തിരുവനന്തപുരം : തമിഴ്നാട്, കേരള പ്രതിനിധികള്‍ മുല്ലപ്പെരിയാര്‍ സന്ദര്‍ശനം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് മരം മുറിക്കലുമായി ബന്ധപ്പെട്ട് ഉത്തരവിലേക്ക് എത്തിയതെന്ന് റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥ വൃത്തങ്ങള്‍ ഉന്നതതല യോഗം ചേര്‍ന്നാണ് മരംമുറിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആദ്യം പ്രതികരിച്ചത്. ഈ വാദമാണ് ഇപ്പോള്‍ പൊളിയുന്നത്.
ഈവര്‍ഷം ജൂണ്‍ 11 നാണ് കേരള, തമിഴ്നാട് പ്രതിനിധികള്‍ മുല്ലപ്പെരിയാര്‍ ഡാം സന്ദര്‍ശിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ 15 മരങ്ങള്‍ മുറിച്ചു നീക്കാനും ഈ സമിതി കണ്ടെത്തുകയായിരുന്നു. മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി അധ്യക്ഷന്‍ കേന്ദ്ര ജലവിഭവ സെക്രട്ടറിക്ക് ഇതുമായി ബന്ധപ്പെട്ട് അയച്ച കത്തിലാണ് വിവരങ്ങള്‍ ഉള്ളത്.
ബേബി ഡാം ബലപ്പെടുത്തുന്നതിന് മരം മുറിക്കാനുള്ള ഉത്തരവ് ഇറക്കിയത് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ആണെന്നാണ് വിവാദങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കിയത്. അതേസമയം വിഷയത്തില്‍ മുഖ്യമന്ത്രി ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. വിവാദ ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ നിയമസഭയില്‍ പ്രതിപക്ഷം വിഷയം ഉയര്‍ത്തിയെങ്കിലും മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്.
തമിഴ്നാട്ടിലെ സിപിഎം താത്പര്യം സംരക്ഷിക്കാന്‍ വേണ്ടിയാണ് കേരളം ഈ ഉത്തരവ് ഇറക്കിയതെന്ന് കെ. ബാബു എംഎല്‍എ നിയമസഭയില്‍ ആരോപിച്ചു. സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് ചിലവിനായി ഡിഎംകെ 10 കോടി രൂപ നല്‍കിയിട്ടുണ്ട്. ഉദ്യോഗസ്ഥരെ ബലിയാടാക്കി കൈ കഴുകാനുള്ള ശ്രമമാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത്.
കേരളത്തെ വെള്ളരിക്ക പട്ടണമാക്കുകയാണ്. സംയുക്ത പരിശോധനയുമായി ബന്ധപ്പെട്ട് വനം മന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു. സംസ്ഥാന സര്‍ക്കാര്‍ രാജി വച്ചൊഴിയണം. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കെ. ബാബു ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: