണ്ടിന് പ്രശ്നമുണ്ട്്. ഡെത്ത് ഓവറുകളില്‍ മികവ് കാട്ടുന്ന പേസര്‍ ടൈമല്‍ മില്‍സും പരിക്ക് മൂലം കളിക്കില്ല. മറ്റൊരു പേസറായ മാര്‍ക്ക് വുഡിന് വേഗത്തില്‍ പന്തെറിയാന്‍ സാധിക്കുമെങ്കിലും മില്സിനെപ്പോലെ പന്ത് സിംങ് ചെയ്യാനാറിയില്ല. ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വിട്ടുകൊടുത്ത ബൗളറാണ് മാര്‍ക്ക് വുഡ്. അതേസമയം, സ്പിന്നര്‍മാരായ മൊയിന്‍ അലിയും ആദില്‍ റഷീദും മികച്ച ഫോമിലാണ്. പവര്‍പ്ലേയിലും മിഡില്‍ ഓവറുകളിലും വിക്കറ്റ്് വീഴ്ത്താനുള്ള തയ്യാറെടുപ്പിലാണ് ഇരുവരും.
ഐസിസി ടൂര്‍ണമെന്റുകളില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവച്ചുവരുന്ന ടീമാണ് കെയ്ന്‍ വില്യംസണ് ക്യാപ്റ്റനായ ന്യൂസിലന്‍ഡ്. ഐസിസി ലോക ടെസ്റ്റ്് ചാമ്പ്യന്‍ഷിപ്പില്‍ അവര്‍ ഇന്ത്യയെ തകര്‍ത്ത്് കിരീടം ചൂടിയിരുന്നു. ഈ ലോകകപ്പിലെ സൂപ്പര്‍ 12 ല്‍ പാകിസ്ഥാനോട് മാത്രമാണ് അവര്‍ തോറ്റത്. ശക്തരായ ഇന്ത്യയെ അവര്‍ മറികടന്നു. ബൗളിങ് ഡിപ്പാര്‍ട്ട്മെന്റാണ് അവരുടെ കരുത്ത്. പേസ് ബൗളിങ്ങില്‍ ട്രെന്‍ഡ് ബോള്‍ട്ടും ടിം സൗത്തിയും സ്പിന്നില്‍ ഇഷ് സോധിയും മിച്ചല്‍ സാന്ററുമാണ് ശക്തി കേന്ദ്രങ്ങള്‍. ഇന്ത്യയുടെ ശക്തമായ ബാറ്റിങ് നിരയെ അവര്‍ 111 റണ്‍സിലൊതുക്കി നിര്‍ത്തിയിരുന്നു. അഫ്ഗാനിസ്ഥാനെ 125 റണ്‍സില്‍ പിടിച്ചുകെട്ടുകയും ചെയ്തു.
ന്യൂസിലന്‍ഡ് ബാറ്റ്സ്മാന്മാരും ഈ ടൂര്‍ണമെന്റില്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചുവരുന്നത്. ഓപ്പണര്‍മാരായ മാര്ട്ടിന് ഗുപ്റ്റിലും ഡാറില്‍ മിച്ചലും മിന്നുന്ന ഫോമിലാണ്. കെയ്ന്‍ വില്യംസണ് അഫ്ഗാനിസ്ഥാനെതിരായ അവസാന മത്സരത്തില്‍ തിളങ്ങിയിരുന്നു. ഇംഗ്ലണ്ടിനെതിരായ സെമിയിലും മികവ് ആവര്‍ത്തിക്കാനുള്ള ഒരുക്കത്തിലാണ് ന്യൂസിലന്‍ഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: