കഴിഞ്ഞ ദിവസത്തെ പത്മ പുരസ്‌കാരദാന ചടങ്ങിലെ പല വികാരനിര്‍ഭരമായ നിമിഷങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. അര്‍ഹിച്ച കൈകളില്‍ പുരസ്‌കാരങ്ങള്‍ എത്തിയതിലെ സന്തോഷത്തില്‍ ചടങ്ങിലെ മിക്ക ചിത്രങ്ങളും വീഡിയോകളും ഒരുപാടു പേര്‍ ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും പങ്കു വെച്ചിരുന്നു. ഇത്തരത്തില്‍ ഒരു ചിത്രംകൂടി ഇപ്പോള്‍ വൈറലാവുകയാണ്.
പത്മശ്രീ ലഭിച്ച തുളസി ഗൗഡയുടെ ചിത്രമാണത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും തുളസി ഗൗഡയെ കൂപ്പുകൈകളോടെ അഭിവാദ്യം ചെയ്യുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമത്തില്‍ നിറയുന്നത്. പത്മ പുരസ്‌കാരം നേടിയ 119 ജേതാക്കളുടെ പട്ടികയിലാണ് 72 വയസ്സുകാരിയായ തുളസി ഗൗഡയും ഇടം പിടിച്ചത്. ഇമേജ് ഓഫ് ദി ഡേ എന്ന തലക്കെട്ടോടെയാണ് ചിത്രം ഏവരും പങ്കു വയ്‌ക്കുന്നത്. മോദിയുമായി സംസാരിക്കുന്ന തുളസി ഗൗഡയുടെ മറ്റൊരു ചിത്രവും വൈറലാണ്.
കഴിഞ്ഞ അറുപതു വര്‍ഷമായി പ്രകൃതിക്കു വേണ്ടി സമര്‍പ്പിച്ച ജീവിതമാണ് തുളസി ഗൗഡയുടേത്. ഈ കാലയളവിലത്രയും അവര്‍ വൃക്ഷത്തൈകള്‍ വച്ചു പിടിപ്പിക്കുന്നതിലും അവയെ പരിപാലിക്കുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഏകദേശം നാല്പതിനായിരത്തിലധികം വൃക്ഷത്തൈകളാണ് തുളസി ഗൗഡ നട്ടുവളര്‍ത്തിയത്. ഇതു കൂടാതെ കാടിനെക്കുറിച്ചും വിവിധയിനം സസ്യങ്ങളെക്കുറിച്ചുമുള്ള അറിവുകള്‍ അവര്‍ മറ്റുള്ളവരിലേക്കും പകര്‍ന്നുനല്‍കിയിരുന്നു. ചെടികള്‍ വളരാന്‍ എടുക്കുന്ന സമയം, ആവശ്യമായ വെള്ളത്തിന്റെ അളവ്, അനുയോജ്യമായ കാലാവസ്ഥ എന്നിങ്ങനെ എല്ലാ കാര്യങ്ങളെക്കുറിച്ചും കൃത്യമായ അറിവ് അവര്‍ക്കുണ്ട്.
വനംവകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്ന വനവത്കരണ പരിപാടിയില്‍ തുളസിഗൗഡ സജീവ സാന്നിധ്യമായിരുന്നു. തുളസി ഗൗഡയുടെ സേവനവും പ്രകൃതിയോടുള്ള ആത്മാര്‍ഥതയും തിരിച്ചറിഞ്ഞ വനംവകുപ്പ് തുളസിക്ക് സ്ഥിരനിയമനം നല്‍കുകയുണ്ടായി. 14 വര്‍ഷം വനംവകുപ്പില്‍ സേവനമനുഷ്ഠിച്ച തുളസി ഗൗഡയ്‌ക്ക് പെന്‍ഷന്‍ തുകയാണ് ആകെയുള്ള ഉപജീവനമാര്‍ഗ്ഗം. പിന്നാക്ക സമുദായത്തില്‍ ജനിച്ച തുളസിക്ക് ചെറുപ്പത്തില്‍ തന്നെ അച്ഛനെ നഷ്ടപ്പെട്ടു. തുടര്‍ന്ന് അമ്മയോടൊപ്പം തൊഴില്‍ ചെയ്താണഅ ജീവിച്ചത്. ‘കാടിന്റെ സര്‍വവിജ്ഞാന കോശം’ എന്നാണ് തുളസി ഗൗഡ അറിയപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: