മുംബൈ: 1993ലെ മുംബൈ സ്ഫോടനവുമായി ബന്ധപ്പെട്ടുള്ള പ്രതികളുമായി മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിന് ബന്ധമുണ്ടെന്ന് മഹാരാഷ്ട്രയിലെ മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ്. ദീപാവലിക്ക് ശേഷം താന്‍ നവാബ് മാലിക്കിനെക്കുറിച്ച് ഒരു ബോംബ് പൊട്ടിക്കുമെന്ന് ഫഡ്നാവിസ് നേരത്തെ സൂചിപ്പിച്ചിരുന്നു. അതാണ് ചൊവ്വാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ട ഈ ആരോപണമെന്ന് കരുതുന്നു.
1993ലെ സ്ഫോടനക്കേസിലെ പ്രതികളില്‍ നിന്നും നവാബ് മാലിക് ഭൂമി വാങ്ങിയിട്ടുണ്ടെന്നും വിപണി വിലയേക്കാള്‍ എത്ര കുറഞ്ഞ വിലയ്ക്കാണ് ഭൂമി വാങ്ങിയതെന്നും ഫഡ്നാവിസ് പറഞ്ഞു. ടാഡ നിയമപ്രകാരം കണ്ണായ ഇടങ്ങളിലെ ഈ ഭൂമി കണ്ടുകെട്ടാതിരിക്കാനാണോ ഈ നിഗൂഢ ഇടപാടെന്ന് സംശയിക്കുന്നതായും ഫഡ്നാവിസ് പറഞ്ഞു. 1993ലെ മുംബൈ സ്ഫോടനക്കേസിലെ പ്രതികളായ സലിം പട്ടേല്‍, സര്‍ദാര്‍ ഷഹാബ് അലി ഖാന് എന്നിവരുമായാണ് ഭൂമി ഇടപാട് നടത്തിയത്. 2003നും 2005നും ഇടയിലാണ് ഈ ഭൂമിക്കച്ചവടം നടത്തിയതെന്നും ഫഡ്നാവിസ് പറഞ്ഞു.
ഈ പ്രതികളുമായി നവാബ് മാലിക്കിന്റെ മകന് സാമ്പത്തികഇടപാട് നടത്തിയിട്ടുണ്ടെന്നും ഫഡ്നാവിസ് ആരോപിച്ചു. 1993ല്‍ മുംബൈ നഗരത്തെ നടക്കിയാണ് സ്ഫോടനപരമ്പരകള്‍ അരങ്ങേറിയത്. ദാവൂദ് ഇബ്രാഹിമാണ് ഈ സ്ഫോടനപരമ്പരയ്ക്ക് പിന്നിലെന്ന് കരുതുന്നു. 257 പേര് കൊല്ലപ്പെടുകയും 1400 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മുഖ്യസൂത്രധാരന്‍ യാക്കൂബ് മേമന് വധശിക്ഷയാണ് കോടതി നല്‍കിയത്.ഈ കേസിലെ മുഖ്യപ്രതികളായ ദാവൂദ് ഇബ്രാഹിമിനെയും ടൈഗര്‍ മേമനെയം പിടികിട്ടാനുണ്ട്. ഇരുവരും ഇന്ത്യ വിട്ട് ഒളിവില്‍ക്കഴിയുകയാണ്. ഇതോടെയാണ് തീവ്രവാദത്തിന്റെ സ്പോണ്‍സറാണ് പാകിസ്ഥാന് എന്ന ആരോപണം ആദ്യമായി ഉയര്‍ന്നു തുടങ്ങിയത്.
സലിം പട്ടേലും ദാവൂദ് ഇബ്രാഹിമിന്റെ സഹോദരി ഹസീന പാര്‍ക്കറും ഭൂമി തട്ടിയെടുക്കുന്നതിന് ഒരു ഗൂഢസംഘത്തെ പ്രവര്‍ത്തിപ്പിച്ചിരുന്നു. ഇങ്ങിനെ പിടിച്ചെടുക്കുന്ന ഭൂമിയുടെ വില്പനാധികാരം സലിം പട്ടേലിന്റെ പേരിലായിരുന്നു. ചതുരശ്രയടിക്ക് 25 രൂപ നിരക്കില്‍ ഈ ഭൂമി വാങ്ങിയതായാണ് നവാബ് മാലിക്ക് രേഖകളില്‍ കാണിച്ചിരിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ വാങ്ങിയത് ചതുരശ്രയടിക്ക് വെറും 15 രൂപ നിരക്കിലാണ്. എന്നാല്‍ ഈ ഭൂമിയുടെ യഥാര്‍ത്ഥവില ചതുരശ്രയടിക്ക് 2053 രൂപയാണ്. ഈ ഭൂമി വാങ്ങിയവര്‍ ഒപ്പുവെച്ചിട്ടുള്ളതില്‍ ഫറസ് മാലിക്കുമുണ്ട്. ഇദ്ദേഹം നവാബ് മാലിക്കിന്റെ മകനാണ്.- ഫഡ്നാവിസ് വിശദമാക്കി. ഇവര്‍ വാങ്ങിയ മൂന്നേക്കര്‍ ഭൂമിയുടെ വില 30 ലക്ഷമാണെങ്കിലും വാങ്ങിയത് 20 ലക്ഷത്തിനാണ്. ഈ തുക സലിം പട്ടേലിന്റെയും എസ്എ ഖാന്റെയും അക്കൗണ്ടുകളിലേക്ക് പോയി. ബോംബെ സ്ഫോടനത്തിലെ പ്രതികളുടെ ഭൂമി സംരക്ഷിക്കാനുള്ളതായിരുന്നു ഈ ഇടപാടെന്നും ഫഡ്നാവിസ് ആരോപിച്ചു.
ഈ ഭൂമിയിടപാട് സംബന്ധിച്ച ഏല്ലാ രേഖകളും ബന്ധപ്പെട്ട അധികൃതര്‍ക്ക് കാണിക്കും. എന്‍സിപി മേധാവി ശരത് പവാറിനും ഈ രേഖകള്‍ അയച്ചുകൊടുക്കും. തന്റെ മന്ത്രിമാര്‍ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് തുറന്നുകാണിക്കാനാണിത്.- ഫഡ്നാവിസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: